ടോക്കിയോ: ലോകാവസാനവും മൂന്നാം ലോകമഹായുദ്ധവും പ്രവചിച്ച് ജപ്പാനില്‍ വിഷപ്രയോഗം നടത്താന്‍ പദ്ധതിയിട്ട സംഘത്തിലെ തലവന്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് വധശിക്ഷ. കുറ്റം തെളിഞ്ഞ് 24 വര്‍ഷത്തിനു ശേഷമാണ് വധശിക്ഷ വിധിക്കുന്നത്.
ജപ്പാനിലെ ഷോക്കോ അസഹാരയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഓം ഷിന്റിക്യോ പ്രസ്ഥാനത്തിലെ ഏഴുപേരെയാണ് സര്‍ക്കാര്‍ തൂക്കിലേറ്റിയത്. ടോക്കിയോയിലെ ഭൂഗര്‍ഭ റെയില്‍പാതയില്‍ നടത്തിയ വിഷവാതക പ്രയോഗത്തില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ശിക്ഷ.
സെരിന്‍ എന്ന മാരകവിഷത്തിന്റെ പ്രയോഗം അന്ന് അയ്യായിരത്തിലേറെ പേരുടെ കാഴ്ച നഷ്ടപ്പെടുത്തി. പലര്‍ക്കും മാറാവ്യാധികള്‍ പിടിപെട്ടു. നാസികള്‍ ജൂതന്മാരെ കൊന്നൊടുക്കാന്‍ വികസിപ്പിച്ചെടുത്തതാണ് സെരിന്‍ വിഷവാതകം.
Read: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് 10 വര്‍ഷം തടവ്
ലോകാവസാനം അടിസ്ഥാനമാക്കി 1984ല്‍ അസഹാര രൂപം കൊടുത്തതാണ് ഓം ഷിന്റിക്യോ പ്രസ്ഥാനം. ചിസുവോ മത്സുമോട്ടോ എന്നായിരുന്നു ഇയാളുടെ യഥാര്‍ഥ പേര്. ജപ്പാനില്‍ പ്രത്യേക മത വിഭാഗമായി അംഗീകാരം നേടിയ ഓം ഷിന്റിക്യോ 1997ല്‍ ലോകം ഇല്ലാതാവുമെന്ന് പ്രവചിച്ചാണ് ജനശ്രദ്ധ നേടുന്നത്.
അസഹാരയുടെ പ്രധാന പ്രചാരണങ്ങളിലൊന്ന് യു.എസ് വീണ്ടും ജപ്പാനെ ആക്രമിക്കുമെന്നായിരുന്നു. 2006ലേക്ക് ഭാവികാലയാത്ര നടത്തിയാണ് താന്‍ ഇക്കാര്യം കണ്ടെത്തിയതെന്നും അയാള്‍ അണികളോടു പറഞ്ഞു.
അങ്ങനെ മൂന്നാം ലോകമഹായുദ്ധം തനിക്കു നേരിട്ട് അനുഭവിക്കാനായെന്നും അസഹാര പറഞ്ഞു ഫലിപ്പിച്ചു. ഈ പ്രചാരണങ്ങള്‍ തെളിയിക്കാനായിരുന്നു ഇയാള്‍ ജപ്പാനില്‍ വിഷം പ്രയോഗിച്ചത്.
ആദ്യപടിയായി 10000 ആളുകളെ കൊന്നൊടുക്കുകയായിരുന്നു ലക്ഷ്യം. 1995 മാര്‍ച്ച് 20നാണ് ജപ്പാനിലെ ഭൂഗര്‍ഭ പാതയില്‍ വിഷവാതകം പ്രയോഗിച്ചത്. റെയില്‍പാതയില്‍ രാവിലെയെത്തുന്ന അഞ്ച് ട്രെയിനുകളില്‍ ശീതള പാനീയമെന്ന വ്യാജേനയാണ് വിഷവാതക കണ്ടെയ്നറുകള്‍ സൂക്ഷിച്ചിരുന്നത്.
തിരക്കേറിയ സമയത്തായിരുന്നു ആക്രമണം. മൂന്നു റെയില്‍വേ ലൈനുകളില്‍ ഒരേസമയം വിഷവാതക പ്രയോഗം നടന്നു. മെയ് 17ന് ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. ഇയാളുടേയും കൂട്ടരുടേയും വധശിക്ഷ 2006ല്‍ സുപ്രീം കോടതി ശരിവച്ചു.
രണ്ടു ദശാബ്ദക്കാലത്തോളം വിചാരണ നീണ്ടു. ആറു പേരുടെ വധശിക്ഷ കൂടി നടപ്പാക്കാനുണ്ട്. ജനുവരിയിലായിരുന്നു വിചാരണയുടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയത്.
Read: നെയ്മര്‍ അഭിനേതാവല്ല മികച്ച താരമാണ്; റൊമേലു ലുക്കാക്കു
ജപ്പാനിലും വിദേശത്തുമായി പതിനായിരത്തോളം ആരാധകരുണ്ടായിരുന്നു അസഹാരയ്ക്ക്. ഇവരില്‍ ചിലരാകട്ടെ ജപ്പാനിലെ വന്‍കിട സര്‍വകലാശാലകളില്‍ നിന്ന് ഉന്നതപഠനം പൂര്‍ത്തിയാക്കിയവരായിരുന്നു.
മൗണ്ട് ഫ്യുജിയുടെ താഴ്വരയില്‍ അസഹാര സ്ഥാപിച്ച കെട്ടിടത്തില്‍ ഒരു പ്രത്യേക സമൂഹമായിട്ടായിരുന്നു ശിഷ്യര്‍ ജീവിച്ചിരുന്നത്. ബുദ്ധഹിന്ദുമത സംഹിതകള്‍ ചേര്‍ത്തായിരുന്നു മത പാഠങ്ങള്‍ ശിഷ്യരെ ഇയാള്‍ പഠിപ്പിച്ചിരുന്നത്.
ശരീരത്തില്‍ പീഡനമേല്‍പിച്ച് ആത്മസംതൃപ്തി കണ്ടെത്തുന്ന രീതിയിലുള്ള മതചിന്തകളും അസ്ഹാര പ്രയോഗത്തില്‍ വരുത്തി. 15 പേരുടെ മരണത്തിനിടയാക്കിയ മറ്റു പല കൂട്ടക്കുരുതികളിലും ഷോക്കോ അസഹാര കുറ്റക്കാരനായിരുന്നു.
ഇയാളുടെയും സംഘത്തിന്റെയും വധശിക്ഷ നടപ്പാക്കിയതില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആശ്വാസം പ്രകടിപ്പിച്ചു. ശരിയായ തീരുമാനമായിരുന്നു ഇതെന്ന് കൊല്ലപ്പെട്ടവരിലൊരാളുടെ ഭാര്യ ഷിസുവെ തകാഹാഷി പറഞ്ഞു.
സെരിന്‍ നിറച്ച കണ്ടെയ്‌നറുകളിലൊന്ന് മാറ്റുന്നതിനിടെയാണ് ഭൂഗര്‍ഭ പാതയിലെ ജീവനക്കാരനായ ഷിസുവെയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടത്. ജപ്പാനില്‍ അപൂര്‍വമായി മാത്രമേ വധശിക്ഷ നടപ്പാക്കാറുള്ളൂ.