കാനഡ: ഇംഗ്ലണ്ട് പ്രതിരോധ താരം ലോറ ബാസെറ്റ്‌സ് അടിച്ച സെല്‍ഫ് ഗോളിന്റെ കരുത്തില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ ജപ്പാന്‍ വനിതാ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. ഇരു ടീമുകളും ഓരോ ഗോളടിച്ച് മത്സരിച്ച് നില്‍ക്കുമ്പോള്‍ ഇഞ്ചുറി ടൈമിന്റെ അവസാനം 92ാം മിനുട്ടിലാണ് ലോറ ബാസെറ്റ്‌സ് സ്വന്തം പോസ്റ്റിലേക്ക് അബദ്ധത്തില്‍ പന്തടിച്ച് കയറ്റിയത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ തങ്ങള്‍ക്ക് ലഭിച്ച പെനാല്‍റ്റി കിക്കുകള്‍ ഗോളാക്കി മാറ്റിയാണ് ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തിയിരുന്നത്. 33ാം മിനുട്ടില്‍ മത്സരത്തിന്റെ ജപ്പാന്റെ അയാന്‍ മിയാമയാണ് ആദ്യമായി സ്‌കോര്‍ ചെയ്തത്. 40ാം മിനുട്ടില്‍ ഫറ വില്യംസാണ് ഇംഗ്ലണ്ടിന്റെ സമ നില ഗോള്‍ നേടിയത്.
മത്സരത്തില്‍ പരാജയപ്പെട്ടതോടെ ആദ്യമായി വനിതാ ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കാമെന്ന ഇംഗ്ലണ്ട്് ടീമിന്റെ മോഹങ്ങളാണ് ഇല്ലാതായത്. 1966ല്‍ ഇംഗ്ലണ്ടിന്റെ പുരുഷ ടീം മാത്രമാണ് ഇത് വരെ ലോകകപ്പ് നേടിയിട്ടുള്ളത്.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അമേരിക്കയെയാണ് ജപ്പാന് നേരിടേണ്ടി വരിക. ലോക ഒന്നാം റാങ്കുകാരായ ജര്‍മനിയെ തകര്‍ത്ത് അമേരിക്ക ഫൈനലില്‍ പ്രവേശിച്ചത്.