2024 ഒളിമ്പിക്‌സിലെ വിമണ്‍സ് ഫുട്‌ബോളില്‍ ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ബ്രസീലിന് തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ജപ്പാന്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കാനറി പടയെ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തില്‍ നൈജീരിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായി ഇറങ്ങിയ ബ്രസീല്‍ ജപ്പാന് മുന്നില്‍ വീഴുകയായിരുന്നു.
മത്സരത്തില്‍ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം എക്‌സ്ട്രാ ടൈമില്‍ രണ്ട് ഗോളുകള്‍ നേടിക്കൊണ്ട് ജപ്പാന്‍ ശക്തമായി മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതി തുടങ്ങി പത്ത് മിനിട്ടുകള്‍ ആയപ്പോഴേക്കും ബ്രസീല്‍ ലീഡ് നേടുകയായിരുന്നു. 56ാം മിനിട്ടില്‍ ജെനിഫറിലൂടെയാണ് ബ്രസീല്‍ ഗോള്‍ നേടിയത്.
മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ വിജയം ഉറപ്പിച്ച ബ്രസീലിനെ ഞെട്ടിച്ചു കൊണ്ടാണ് ജപ്പാന്‍ തിരിച്ചടിച്ചത്. 90+2 മിനിട്ടില്‍ കുമഗൈയിലൂടെയാണ് ജപ്പാന്‍ ആദ്യ ഗോള്‍ നേടിയത്. ജപ്പാന് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തില്‍ എത്തിച്ചു കൊണ്ടായിരുന്നു താരം ഗോള്‍ നേടിയത്.
പിന്നീട് നാല് മിനിട്ടുകള്‍ക്ക് ശേഷം തനിക്കാവയിലൂടെ ജപ്പാന്‍ വിജയഗോള്‍ നേടുകയായിരുന്നു. ബ്രസീലിന്റെ പെനാല്‍റ്റി ബോക്‌സിനു പുറത്തുനിന്നും ഒരു തകര്‍പ്പന്‍ ലോങ്ങ് റേഞ്ചിലൂടെ താരം ലക്ഷ്യം കാണുകയായിരുന്നു.
ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്നും ഒരു വിജയവും തോല്‍വിയും അടക്കം മൂന്നു പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ജപ്പാന്‍. ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും ഇതേ പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ബ്രസീല്‍.
ഗോളടിച്ച കണക്കുകള്‍ പ്രകാരം ജപ്പാന്‍ ബ്രസീലിനേക്കാള്‍ ഒരു ഗോളിന് മുന്നില്‍ ആയതുകൊണ്ടാണ് ജപ്പാന്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത്. രണ്ടു മത്സരങ്ങളും വിജയിച്ചുകൊണ്ട് ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്ത് സ്‌പെയ്‌നുമാണ് ഉള്ളത്.
ജൂലൈ 31ന് സ്പാനിഷ് പടക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ നൈജീരിയയാണ് ജപ്പാന്റെ എതിരാളികള്‍.
Content Highlight: Japan Beat Brazil in Paris Olympics 2024