| Thursday, 16th June 2022, 1:51 pm

നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാനും ഉത്തരകൊറിയയും; അംഗത്വത്തിന് അപേക്ഷിച്ച ഫിന്‍ലാന്‍ഡും സ്വീഡനും പ്രതിനിധികളെ അയക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ വെച്ച് ഈ മാസം നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിയില്‍ ജപ്പാനും പങ്കെടുക്കും. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഉച്ചകോടിയില്‍ പങ്കെടുക്കും.

നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ആദ്യത്തെ ജപ്പാന്‍ പ്രധാനമന്ത്രിയായിരിക്കും കിഷിദ. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന വിവരം പ്രധാനമന്ത്രി തന്നെ ബുധനാഴ്ച വ്യക്തമാക്കിയിട്ടുണ്ട്.

യൂറോപ്പിലും ഏഷ്യയിലുമായുള്ള സുരക്ഷാ ആശങ്കകളെ ഉച്ചകോടിയില്‍ എടുത്ത് പറയാനാണ് ഉദ്ദേശിക്കുന്നതെന്ന് ഫുമിയോ കിഷിദ പ്രതികരിച്ചു.

ജൂണ്‍ 28 മുതല്‍ 30 വരെയുള്ള തീയതികളിലാണ് 30 അംഗരാജ്യങ്ങളുള്ള നാറ്റോയുടെ ഉച്ചകോടി നടക്കുന്നത്. റഷ്യയുടെ ഉക്രൈന്‍ അധിനിവേശം നടന്ന് നാല് മാസം പിന്നിടുന്ന സാഹചര്യത്തില്‍ ഉച്ചകോടിക്ക് വലിയ പ്രാധാന്യമാണ് കല്‍പിക്കപ്പെടുന്നത്.

ദക്ഷിണ കൊറിയയുടെ തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രസിഡന്റ് യൂന്‍ സുക്- യോളും (Yoon Suk-yeol) ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാറ്റോ മീറ്റിങ്ങില്‍ പങ്കെടുക്കുന്ന ആദ്യത്തെ സൗത്ത് കൊറിയന്‍ ലീഡര്‍ കൂടിയായിരിക്കും യൂന്‍ സുക്- യോള്‍.

നാറ്റോയിലെ അംഗത്വത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കാനിരിക്കുന്ന ഫിന്‍ലാന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളും ഉച്ചകോടിയിലേക്ക് തങ്ങളുടെ പ്രതിനിധികളെ അയയ്ക്കും.

നാറ്റോ അംഗരാജ്യമല്ലെങ്കില്‍ പോലും അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. റഷ്യ- ഉക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം, മറ്റ് ജി7 രാജ്യങ്ങള്‍ക്കൊപ്പം ജപ്പാനും ഉക്രൈനെ പ്രതിരോധപരമായി സഹായിച്ചിരുന്നു. റഷ്യക്ക് മേല്‍ വിവിധ ഉപരോധങ്ങളും ജപ്പാന്‍ കൊണ്ടുവന്നിരുന്നു.

”ഇന്നത്തെ ഉക്രൈന്‍ നാളത്തെ കിഴക്കന്‍ ഏഷ്യ ആയിരിക്കുമെന്നുള്ള ശക്തമായ തോന്നല്‍ എനിക്കുണ്ട്,” എന്ന് നേരത്തെ കിഷിദ പറഞ്ഞിരുന്നു.

അതേസമയം, നാറ്റോയിലെ അംഗത്വത്തിന് വേണ്ടി അപേക്ഷിക്കാനുള്ള ഫിന്‍ലാന്‍ഡിന്റെയും സ്വീഡന്റെയും തീരുമാനത്തിനെതിരെ റഷ്യയുടെ ഭാഗത്ത് നിന്നടക്കം വലിയ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു.

നാറ്റോയില്‍ ചേരാനാണ് ഫിന്‍ലാന്‍ഡും സ്വീഡനും ലക്ഷ്യമിടുന്നതെങ്കില്‍ തിരിച്ചടിക്കുമെന്നും, റഷ്യയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നീക്കത്തിനെതിരെ സൈനികപരവും സാങ്കേതികപരവുമായ നടപടികള്‍ (military-technical steps) സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നുമായിരുന്നു റഷ്യ മുന്നറിയിപ്പ് നല്‍കിയത്.

ഫിന്‍ലാന്‍ഡ് നാറ്റോയുടെ ഭാഗമാകുന്നത് റഷ്യക്ക് ഭീഷണിയാണെന്നും ഇതിനെതിരെ നടപടിയെടുക്കുമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ദിമിത്രി പെസ്‌കോവ് ഫിന്‍ലാന്‍ഡിനും സ്വീഡനുമുള്ള മുന്നറിയിപ്പെന്നോണം പ്രതികരിച്ചിരുന്നു.

എന്നാല്‍ നാറ്റോ അംഗത്വത്തിന് അപേക്ഷിക്കുമെന്ന ഫിന്‍ലാന്‍ഡിന്റെ പ്രഖ്യാപനത്തെ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് സ്വാഗതം ചെയ്തിരുന്നു.

Content Highlight: Japan and South Korea to attend NATO summit for first time, Sweden and Finland will send delegations

We use cookies to give you the best possible experience. Learn more