Janta curfew
"ആ പാത്രം കൊട്ടിയതൊക്കെ മറക്കാന്‍ പറ്റ്വോ"?; ജനതാ കര്‍ഫ്യൂ എല്ലാ തലമുറയും ഓര്‍ത്തുവെക്കുമെന്ന് മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th March 2021, 11:36 am

ന്യൂദല്‍ഹി: 2020 ല്‍ കൊവിഡ് വ്യാപന സമയത്ത് രാജ്യത്തേര്‍പ്പെടുത്തിയ ജനതാ കര്‍ഫ്യൂ വരും തലമുറയും ഓര്‍മ്മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാതിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലോകത്തിന് മുഴുവന്‍ മാതൃകയാകാനും ജനതാ കര്‍ഫ്യൂവിന് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ മാര്‍ച്ചില്‍ ലോകത്തിന് മുഴുവന്‍ അച്ചടക്കത്തിന്റെ പാഠം പഠിപ്പിച്ച ജനതാ കര്‍ഫ്യൂവിന് നമ്മള്‍ സാക്ഷ്യം വഹിച്ചു. വരും തലമുറ ജനതാ കര്‍ഫ്യൂവും പാത്രം കൊട്ടി കൊറോണാ പോരാളികളെ രാജ്യം ആദരിച്ചതും ഓര്‍ക്കും,’ മോദി പറഞ്ഞു.

2020 മാര്‍ച്ച് 22ന് രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുമണിവരെയായിരുന്നു ജനത കര്‍ഫ്യൂ. ഈ സമയങ്ങളില്‍ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും വൈകിട്ട് അഞ്ചുമണിക്ക് പാത്രം കൊട്ടണമെന്നായിരുന്നു (താലി ബജാവോ) ആഹ്വാനം.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ബാല്‍ക്കണിയിലിരുന്ന് പാത്രം കൊട്ടാനായിരുന്നു ആഹ്വാനം. എന്നാല്‍, സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കുന്നതും ഉള്‍പ്പെടെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി.

പാത്രം കൊട്ടലും ജാഥയുമായായിരുന്നു ജനത കര്‍ഫ്യൂവിനെ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആഘോഷിച്ചത്. ജനത കര്‍ഫ്യൂവിന് സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതേയും പാത്രം കൊട്ടുന്നതിന്റേയും ജാഥ നടത്തുന്നതിന്റേയും പടക്കം പൊട്ടിക്കുന്നതിന്റേയും വീഡിയോകള്‍ പലരും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  Janta Curfew, which became an example of extraordinary discipline for the whole world Narendra Modi