| Saturday, 21st March 2020, 3:13 pm

പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച പൂര്‍ണമാക്കും; മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ വലിയ തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍. രാജ്യത്തെ 55 ശതമാനം വരുന്ന സേവന മേഖലയെ പൂര്‍ണമായും തകര്‍ക്കുന്നതാണ് മോദിയുടെ കര്‍ഫ്യൂ.

ഞായറാഴ്ച രാജ്യത്തെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും യാതൊരു ജോലികളും ചെയ്യരുതെന്നുമാണ് മോദി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് ആവശ്യപ്പെട്ടത്.

സാമൂഹിക ഇടപെടലുകള്‍ സാധ്യമാകാതിരിക്കുന്നതും ഭാഗികമായ അടച്ചുപൂട്ടലും വളരെ പ്രധാനപ്പെട്ടതാണെന്ന് മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ രാഹുല്‍ ബജോരിയ വ്യക്തമാക്കി. ഇത് ജി.ഡി.പി വളര്‍ച്ചയെയടക്കം ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനത്തോടെതന്നെ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഈ അവസ്ഥ മറികടക്കുക എന്നത് ശ്രമകരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ ആരും വീട്ടില്‍നിന്നു പുറത്തിറങ്ങരുതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ജനത്തിനു വേണ്ടി, ജനം സ്വയം നടത്തുന്ന ‘ജനതാ കര്‍ഫ്യൂ’വാണിതെന്നായിരുന്നു മോദി പറഞ്ഞത്. ലോകമഹായുദ്ധകാലത്തെ പോലെയുള്ള പ്രതിസന്ധിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൊറോണ വൈറസ് വ്യാപനകാലത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ പൗരന്മാര്‍ പാത്രങ്ങള്‍ കൂട്ടിയടിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more