ന്യൂദല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ വലിയ തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍. രാജ്യത്തെ 55 ശതമാനം വരുന്ന സേവന മേഖലയെ പൂര്‍ണമായും തകര്‍ക്കുന്നതാണ് മോദിയുടെ കര്‍ഫ്യൂ.
ഞായറാഴ്ച രാജ്യത്തെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും യാതൊരു ജോലികളും ചെയ്യരുതെന്നുമാണ് മോദി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് ആവശ്യപ്പെട്ടത്.
സാമൂഹിക ഇടപെടലുകള്‍ സാധ്യമാകാതിരിക്കുന്നതും ഭാഗികമായ അടച്ചുപൂട്ടലും വളരെ പ്രധാനപ്പെട്ടതാണെന്ന് മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ രാഹുല്‍ ബജോരിയ വ്യക്തമാക്കി. ഇത് ജി.ഡി.പി വളര്‍ച്ചയെയടക്കം ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനത്തോടെതന്നെ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഈ അവസ്ഥ മറികടക്കുക എന്നത് ശ്രമകരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.