| Sunday, 30th December 2018, 11:31 am

കോളേജ് വിദ്യാര്‍ത്ഥികളെ തീവ്രവാദിയാക്കിയ ജനം ടിവിയുടെ വ്യാജവാര്‍ത്ത സൂപ്പര്‍ ലീഡാക്കി ജന്മഭൂമി; വാര്‍ത്ത വ്യാജമെന്ന് പൊലീസും സലിം കുമാറും സ്ഥിരീകരിച്ചിട്ടും കളവ് ആവര്‍ത്തിച്ച് പത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ നടന്‍ സലീം കുമാര്‍ ഉദ്ഘാടകനായെത്തിയ പരിപാടിയെ ഐ.എസ് അനുകൂല റാലിയാക്കി മാറ്റിയ ജനം ടിവിയുടെ “ബിഗ് ബ്രേക്കിങ്” വ്യാജമാണെന്ന് പൊലീസടക്കം സ്ഥിരീകരിച്ചിട്ടും വാര്‍ത്ത ഏറ്റെടുത്ത് ജന്മഭൂമി. ഇന്ന് പുറത്തിറങ്ങിയ ജന്മഭൂമി പത്രത്തിന്റെ സൂപ്പര്‍ ലീഡായിട്ടാണ് വ്യാജ വാര്‍ത്ത വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്.

“വര്‍ക്കല കോളേജില്‍ അല്‍ഖ്വയ്ദ-ഐ.എസ് പ്രകടനം” എന്നാണ് ജന്മഭൂമിയുടെ തലക്കെട്ട്. കഴിഞ്ഞ ദിവസം ജനം ടിവി പുറത്തുവിട്ട കോളേജില്‍ നടന്ന റാലിയുടെ ചിത്രങ്ങളും ജന്മഭൂമിയിലുണ്ട്.

2018 മാര്‍ച്ച് 14ന് കോളേജ് വാര്‍ഷിക ദിനത്തില്‍ ഉദ്ഘാടകനായെത്തിയ നടന്‍ സലീംകുമാറിനെ വേദിയിലേക്ക് ആനയിക്കുന്നതിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ നടത്തിയ വാഹന റാലിയെയാണ് ജനംടിവി ഐ.എസ് അനുകൂല റാലിയാക്കിയതെന്ന് ഡൂള്‍ന്യൂസടക്കമുള്ള മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സലീംകുമാറും ഇക്കാര്യം സ്ഥിരീകരിക്കുകയുണ്ടായി.

മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ചാണ് വിദ്യാര്‍ത്ഥികള്‍ കറുപ്പ് വസ്ത്രമണിഞ്ഞതെന്നും താനും കറുപ്പണിഞ്ഞാണ് കോളേജില്‍ പരിപാടിക്ക് പോയിരുന്നതെന്നും സലീംകുമാര്‍ പറഞ്ഞിരുന്നു.

ഇക്കാര്യത്തില്‍ ഡൂള്‍ന്യൂസിനോടുള്ള സലീംകുമാറിന്റെ പ്രതികരണമിതായിരുന്നു.

കുട്ടികള്‍ കറുപ്പ് വസ്ത്രമണിഞ്ഞത് ഒരു വെല്‍ക്കം തീം മാതൃകയില്‍ ചെയ്തതാണത്. എന്നെ സ്വീകരിക്കാനായാണ് കുട്ടികളെല്ലാവരും കറുത്ത വസ്ത്രം ധരിച്ചെത്തിയത്. ഏകദേശം ഇരുന്നൂറോ മുന്നൂറോ മീറ്റര്‍ അകലെ നിന്ന് തുടങ്ങിയിട്ട് കോളേജിന്റെ സ്റ്റേജ് വരെയാണ് നിന്നത്. ആണുങ്ങളും പെണ്ണുങ്ങളും എല്ലാവരും ഉണ്ടായിരുന്നു. കറുത്ത ഷര്‍ട്ട് ഇട്ടു വരണമെന്ന് കുട്ടികള്‍ എന്നോട് രണ്ട് ദിവസം മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് ഞാനും ബ്ലാക്ക് ഷര്‍ട്ട് ഇട്ട് പോവുകയായിരുന്നു.

കോളേജിലെ ഒരു ആഘോഷം മാത്രമാണിത്. അതിലുപരിയായി അതിനകത്ത് വേറൊന്നുമില്ല. വിദ്യാര്‍ത്ഥികളുടെ അവരുടെ കോളേജ് ഡേ പ്രത്യേക തീമൊക്കെ വെച്ചിട്ട് ആഘോഷിക്കുമ്പോള്‍ അവരെ ഐ.എസ് തീവ്രവാദികളാക്കുന്നത് തെറ്റ് തന്നെയാണ്.

ഒരു വാര്‍ത്തയുടെ നിജസ്ഥിതി അറിഞ്ഞിട്ട് മാത്രം കൊടുക്കണം എന്നൊരഭ്യര്‍ത്ഥനയാണ് ജനം ടി.വിയോടുള്ളത്. റേറ്റിങ് കൂട്ടാന്‍ എന്ത് വാര്‍ത്തയും കൊടുക്കുന്നത് ശരിയല്ലല്ലോ. നിരപരാധികളെ, നല്ല രീതിയില്‍ മുന്നോട്ടു പോകുന്ന ഒരു കോളേജിനെയൊക്കെ കരിവാരി തേക്കുന്നത് ശരിയല്ല

കോളേജിലെ വിദ്യാര്‍ത്ഥികളുടെ പരിപാടിക്ക് ജനം ടിവി തീവ്രവാദ സ്വഭാവം നല്‍കുകയായിരുന്നുവെന്നും ഭീകരവാദാരോപണം തെറ്റാണെന്നും പൊലീസും പ്രതികരിച്ചിരുന്നു.

പൊലീസും സലീംകുമാറും കോളേജ് മാനേജ്‌മെന്റും ജനം ടിവിയുടെ വ്യാജ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിട്ടും പ്രതിഷേധം വകവെക്കാതെയാണ് സംഘപരിവാര്‍ പത്രമായ ജന്മഭൂമി കളവ് വീണ്ടും ആവര്‍ത്തിക്കുന്നത്. സോഷ്യല്‍മീഡിയക്കകത്തും പുറത്തും വ്യാജവാര്‍ത്തയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

‘എന്നെ സ്വീകരിക്കാനാണ് വിദ്യാര്‍ത്ഥികള്‍ കറുപ്പ് വസ്ത്രമണിഞ്ഞെത്തിയത്’ ; വിദ്യാര്‍ത്ഥികളെ ഐ.എസ് തീവ്രവാദികളാക്കിയ ജനം ടിവി വാര്‍ത്തയ്‌ക്കെതിരെ സലീംകുമാര്‍

We use cookies to give you the best possible experience. Learn more