| Saturday, 9th November 2019, 12:43 pm

'കേന്ദ്രത്തില്‍ നരേന്ദ്രമോദി ഇരിക്കുന്നതാവാം പിണറായിയുടെ മാറ്റത്തിന് കാരണം'; മാവോയിസ്റ്റ് വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ജന്മഭൂമിയുടെ ബിഗ് സല്യൂട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാവോയിസ്റ്റ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സല്യൂട്ട് നല്‍കി ബി.ജെ.പി മുഖപത്രമായ ജന്മഭൂമി. എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച മുഖ്യലേഖനത്തിലാണ് പിണറായിയെ അഭിനന്ദിക്കുന്നത്. ‘മറുപുറം’എന്ന പംക്തിയിലാണ് ‘പിണറായിക്ക് ബിഗ് സല്യൂട്ട്’ എന്ന തലകെട്ടിലുള്ള ലേഖനം.

ബി.ജെ.പി സംസ്ഥാന സമിതി അംഗവും ജന്മഭൂമി റെസിഡന്റെ എഡിറ്ററുമായ കെ.കുഞ്ഞികണ്ണനാണ് ലേഖനം എഴുതിയത്. ബി.ജെ.പി മീഡിയ സെല്‍ സംസ്ഥാന കണ്‍വീനര്‍ കൂടിയാണ് ലേഖകന്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഞ്ചിക്കണ്ടി ഉള്‍വനത്തില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന പൊലീസ് നടപടിയും യു.എ.പി.എ ചുമത്തി രണ്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിലും സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുമാണ് ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്.

‘ഒരു സത്യം പറയട്ടെ, മാവോയിസ്റ്റ് വിഷയത്തില്‍ പിണറായി വിജയനാണ് ശരിയെന്ന് തോന്നി പോവുകയാണ്. അഖിലേന്ത്യാ തലതത്തിലെ സ്രാവ് സഖാക്കള്‍ക്ക് വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ പിണറായി വിജയന്‍ തയ്യാറായിരിക്കുന്നു.ചിലപ്പോള്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഇരിക്കുന്നതാവാം ഈ മാറ്റത്തിന് കാരണം’ എന്ന് ലേഖനത്തില്‍ പറയുന്നു.

‘മാവോയിസ്റ്റ് ആശയങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഏജന്റുമാരാണ് മാര്‍കിസ്റ്റ് പാര്‍ട്ടി എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. സത്യമല്ലേ. പന്തീരാങ്കാവില്‍ അറസ്റ്റിലായ മാവോവാദികളായ കുഞ്ഞാടുകള്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളാണെന്ന സത്യം അതല്ലെ വ്യക്തമാക്കുന്നത്. അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ പൊലീസിനെ തള്ളിപറയാന്‍ പറ്റില്ല. മുന്‍ ജനറല്‍ സെക്രട്ടറിയും പി.ബി മെമ്പര്‍മാരും യു.എ.പി.എ ചുമത്തിയതിനെതിരെ അരിവാള്‍ വീശുമ്പോള്‍ അവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ വിജയനേ പറ്റൂ.അതാണ് പിണറായിക്ക് ബിഗ് സല്യൂട്ട് ഓഫര്‍ ചെയ്യാന്‍ തോന്നിയത്.’ ലേഖനത്തില്‍ പറയുന്നു.
ഇരട്ട ചങ്കായും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ പിണറായിക്കായി കരുതിവെക്കാം ഒരു ബിഗ് സല്യൂട്ട് എന്ന വാചകത്തിലാണ് ലേഖനം അവസാനിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more