'കുമ്മനം വീട്ടിലെത്തി പോകും മുമ്പ് ഒരു ഷാള്‍ അണിയിച്ച് ഫോട്ടോ എടുത്തു'; ലീഗ് മുന്‍ എം.എല്‍.എയുടെ മകന്‍ ബി.ജെ.പിയില്‍ എന്ന് വ്യാജ വാര്‍ത്ത; നിയമ നടപടിക്കൊരുങ്ങി കുടുംബം
Kerala Election 2021
'കുമ്മനം വീട്ടിലെത്തി പോകും മുമ്പ് ഒരു ഷാള്‍ അണിയിച്ച് ഫോട്ടോ എടുത്തു'; ലീഗ് മുന്‍ എം.എല്‍.എയുടെ മകന്‍ ബി.ജെ.പിയില്‍ എന്ന് വ്യാജ വാര്‍ത്ത; നിയമ നടപടിക്കൊരുങ്ങി കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th March 2021, 9:49 pm

തിരുവനന്തപുരം: മുസ്‌ലിം ലീഗ് മുന്‍ എം.എല്‍.എയുടെ മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്ന ജന്മഭൂമി വാര്‍ത്തയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി മുസ്‌ലിം ലീഗ് മുന്‍ എം.എല്‍.എ പി.എ.പി മുഹമ്മദ് കണ്ണിന്റെ കുടുംബം.

കഴിഞ്ഞ ദിവസമാണ് ലീഗ് മുന്‍ എം.എല്‍.എ പി.എ.പി മുഹമ്മദ് കണ്ണിന്റെ മകന്‍ ഹബീബ് റഹ്മാന്‍ ബി.ജെ.പിയില് ചേര്‍ന്നെന്ന് ജന്മഭൂമി പത്രത്തില്‍ വാര്‍ത്ത വന്നത്. ഹബീബ് റഹ്മാന്‍ കുമ്മനത്തിനൊപ്പം നില്‍ക്കുന്ന ചിത്രവും പത്രത്തില്‍ നല്‍കിയിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുമ്മനം രാജശേഖരന്‍ വീട്ടിലെത്തിയപ്പോള്‍ എടുത്ത ചിത്രമാണിതെന്നും ഇതാണ് വ്യാജ പ്രചരണത്തിന് ഉപയോഗിച്ചതെന്നും ഹബീബിന്റെ കുടുംബം പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെയാണ് പ്രവര്‍ത്തകര്‍ക്കൊപ്പം കുമ്മനം രാജശേഖരന്‍ ഹബീബിന്റെ വീട്ടിലെത്തിയത്. സ്വകാര്യ സംഭാഷണത്തിന് ശേഷം മടങ്ങും മുമ്പ് ഒരു ഷോള്‍ കുമ്മനം ഹബീബിനെ അണിയിച്ചു, ചിത്രം എടുക്കുകയും ചെയ്തിരുന്നു.

വീട്ടില്‍ എത്തിയ ആളെ സ്വീകരിച്ചത് ആതിഥ്യ മര്യാദയുടെ പേരിലാണെന്നും തങ്ങള്‍ യു.ഡി.എഫിന്റെ അനുഭാവികളാണെന്നും ഹബീബിന്റെ മകന്‍ ജുനൈദ് പറഞ്ഞു. വ്യാജവാര്‍ത്തക്കെതിരെ നിയമപരമായും രാഷ്ട്രീയമായും നീങ്ങുമെന്നും കുടുംബം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Janmabhumi news former League MLA’s son join in BJP; Family ready for legal action