| Saturday, 26th May 2018, 12:40 pm

നിപ മലേഷ്യയില്‍ നിന്നെന്ന വ്യാജവാര്‍ത്ത ജന്മഭൂമിയുടേത്; സാബിത്തിനെ വേട്ടയാടി പത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിപ വൈറസ് ബാധയുടെ ഉത്ഭവം മലേഷ്യയില്‍ നിന്നാണെന്നും കേരളത്തിലെത്തിച്ചത് വൈറസ് ബാധയേറ്റ് മരിച്ച ചങ്ങരോത്തെ സൂപ്പിക്കടയില്‍ വളച്ചുകെട്ടിയില്‍ മൂസയുടെ മകന്‍ സാബിത്താണെന്നുമുള്ള തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചത് ജന്മഭൂമി പത്രം. “നിപ എത്തിയത് മലേഷ്യയില്‍ നിന്ന്” എന്നായിരുന്നു വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ജന്മഭൂമിയിലെ റിപ്പോര്‍ട്ട്.

“കോഴിക്കോട്ടും മലപ്പുറത്തും മരണം വിതച്ച നിപ വൈറസ് മലേഷ്യയില്‍ നിന്ന് എത്തിയതാണെന്ന് സംശയം. ആദ്യം രോഗം ബാധിച്ച് മരിച്ച പേരാമ്പ്ര ചങ്ങരോത്ത് വളച്ച് കെട്ടിയില്‍ സാബിത്ത് മലേഷ്യയിലായിരുന്നെന്ന് സൂചന.” എന്നാണ് ആധികാരിക സ്രോതസുകളെ ഒന്നും ഉദ്ധരിക്കാതെ ജന്മഭൂമി എഴുതിയത്. രോഗലക്ഷണങ്ങളോടെയാണ് സാബിത്ത് നാട്ടിലെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞതായും ജന്മഭൂമി എഴുതിയിട്ടുണ്ട്. ഈ വാര്‍ത്ത പിന്നീട് വാട്‌സ്അപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമായി പ്രചരിച്ചിരുന്നു.

ഇന്നത്തെ പതിപ്പിലും ജന്മഭൂമി സാബിത്തിനെ വെറുതെ വിട്ടില്ല, ചുവന്ന നിറത്തില്‍ “ശ്രദ്ധ സാബിത്തില്‍” എന്നാണ് ഇന്നത്തെ ജന്മഭൂമിയുടെ പ്രധാന തലക്കെട്ട്. കഴിഞ്ഞ ദിവസത്തെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഇന്നും ജന്മഭൂമി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

എന്നാല്‍ സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. പിന്നാലെ സാബിത്ത് മലേഷ്യയിലേക്ക് പോയില്ലെന്ന് തെളിയിക്കുന്ന യാത്രാ രേഖകളും പുറത്ത് വന്നു.  2017 ല്‍ യു.എ.ഇയില്‍ പോയതായി മാത്രമാണ് സാബിത്തിന്റെ പാസ്പോര്‍ട്ടിലുള്ളത്. 2017 ഫെബ്രുവരിയില്‍ യു.എ.ഇയില്‍ പോയ സാബിത്ത് മൂന്ന് മാസം മാത്രമാണ് അവിടെ നിന്നത്.


Read | സാബിത്ത് മലേഷ്യയില്‍ പോയില്ലെന്ന് യാത്രാ രേഖകള്‍ ; മലേഷ്യയില്‍ പോയെന്ന പ്രചരണം തെറ്റ്


ദുബായിലായിരുന്ന സാബിത്ത് അള്‍സറിനെ തുടര്‍ന്നാണ് ആറ് മാസം മുന്‍പ് നാട്ടിലേക്ക് മടങ്ങിയത്. എഞ്ചിനിയറായ സഹോദരന്‍ സ്വാലിഹും വിസ കാലാവധി കഴിഞ്ഞതോടെ സാബിത്തിനൊപ്പം നാട്ടിലേക്ക് മടങ്ങി. മരിക്കുന്നതിന്റെ ഒരാഴ്ച മുന്‍പ് വരെ സാബിത്ത് നാട്ടില്‍ ജോലിക്ക് പോയിരുന്നു. പിന്നീട് സ്വാലിഹ് വീണ്ടും ദുബായില്‍ പോയെങ്കിലും ജോലി ശരിയാവാത്തതിനെ തുടര്‍ന്ന് മടങ്ങി. രണ്ട് മാസം മുന്‍പ് നാട്ടിലെത്തി സ്വാലിഹ് കോഴിക്കോട് സ്വകാര്യ കമ്പനിയില്‍ ജോലി നോക്കുകയും ചെയ്തു. അതിനിടെ അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രസിന്ധീകരിച്ച പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more