ക്യാമ്പില്‍ ഒരു രാത്രി അന്തിയുറങ്ങിയതിന് ആരുടേയെങ്കിലും കയ്യടി കിട്ടിയോ, കല്ലേറല്ലാതെ; കണ്ണന്താനത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി മുഖപത്രം
Kerala Flood
ക്യാമ്പില്‍ ഒരു രാത്രി അന്തിയുറങ്ങിയതിന് ആരുടേയെങ്കിലും കയ്യടി കിട്ടിയോ, കല്ലേറല്ലാതെ; കണ്ണന്താനത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി മുഖപത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th August 2018, 2:17 pm

തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി മുഖപത്രം ജന്മഭൂമി. ഇക്കുറി മാവേലി വന്നില്ല എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലിലാണ് പ്രളയത്തിന് പിന്നാലെ അല്‍ഫോണ്‍സ് കണ്ണന്താനം നടത്തിയ ഇടപെടലുകളെ വിമര്‍ശിക്കുന്നത്.

അല്‍ഫോണ്‍സ് കണ്ണന്താനം അല്‍പ്പം കൂടി മിതത്വം പാലിക്കേണ്ടിയിരുന്നുവെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. “യു.എ.ഇ വാഗ്ദാനം ചെയ്ത 700 കോടി കേരളത്തിന് വേണം, അത് സ്വീകരിക്കുന്നതിന് തടസ്സങ്ങളുണ്ടെങ്കില്‍ അത് നീക്കണം. ഇതിനായി കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണ്” എന്നൊക്കെ ക്യാമറയ്ക്ക് മുന്നില്‍ വിളിച്ചുപറഞ്ഞത് മിടുക്ക് കാട്ടാനായിരിക്കും. പക്ഷേ അതിമിടുക്ക് അലോസരമാകുമെന്ന് മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

ക്യാമ്പില്‍ ഒരു രാത്രി അന്തിയുറങ്ങിയതിന് ആരുടേയെങ്കിലും കയ്യടി കണ്ണന്താനത്തിന് കിട്ടിയോ? പകരം കുറേ കല്ലേറുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി കിട്ടിയത് മെച്ചമെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.


യു.എ.ഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളത്തിലേക്ക്; പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും


കേന്ദ്രം 500 കോടിയോ 50000 കോടിയോ തരാനല്ല കേരളത്തെ പുനര്‍നിര്‍മിക്കാനാണ് പോകുന്നതെന്നും അതിന് എത്ര വേണമെങ്കിലും ചിലവഴിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

കേന്ദ്രത്തെ ആക്ഷേപിച്ച് ആക്ഷേപിച്ച് അര്‍ഹിക്കുന്നത് പോലും കിട്ടാത്ത സാഹചര്യം ഉണ്ടാക്കരുതെന്നും കോടിയേരിയുടെ കാടുകേറിയുള്ള സംസാരം നാടിനൊരു ഗുണവും ചെയ്യില്ലെന്നും എഡിറ്റോറിയലില്‍ പറയുന്നു.