മതത്തിനുവേണ്ടി ആത്മബലി നടത്തിയതില്‍ വിശുദ്ധനാക്കാന്‍ തക്ക മഹത്വമില്ല; ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചതിനെതിരെ ജന്മഭൂമി ലേഖനം
Kerala News
മതത്തിനുവേണ്ടി ആത്മബലി നടത്തിയതില്‍ വിശുദ്ധനാക്കാന്‍ തക്ക മഹത്വമില്ല; ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചതിനെതിരെ ജന്മഭൂമി ലേഖനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th May 2022, 6:14 pm

തിരുവനന്തപുരം: ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചതിനെതിരെ ലേഖനവുമായി ജന്മഭൂമി. ഞായറാഴ്ച വത്തിക്കാനില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ദേവസഹായം പിള്ള അടക്കം 10 പേരെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ ഉദ്യോഗസ്ഥനായിരിക്കെ മതംമാറിയതിന് രോഷാകുലരായ തിരുവിതാംകൂര്‍ രാജഭരണം, 1752 ല്‍ നാഗര്‍കോവിലിന് അടുത്ത് കറ്റാടിമലയില്‍ വച്ച് ദേവസഹായം പിള്ളയെ വെടിവച്ചു കൊന്നുവെന്നാണ് വത്തിക്കാന്‍ പറയുന്നത്. നിലകണ്ഠ പിള്ള എന്ന പേര് മതംമാറിയതിന് ശേഷം ദേവസഹായം പിള്ള എന്ന് മാറ്റുകയായിരുന്നു.

അധികാര ദുര്‍വിനിയോഗം നടത്തിയതിനാണ് ദേവസഹായം പിള്ളയെ തിരുവിതാംകൂര്‍ രാജാവ് പുറത്താക്കിയതെന്ന് ജന്മഭൂമിയുടെ വെബ്‌സൈറ്റില്‍ പബ്ലിഷ് ചെയ്ത ലേഖനത്തില്‍ പറയുന്നു. ചരിത്രകാരനായ ഡോ. ടി.പി. ശേഖരന്‍കുട്ടിനായരാണ് ലേഖനം എഴുതിയിരിക്കുന്നത്.

ക്രിസ്തുമതേത്താടും ഇതരമതസ്ഥരോടും അനുകമ്പയോടെ പ്രവര്‍ത്തിച്ചിരുന്ന മഹോദയപുരത്തേയും പത്മനാഭപുരത്തേയും രാജാക്കന്മാര്‍, മതംമാറിയെന്ന കാരണത്തിന് ഒരാളെ വെടിവച്ച് കൊല്ലുകയില്ലെന്ന് സ്റ്റേറ്റ് മാനുവല്‍ കര്‍ത്താവായ വി. നാഗമയ്യ തന്റെ പുസ്തകത്തില്‍ പറയുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു.

തന്നെ ജ്ഞാനസ്നാനം ചെയ്യിച്ച ഫാ. ബുട്ടാരിയോട് കടപ്പാട് നിര്‍വഹിക്കാന്‍ ദേവസഹായം പിള്ള അധികാരം ദുര്‍വിനിയോഗം ചെയ്ത് വടക്കന്‍കുളം പള്ളി പണിയാന്‍ തേക്കുമരം വെട്ടി അരുവാമൊഴി വഴി എത്തിച്ചുകൊടുത്തു. പാലൂട്ടി വളര്‍ത്തിയ പത്മനാഭപുരം കൊട്ടാരത്തിലെ തിരുവിതാംകൂര്‍ രാജാവിനോടും രാജ്യത്തോടും ദേവസഹായം പിള്ള ചെയ്ത ഹീനമായ കുറ്റമാണതെന്ന് അവര്‍ വിധിച്ചതില്‍ കുറ്റം പറയാന്‍ സാധ്യമല്ലെന്നുമുള്ള സമീപനമാണ് നാഗമയ്യയുടേതെന്ന് ലേഖനത്തിലുണ്ട്.

മതത്തിനുവേണ്ടി ആത്മബലി നടത്തിയതിന്റെ പേരില്‍ വിശുദ്ധനാക്കാന്‍ തക്ക മഹത്വം നീലകണ്ഠപിള്ളയെന്ന ദേവസഹായം പിള്ളയ്ക്കില്ല എന്ന് പറയേണ്ടിവരുമെന്നും ഇങ്ങനെയുള്ള നിയമവിരുദ്ധ നടപടികള്‍ ചെയ്യുന്നവര്‍ ഇനിയും നമ്മുടെ സമൂഹത്തില്‍ കണ്ടേക്കുമെന്നും പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന ചടങ്ങിന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് നേതൃത്വം നല്‍കിയത്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.


വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട 10 പേരുടെയും ജീവചരിത്രം വായിച്ചു. ഇതിന് ശേഷം വിശുദ്ധരുടെ നാമകരണ ചുമതല വഹിക്കുന്ന തിരുസംഘത്തിന്റെ കര്‍ദിനാള്‍ ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കണം എന്ന് മാര്‍പാപ്പയോട് അഭ്യര്‍ഥിച്ചു. സകല വിശുദ്ധരോടുമുള്ള പ്രാര്‍ഥനയ്ക്ക് പിന്നാലെ ദേവസഹായം പിള്ളയയെയും മറ്റ് ഒന്‍പത് പേരെയും മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.

Content Highlight: Janmabhoomi with article against the canonization of Devasahayam Pillai