| Friday, 26th April 2019, 1:41 pm

ഡൂള്‍ന്യൂസിന് വിദേശസഹായമെന്ന ജന്മഭൂമി വാര്‍ത്ത വ്യാജം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഡൂള്‍ന്യൂസിന് വിദേശസഹായം ലഭിക്കുന്നെന്ന ജന്മഭൂമി വാര്‍ത്ത വ്യാജം. 25/4/2019 വ്യാഴാഴ്ച പുറത്തിറങ്ങിയ പത്രത്തിലെ ‘ഇരുപത്തഞ്ചോളം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വിദേശസഹായം’ എന്ന തലക്കെട്ടിലുള്ള വാര്‍ത്തയിലാണ് ഡൂള്‍ന്യൂസിനെതിരെ വ്യാജപ്രചരണം എഴുതിയിരിക്കുന്നത്.

ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിപെന്‍ഡന്റ് ആന്‍ഡ് പബ്ലിക് സ്പിരിറ്റ് മീഡിയ ഫൗണ്ടേഷന്‍ നല്‍കുന്ന ഫണ്ടിനെയാണ് തെറ്റായ രീതിയില്‍ വാര്‍ത്തയില്‍ ചിത്രീകരിക്കുന്നത്. 2015 ജൂലൈ ഒന്നിനാണ് ഐ.പി.എസ്.എം.എഫ് രൂപീകരിക്കുന്നത്.

സ്വതന്ത്രമായും പൊതുജനതാത്പര്യാര്‍ത്ഥവും പ്രവര്‍ത്തിക്കുന്ന, സാമൂഹികമായ സ്വാധീനശേഷിയുമുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്ക് മികവിന്റെ അടിസ്ഥാനത്തില്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായ ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം നല്‍കുന്ന, സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിനെയാണ് വിദേശസഹായം ലഭിക്കുന്നു എന്ന പേരില്‍ വാര്‍ത്ത നല്‍കിയത്.

ജന്മഭൂമി 25/4/2019 ന് പ്രസിദ്ധീകരിച്ച വാര്‍ത്ത

ഐ.ടി ആക്ട് 12AA പ്രകാരം രജിസ്ട്രര്‍ ചെയ്തിട്ടുള്ള സ്ഥാപനമാണിത്.

ആമിര്‍ഖാന്‍, കിരണ്‍ മസുംദാര്‍ ഷാ, അസിം പ്രേംജി ഫിലാന്‍ന്ത്രോപ്പിക് ഇനീഷ്യേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ്, സൈറസ് ഗുസ്‌ദേര്‍, ലാല്‍ ഫാമിലി ഫൗണ്ടേഷന്‍, മണിപ്പൂര്‍ എഡ്യുക്കേഷന്‍ ആന്റ് മെഡിക്കല്‍ ഗ്രൂപ്പ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, പിരമല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, പിരോജ്ഷാ ഗോദ്‌റേജ് ഫൗണ്ടേഷന്‍, രോഹിണി നിലേകനി ഫിലാന്‍ത്രോപ്പീസ്, രോഹിന്‍ടണ്‍ ആന്റ് അനു ആഘാ ഫാമിലി ഡിസ്‌ക്രീഷനറി നം.2 ട്രസ്റ്റ്, ശ്രീ നടരാജ ട്രസ്റ്റ്, യുണീമഡ് ടെക്‌നോളജീസ് ലിമിറ്റഡ് ക്വാളിറ്റി ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് തേജസ്‌കിരണ്‍ ഫാര്‍മചേം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വിദിതി ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ 12 ഓളം വ്യക്തികളും സ്ഥാപനങ്ങളുമാണ് ഐ.പി.എസ്.എം.എഫിന് ഫണ്ട് നല്‍കുന്നത്.

കേരളത്തില്‍ ഡൂള്‍ന്യൂസിനും അഴിമുഖത്തിനുമാണ് ഐ.പി.എസ്.എം.എഫ് ഫണ്ട് നല്‍കുന്നത്. കൂടാതെ ദി കാരവന്‍, ദി വയര്‍, ദി ന്യൂസ് മിനുട്ട്, ദി സ്വരാജ്യ, ഈസ്റ്റ് മോജോ, മാക്‌സ് മഹാരാഷ്ട്ര,, ദി പ്രിന്റ്, സമാചാര, എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കും ഈ ട്രസ്റ്റ് ഫണ്ട് നല്‍കുന്നത്.

http://ipsmf.org എന്ന വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച പൂര്‍ണ്ണവിവരം ഉണ്ടെന്നിരിക്കെയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more