കൊച്ചി: അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തിന്റെ ഉദാഹരണമാണെന്ന മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുടെ പ്രസംഗത്തെ പ്രകീർത്തിച്ച് ജന്മഭൂമി മുഖപ്രസംഗം.
അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന ലീഗിന്റെ നിലപാട് ശരിയാണെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞ മുഖപ്രസംഗം നിലപാടിൽ പുതുമയുണ്ടെന്നും പറഞ്ഞു.
രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യമാണെന്നും ബഹുസ്വര സമൂഹത്തിൽ അത് അംഗീകരിക്കപ്പെടേണ്ടതാണെന്നും ലീഗിന്റെ അവസാന വാക്കായി കരുതപ്പെടുന്ന പരമോന്നത നേതാവ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ് എന്നും ജന്മഭൂമി ചൂണ്ടിക്കാണിക്കുന്നു.
‘സംസ്ഥാനത്ത് മുസ്‌ലിങ്ങളുടെ പേരിൽ പ്രവർത്തിക്കുന്ന നിരവധി സംഘടനകളും രാഷ്ട്രീയ പാർട്ടികളുമുണ്ട്. മതവിശ്വാസികളായ മുസ്‌ലിങ്ങളെ ഏറ്റവും കൂടുതൽ പ്രതിനിധീകരിക്കുന്നത് മുസ്‌ലിം ലീഗാണ്.
രാഷ്ട്രീയത്തിലും ഭരണത്തിലും അവർ പ്രബല ശക്തിയുമാണ്. കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയുടെ കരുത്ത് പോലും ലീഗാണ്. സമുദായത്തിലും രാഷ്ട്രീയത്തിലുമുള്ള ലീഗിന്റെ ഈ സ്ഥാനം പിടിച്ചെടുക്കാനാണ് മതത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന മറ്റു ചില സംഘടനകൾ നോക്കുന്നത്.
ഇക്കാര്യത്തിൽ ചിലപ്പോഴൊക്കെ ലീഗിന് ആശങ്കയുള്ളതായും തോന്നിയിട്ടുണ്ട്. ഇവരോട് മത്സരിക്കേണ്ട സ്ഥിതിയുമുണ്ട്. അതൊക്കെ എന്തുതന്നെയായിരുന്നാലും അയോധ്യയുടെ രാമക്ഷേത്രത്തിന്റെ കാര്യത്തിൽ എടുത്തിട്ടുള്ള നിലപാട് ഗുണപരമായ ചില മാറ്റങ്ങൾക്ക് വഴിയൊരുക്കാനുള്ള സാധ്യതയുണ്ട്,’ ജന്മഭൂമിയുടെ മുഖപ്രസംഗത്തിൽ പറയുന്നു.
അന്ധമായ ഹിന്ദുവിരോധം കൊണ്ട് നടക്കുന്നവരെ ലീഗിന്റെ നിലപാട് വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുമെന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.
അതേസമയം സാദിഖലി തങ്ങളുടെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. തങ്ങൾ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ഐ.എൻ.എൽ ആവശ്യപ്പെട്ടു.
രാമ ക്ഷേത്രം രാജ്യത്തിന്റെ ഭൂരിപക്ഷം വരുന്ന സമൂഹത്തിന്റെ ആവശ്യമാണെന്നും അതിൽ പ്രതിഷേധിക്കേണ്ട കാര്യമില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞിരുന്നു.
CONTENT HIGHLIGHT: Janmabhoomi editorial praises Sadikhali thangal for his comments on Ayodhya Ram temple