കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനമനുവദിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയില്‍ ലേഖനം. ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ സഞ്ജയന്റെ “ശബരിമല; അനാവശ്യവിവാദങ്ങള്‍ക്ക് പ്രസക്തിയില്ല” എന്ന ലേഖനമാണ് ജന്മഭൂമി എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നേരത്തെ സുപ്രീംകോടതി വിധിയ്‌ക്കെതിരെ സമരം ചെയ്യുമെന്നും സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിച്ചാല്‍ തടയുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ശബരിമല വിധിയുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നവരെ പിന്തുണയ്ക്കുമെന്നാണ് ബി.ജെ.പിയുടെ നിലപാട്.
ALSO READ: ത്രിപുര പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം; തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് പ്രതിപക്ഷം
എന്നാല്‍ ഇതിന് വിരുദ്ധമായാണ് ശബരിമല വിധിയെ വിലയിരുത്തിക്കൊണ്ടും പ്രത്യേകപ്രായക്കാര്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിച്ചത് നൂറ്റാണ്ടുകളായുള്ള ആചാരമല്ല എന്നും വിശദീകരിക്കുന്ന സഞ്ജയന്റെ ലേഖനം ജന്മഭൂമി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
“ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുംപെട്ട സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് സെപ്തംബര്‍ 28ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ മറവില്‍ ചിലര്‍ ഹിന്ദു സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പരിശ്രമം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.”
സുപ്രീംകോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ല. എന്നുമാത്രമല്ല സ്ത്രീ തീര്‍ത്ഥാടകര്‍ (മാളികപ്പുറങ്ങള്‍) വലിയ സംഖ്യയില്‍ എത്തിച്ചേരുന്നത് ആ ക്ഷേത്ര സങ്കേതത്തിന്റെ മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാനേ ഇടയാക്കൂ. ഈ ഉത്തരവിന്റെ പ്രത്യാഘാതം പരിമിതമാണ്. അത് ശബരിമല ക്ഷേത്രത്തില്‍ മാത്രം ഒതുങ്ങുന്നതാണ്.- ലേഖനത്തില്‍ പറയുന്നു.
ഹിന്ദു ധര്‍മത്തെയോ സമൂഹത്തെയോ മൊത്തത്തില്‍ പ്രതികൂലമായി ബാധിക്കുന്ന ഒന്നുംതന്നെ ആ വിധി തീര്‍പ്പിലില്ല. 10-50 പ്രായപരിധിയിലുള്ള സ്ത്രീകളുടെ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള ഒരു കീഴ്നടപ്പിനെയാണ് കോടതി അസാധുവാക്കിയത്. ഈ കീഴ്നടപ്പിനാകട്ടെ, ധര്‍മ്മ-തന്ത്ര ശാസ്ത്രങ്ങളുടേയോ മതിയായ യുക്തിയുടെയോ പിന്‍ബലമുള്ളതായി സ്ഥാപിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടുമില്ല.
കുട്ടികളുടെ ചോറൂണുപോലുള്ള ചടങ്ങുകള്‍ക്കായി പണ്ടുമുതലേ ഭക്തരായ സ്ത്രീകള്‍ ദേവസ്വം അധികൃതരുടെ അറിവോടെ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും 1991 ലെ കേരള ഹൈക്കോടതിയുടെ ഉത്തരവോടെയാണ് സ്ത്രീപ്രവേശന നിരോധനത്തിന് നിയമപരമായ അടിത്തറ ലഭിച്ചതെന്നും സഞ്ജയന്‍ പറയുന്നു. അതാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് ദുര്‍ബ്ബലപ്പെടുത്തിയതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
വിധിക്കെതിരെ സമരം ചെയ്യുന്നതിനെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.
അതേസമയം സുപ്രീംകോടതി വിധി വന്നപ്പോള്‍ പ്രതികരിക്കാതിരുന്ന ബി.ജെ.പി സംസ്ഥാന നേതൃത്വം ഇപ്പോള്‍ മുന്‍നിലപാടില്‍ മലക്കംമറിഞ്ഞ വിധിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ആര്‍ത്തവം അശുദ്ധിയില്ലെന്നും കാലോചിതമായ മാറ്റങ്ങളെ ഹൈന്ദവസമൂഹം സ്വീകരിക്കണമെന്നും പറഞ്ഞ് രണ്ട് വര്‍ഷം മുന്‍പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനും വിധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ജന്മഭൂമിയിലെ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം:
ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുംപെട്ട സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് സെപ്തംബര്‍ 28ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ മറവില്‍ ചിലര്‍ ഹിന്ദു സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പരിശ്രമം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.
സുപ്രീംകോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ല. എന്നുമാത്രമല്ല സ്ത്രീ തീര്‍ത്ഥാടകര്‍ (മാളികപ്പുറങ്ങള്‍) വലിയ സംഖ്യയില്‍ എത്തിച്ചേരുന്നത് ആ ക്ഷേത്ര സങ്കേതത്തിന്റെ മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാനേ ഇടയാക്കൂ. ഈ ഉത്തരവിന്റെ പ്രത്യാഘാതം പരിമിതമാണ്. അത് ശബരിമല ക്ഷേത്രത്തില്‍ മാത്രം ഒതുങ്ങുന്നതാണ്.
ഹിന്ദു ധര്‍മത്തെയോ സമൂഹത്തെയോ മൊത്തത്തില്‍ പ്രതികൂലമായി ബാധിക്കുന്ന ഒന്നുംതന്നെ ആ വിധി തീര്‍പ്പിലില്ല. 10-50 പ്രായപരിധിയിലുള്ള സ്ത്രീകളുടെ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള ഒരു കീഴ്നടപ്പിനെയാണ് കോടതി അസാധുവാക്കിയത്. ഈ കീഴ്നടപ്പിനാകട്ടെ, ധര്‍മ്മ-തന്ത്ര ശാസ്ത്രങ്ങളുടേയോ മതിയായ യുക്തിയുടെയോ പിന്‍ബലമുള്ളതായി സ്ഥാപിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടുമില്ല.
കുട്ടികളുടെ ചോറൂണുപോലുള്ള ചടങ്ങുകള്‍ക്കായി പണ്ടുമുതലേ ഭക്തരായ സ്ത്രീകള്‍ ദേവസ്വം അധികൃതരുടെ അറിവോടെ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്നാണ് അറിയുന്നത്. 1991 ലെ കേരള ഹൈക്കോടതിയുടെ ഒരുത്തരവോടെയാണ് സ്ത്രീപ്രവേശന നിരോധനത്തിന് നിയമപരമായ അടിത്തറ ലഭിച്ചത്. അതാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് ദുര്‍ബ്ബലപ്പെടുത്തിയത്. ഒരു പ്രത്യേക പ്രായപരിധിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് ശബരിമലയില്‍ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നത് വിവേചനപരമാണെന്നും, അത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന് എതിരാണെന്നും ഉള്ള പരാതിയിന്‍മേലാണ് സുപ്രീംകോടതി, വ്യത്യസ്ത വീഷണഗതിക്കാരുടെ വാദം കേട്ടശേഷം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
ശബരിമലയിലെ സ്ത്രീ പ്രവേശന നിരോധനം ഏതെങ്കിലും ഒരു മതവിശ്വാസത്തിന്റെ അനിവാര്യമായ ഭാഗം അല്ല എന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. മത സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് മറ്റ് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാകാന്‍ പാടില്ല എന്നത് ഭരണഘടനാപരമായ നിഷ്‌കര്‍ഷയുമാണ്. ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ കോടതി ഉത്തരവിന്റെ അന്തഃസത്തയോട് വിയോജിക്കാന്‍ കഴിയില്ല.
ശബരിമല സന്ദര്‍ശിക്കണോ വേണ്ടയോ അഥവാ, സന്ദര്‍ശിക്കുന്നെങ്കില്‍ എപ്പോള്‍ സന്ദര്‍ശിക്കണം എന്നീ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം ഭക്തരായ സ്ത്രീകള്‍ക്കുതന്നെ വിട്ടുകൊടുക്കുക. അതിനുള്ള വിവേചനശക്തി സ്ത്രീകള്‍ക്ക് ഉണ്ടെന്ന് അംഗീകരിക്കുകയാണ് കാലോചിതവും യുക്തിപരവുമായ നിലപാട്. പുരുഷമേധാവിത്വത്തിന്റെ കാലം അസ്തമിച്ചു എന്ന് എല്ലാവരും മനസ്സിലാക്കണം.
സുപ്രീംകോടതിയുടെ പുതിയ ഉത്തരവിന്റെ വെളിച്ചത്തില്‍ ഉയര്‍ന്നുവരുന്ന പ്രധാനപ്രശ്നം മണ്ഡലപൂജ-മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് കൂടുതലായി എത്തിച്ചേരാനിടയുള്ള ഭക്തജനങ്ങള്‍ക്ക് പ്രാഥമിക സൗകര്യത്തിനും ദര്‍ശനത്തിനുമുള്ള ഏര്‍പ്പാടുകള്‍ എങ്ങനെ ഒരുക്കും എന്നതാണ്. സന്നിധാനത്തും പമ്പയിലും മറ്റ് ഇടത്താവളങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക വിശ്രമ സങ്കേതങ്ങള്‍ ഒരുക്കേണ്ടിവരും. പുതിയ സാഹചര്യത്തില്‍ ശബരിമലയില്‍ നിത്യപൂജ ആരംഭിക്കുന്ന കാര്യവും അധികൃതര്‍ക്ക് പരിഗണിക്കാവുന്നതാണ്.
ശബരിമല ക്ഷേത്രദര്‍ശനം ആഗ്രഹിക്കുന്നവര്‍ക്ക് അത് കൂടുതല്‍ സൗകര്യപ്രദമായിരിക്കും. എത്രപണിപ്പെട്ടാലും പമ്പയിലും മറ്റും നടക്കേണ്ട പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ണമാക്കാന്‍ കഴിയുമോ എന്നതില്‍ സന്ദേഹമുണ്ട്. അതിനാല്‍ ഈ വരുന്ന മണ്ഡലപൂജ-മകരവിളക്ക് തീര്‍ത്ഥാടനകാലം കഴിയും വരെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ ഇളവ് അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിക്കാവുന്നതാണ്. സമീപകാലത്തെ പ്രളയദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ അത്തരമൊരാവശ്യത്തിന് മതിയായ ന്യായീകരണമുണ്ട്.
ക്ഷേത്രങ്ങളുടെയും ധര്‍മ്മസ്ഥാപനങ്ങളുടെയും ക്ഷേത്രാചാരങ്ങളുടെയും സംരക്ഷണം ഹിന്ദുസമൂഹത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. പക്ഷേ അവ സംരക്ഷിക്കപ്പെടേണ്ടത് കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിക്കൊണ്ടുവേണം. യുക്തിഹീനമായ മാമൂലുകളെ അതേപടി നിലനിര്‍ത്തുവാനുള്ള സ്ഥാപിതതാല്പര്യക്കാരുടെ പരിശ്രമത്തിന് ചൂട്ടുപിടിച്ചു കൊടുക്കുന്നത് സമൂഹത്തില്‍ ജീര്‍ണ്ണതയും സംഘര്‍ഷവും ചൂഷണവും വര്‍ദ്ധിക്കാന്‍ മാത്രമേ സഹായിക്കൂ.
അത്തരം സന്ദര്‍ഭങ്ങളില്‍ കോടതികളുടെയും മറ്റധികൃതരുടെയും ഇടപെടലുകള്‍ ഉണ്ടാകുക സ്വാഭാവികമാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രഭരണം സംബന്ധിച്ച വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത് അവിടെ നടന്നതായി ആരോപിക്കപ്പെട്ട കെടുകാര്യസ്ഥയുടെ പശ്ചാത്തലത്തിലാണ്. കാലോചിതമായ പരിഷ്‌കാരങ്ങളിലൂടെ ക്ഷേത്രസംസ്‌കാരത്തെ ജനമനസ്സില്‍ സജീവമായി നിലനിര്‍ത്താനുള്ള പരിശ്രമങ്ങളാണ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടക്കേണ്ടത്.
ക്ഷേത്രഭരണവും സുത്യാര്യമാവണം. ക്ഷേത്രങ്ങളെ വ്യാപാരവത്കരിക്കുവാനും സാമ്പത്തിക ചൂഷണത്തിനുള്ള ഇടമാക്കുവാനും ഉള്ള സംഘടിത മാഫിയകളുടെ ശ്രമത്തെ ചെറുത്തുതോല്‍പ്പിക്കുക എന്നതാണ് ഇന്ന് ഹിന്ദുസമൂഹത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
അതോടൊപ്പം തന്നെ പരിഗണിക്കേണ്ട മറ്റൊരു വിഷയമാണ് ക്ഷേത്രോത്സവം, ഭാഗവതസത്രങ്ങള്‍ പോലുള്ള പരിപാടികളുമായി ബന്ധപ്പെട്ടുള്ള അനാവശ്യ ആര്‍ഭാടങ്ങളും ധൂര്‍ത്തും. ക്ഷേത്ര സങ്കേതങ്ങളെ ഭക്തിയുടെയും ലാളിത്യത്തിന്റെയും ആത്മീയ സംസ്‌കാരത്തിന്റെയും സേവനത്തിന്റെയും ആതുര ശുശ്രൂഷയുടെയും സാമൂഹിക ഐക്യത്തിന്റെയും കേന്ദ്രങ്ങളായി പരിണമിപ്പിക്കുക എന്ന ദൗത്യം എറ്റെടുക്കാന്‍ എല്ലാ വിഭാഗത്തിലുംപെട്ട ഹിന്ദുക്കള്‍ തയ്യാറാകണം.
പരിവര്‍ത്തനോന്മുഖതയാണ് ആധുനിക ഹിന്ദു നവോത്ഥാനത്തിന്റെ മുഖമുദ്ര. അത് സൃഷ്ടിച്ച പ്രബുദ്ധതയെയും സമാജ ഐക്യത്തേയും സ്ഥാപിത താല്പര്യക്കാര്‍ക്ക് അവരുടെ ചൂഷണോപാധിയാക്കാന്‍ അനുവദിക്കരുത്. വൈകാരിക ഇളക്കത്തിന് സാധ്യതയുള്ള സന്ദര്‍ഭങ്ങളില്‍ ചിന്താശൂന്യമായ നിലപാടുകള്‍ ഗുണം ചെയ്യില്ല. ജനശിക്ഷണം സാധ്യമാണെന്ന ഉത്തമബോധ്യമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഘടനാ പ്രവര്‍ത്തകരെ ഭരിക്കേണ്ടത്.
WATCH THIS VIDEO: