തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണങ്ങളുന്നയിച്ച പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് ജനീഷ് കുമാര്‍ എം.എല്‍.എ. പ്രതിപക്ഷ നേതാവിന്റെ കസേരയുടെ മഹത്വം എം.കെ മുനീര്‍ വിശദീകരിച്ചു. പല മഹാന്മാരും ഇരുന്നതിനെക്കുറിച്ച് മുനീര്‍ പറഞ്ഞത് അക്ബര്‍ ചക്രവര്‍ത്തിയുടെ സുവര്‍ണ സിംഹാസനത്തില്‍ മൂട്ട കയറിയിരുന്നപ്പോള്‍ ഭടന്മാര്‍ അത് ചക്രവര്‍ത്തിയാണ് എന്ന് പറഞ്ഞത് ഓര്‍ത്തിട്ടാവുമെന്നും ജനീഷ് കുമാര്‍ പരിഹസിച്ചു.
കേരളത്തിന്റെ ആരോഗ്യമന്ത്രി എങ്ങനെയാണ് ടീച്ചറമ്മയായത്. എങ്ങനെയാണ് ജനഹൃദയങ്ങളില്‍ ഇടം നേടിയതെന്നും ജനീഷ് കുമാര്‍ ചോദിച്ചു. ‘പൗഡറിട്ട്, പുട്ടിയിട്ട്, ഫേഷ്യല്‍ചെയ്ത്, ഡൈ ചെയ്ത് പത്ര സമ്മേളനം നടത്തിയല്ല. ജനുവരി 30 നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. അപ്പോള്‍ അരോഗ്യമന്ത്രി അവിടെയെത്തി ബന്ധപ്പെട്ടവരുമായി യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. വൈറസിനെതിരെ പ്രതിരോധം തീര്‍ത്തു നമ്മള്‍ വിജയിച്ചു. പിന്നീട് പത്തനംതിട്ടയില്‍ എത്തി… അസൂയപ്പെട്ടിട്ട് കാര്യമില്ല’, അദ്ദേഹം കുറ്റപ്പെടുത്തി.
ലോകം മുഴുവന്‍ മഹാമാരിയെ ഒന്നിച്ച് നിന്ന് പ്രതിരോധിക്കേണ്ട സാഹചര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷം ഇത്തരത്തില്‍ അധഃപതിക്കരുതെന്ന് എം.എല്‍.എ പറഞ്ഞു. മുഴുവന്‍ കോണ്‍ഗ്രസുകാരും ഇങ്ങനെയാണെന്ന് കരുതുന്നില്ല. നിയമസഭയിലെ പ്രതിപക്ഷാംഗങ്ങള്‍ മാത്രമാണ് ഇങ്ങനെ പ്രതികരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ടീച്ചര്‍ ഉറങ്ങിയിട്ടില്ലെന്ന് എം.കെ മുനീര്‍ പറഞ്ഞു. ശരിയാണ്. എങ്ങനെയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രിക്ക് ഉറങ്ങാന്‍ കഴിയുക? എന്നിട്ടും പ്രതിപക്ഷ നേതാവ് പറയുന്നത് ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണെന്നാണെന്നും ജനീഷ് കുമാര്‍ പറഞ്ഞു.