Advertisement
Kerala News
സിറാജ് ദിനപത്രത്തിലെ ലേഖനം കോഡിനേറ്റിങ് എഡിറ്ററുടെ പേരില്‍ പ്രസിദ്ധീകരിച്ച് സി.പി.ഐ മുഖപത്രം ജനയുഗം; പ്രതിഷേധവുമായി ലേഖകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 19, 12:12 pm
Sunday, 19th May 2019, 5:42 pm

കോഴിക്കോട്: സിറാജ് ദിനപത്രത്തിലെ ലേഖനം മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിച്ച് സി.പി.ഐ. മുഖപത്രം ജനയുഗം. മെയ് 4-ാം തിയ്യതി സിറാജ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് പത്ത് ദിവസത്തിന് ശേഷം ജനയുഗത്തില്‍ പത്രത്തിന്റെ കോഡിനേറ്റിങ് എഡിറ്ററുടെ പേരില്‍ പ്രസിദ്ധീകരിച്ചത്.

ഗുജറാത്ത് കലാപത്തിലെ ഇരയായ ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപ ഗുജറാത്ത് സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കണമെന്ന സുപ്രീംകോടതിയുടെ വിധിയെ തുടര്‍ന്ന് മുഹമ്മദാലി കിനാലൂര്‍ എഴുതിയ ലേഖനം വാക്കുകള്‍ പോലും മാറ്റാതെ ജനയുഗം കോഡിനേറ്റിങ് എഡിറ്റര്‍ യു വിക്രമന്റെ പേരില്‍ പ്രസിദ്ധീകരിച്ചത്.

‘ബില്‍ക്കീസാണ് തെളിവ്, ജനാധിപത്യം ചിരിതൂകും’ എന്ന പേരില്‍ മുഹമ്മദാലി കിനാലൂര്‍ മെയ് നാലിനാണ് ലേഖനം എഴുതിയത്. തുടര്‍ന്ന് ലേഖനത്തിലെ ആദ്യ ഭാഗത്തുള്ള സച്ചിദാനന്ദന്റെ കവിതാ ശകലം മാത്രം വെട്ടിമാറ്റി യു. വിക്രമന്റെ പേരില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഗുജറാത്ത് കലാപത്തെക്കുറിച്ചും ബില്‍ക്കിസിനെക്കുറിച്ചുമാണ് സച്ചിദാനന്ദന്റെ കവിത.

ലേഖനം പ്രസിദ്ധീകരിച്ച അന്ന തന്നെ മുഹമ്മദ് തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ തന്റെ ലേഖനം ജനയുഗം മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിച്ചതിനെ കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്നും മുഹമ്മദാലി കിനാലൂര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

കടുത്ത പ്രതിഷേധമുണ്ടെന്നും തിരുത്ത് കൊടുക്കാന്‍ പത്രാധിപരോട് ആവശ്യപ്പെടുമെന്നും മുഹമ്മദാലി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

DoolNews Video