| Tuesday, 26th May 2015, 8:17 am

മാവോയിസ്റ്റുകളെ പിന്തുണച്ച് ജനയുഗം മുഖപ്രസംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാവോയിസ്റ്റുകളെ പിന്തുണച്ച് സി.പി.ഐ മുഖപത്രം ജനയുഗത്തിന്റെ മുഖപ്രസംഗം. മാവോയിസ്റ്റുകള്‍ കമ്മ്യൂണിസ്റ്റ് പരിവാരത്തിലേക്ക് തിരിച്ചുവരണം എന്ന് ആഹ്വാനം  ചെയ്യുന്ന മുഖപ്രസംഗത്തില്‍ മാവോയിസ്റ്റുകളോടുള്ള ഭരണകൂട സമീപനത്തെ വിമര്‍ശിക്കുന്നതോടൊപ്പം മാവോയിസ്റ്റുകള്‍ അവരുടെ പാത തിരുത്തണമെന്നും ആവശ്യപ്പെടുന്നു.

“ക്രിമിനലുകള്‍ എന്ന നിലയിലാണ്  ഗവണ്‍മെന്റും കോടതിയും മാവോയിസ്റ്റുകളെ പരിഗണിക്കുന്നത്. വിശ്വാസ പ്രമാണ വഴിയില്‍ ഒരാള്‍ മാവോയിസ്റ്റാകുന്നത് കുറ്റകരമായ കാര്യമായി കാണാന്‍ സാധിക്കില്ല എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇക്കാര്യം നമ്മുടെ രാജ്യവംു രാഷ്ട്രീയ പ്രസ്ഥാനങ്ങളും തുറന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

ഭരണകൂടം അവരെയിപ്പോള്‍ പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അമര്‍ച്ചചെയ്യാനാണ് ശ്രമിക്കുന്നത്. ആ ശൈലി ഉപേക്ഷിക്കണം. ഒരു പ്രയോജനവുമില്ലാതെ ബോംബ് പൊട്ടിച്ചും വെടിയുതിര്‍ത്തും നിരപരാധികളെ കൊന്നുരസിക്കുന്ന ഭീകരനെയും മനുഷ്യത്വമില്ലാത്ത കൊടും കുറ്റവാളിയേയും കൈകാര്യം ചെയ്യുന്നതുപോലെ മാവോയിസ്റ്റുകളെ കൈകാര്യം ചെയ്യാന്‍ പാടില്ല. മാവോയിസ്റ്റ് പ്രശ്‌നത്തെ രാഷ്ട്രീയപ്രശ്‌നമായി കാണണം.

മാവോ മരിച്ചു, മാവോയിസവും. മാവോയുടെ നാടായ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാവോയിസത്തെ തള്ളിപ്പറഞ്ഞു. എന്നുമാത്രമല്ല, മാവോയിസ്റ്റ് കാലഘട്ടത്തെ ചരിത്രനഷ്ടമായി അവര്‍ വിലയിരുത്തി. അവര്‍ പുത്തനുണര്‍വുതേടി. ഇന്ത്യയുടെ മണ്ണില്‍ മാവോസൂക്തം വിഴുങ്ങിയ കുറേപ്പേര്‍ക്ക് ഇനിയും ബോധ്യപ്പെടാനുണ്ട്.

മാവോയിസ്റ്റുകളോടും ഭിന്നിച്ചുപോയവരോടും വര്‍ഗ ശത്രുക്കളോടെന്നപോലെയുള്ള സമീപനം സി.പി.ഐ എടുത്തിട്ടില്ല. വഴിതെറ്റിപ്പോകുന്ന കമ്മ്യൂണിസ്റ്റ് സഹോദരങ്ങള്‍ എന്ന സമീപനമാണ് എക്കാലത്തും കൈക്കൊണ്ടിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് പരിവാരങ്ങള്‍ ഒത്തുചേരുമ്പോള്‍ അവരും ഉണ്ടാവണം.” മുഖപ്രസംഗത്തില്‍ പറയുന്നു.

മാവോയിസ്റ്റുകള്‍ അവരുടെ പാത തിരുത്തണമെന്നും വ്യക്തികളെ ഉന്മൂലനം ചെയ്യുന്നതും കൊള്ളയടിക്കുന്നതും മറ്റും വിപ്ലവപ്രവര്‍ത്തനമേ അല്ല. ഒരു ജന്മിയെ കൊന്നാല്‍ ജന്മിത്തം അവസാനിക്കുകയില്ലെന്നും മുഖ പ്രസംഗത്തില്‍ പറയുന്നു.

മാവോയിസ്റ്റ് പ്രവര്‍ത്തകരായ രുപേഷും സംഘവും പിടിയിലായ സമയത്ത് മാവോയിസ്റ്റുകള്‍ക്ക് പരസ്യ പിന്തുണയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തു വന്നിരുന്നു. ഒരു കാലത്ത് സി.പി.ഐയില്‍ നിന്നും വിഭജിച്ച് പോയ പ്രവര്‍ത്തകരെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് സി.പി.ഐ.

കൂടുതല്‍ വായനക്ക്‌

മാവോവാദിയാകുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

മാവോയിസ്റ്റുകള്‍ക്ക് രാഷ്ട്രീയ പിന്തുണയുമായി സി.പി.ഐ

വിപ്ലവം കാട്ടു തീപോലെ പടരും മാവോവാദി നേതാവ് ഗണപതി സംസാരിക്കുന്നു

 കേന്ദ്ര കമ്മിറ്റിക്ക് ഒരു മാവോയിസ്റ്റ് കത്ത്

കിഷന്‍ജി കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍: ഗുരുദാസ് ദാസ് ഗുപ്ത

We use cookies to give you the best possible experience. Learn more