| Friday, 7th June 2019, 11:45 pm

പ്രശാന്ത് കിഷോറിനെ കൈവിട്ട് ജെ.ഡി.യു; പ്രകോപനം മമതയുമായി കൈകോര്‍ത്തത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ തന്ത്രഞ്ജന്‍ പ്രശാന്ത് കിഷോറിനെ കൈവിട്ട് ജെ.ഡി.യു.
ബിജെപിയുടെ വളര്‍ച്ച തടഞ്ഞ് സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിനെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നതിന് വേണ്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രശാന്ത് കിഷോറുമായി ധാരണയിലെത്തിയിരിക്കുന്നത്. അടുത്ത മാസം മുതലാണ് പ്രശാന്ത് കിഷോര്‍ ബംഗാളില്‍ പ്രവര്‍ത്തനമാരംഭിക്കുക.

ജെ.ഡി.യു ഔദ്യോഗിക വക്താവ് അജയ് അലോക് പ്രശാന്ത് കിഷോറിന്റെ പുതിയ നീക്കത്തെ കുറിച്ച് പ്രതികരിച്ചത് അകലം സൂക്ഷിച്ചാണ്. ജെ.ഡി.യുവിന് ഇക്കാര്യത്തെ കുറിച്ച് യാതൊരു വിവരവുമില്ല. പ്രശാന്ത് കിഷോര്‍ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് ജെ.ഡി.യുവിന് എന്ത് ചെയ്യാന്‍ കഴിയും. രാഷ്ട്രീയ പ്രവര്‍ത്തകനായാണ് പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലേക്ക് വരുന്നതെന്നാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞത്. പ്രശാന്ത് കിഷോറിന് രാഷ്ട്രീയ പ്രവര്‍ത്തകനാവാന്‍ താല്‍പര്യമില്ലെങ്കില്‍ എന്ത് ചെയ്യാനാവുമെന്ന് അജയ് അലോക് ചോദിച്ചു.

ജെ.ഡി.യുവിലെ രണ്ടാമന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടാണ് പ്രശാന്ത് കിഷോര്‍ പാര്‍ട്ടി പ്രവേശനം നടത്തിയത്. ഇക്കാര്യത്തിലും അജയ് അലോക് പ്രതികരിച്ചു. പാര്‍ട്ടിയിലങ്ങിനെ ഒരു പദവി ഇല്ല. പാര്‍ട്ടിക്ക് ദേശീയ അദ്ധ്യക്ഷനും മറ്റ് ഭാരവാഹികളും ഉണ്ട്. അതിലൊരാള്‍ മാത്രമാണ് പ്രശാന്ത് എന്നായിരുന്നു അജയ് അലോകിന്റെ പ്രതികരണം.

42 സീറ്റുള്ള പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സീറ്റ് 34ല്‍ നിന്നും 22 ആയി കുറഞ്ഞിരുന്നു. രണ്ടു സീറ്റുണ്ടായിരുന്ന ബി.ജെ.പിയ്ക്ക് 18 സീറ്റുകളില്‍ വിജയം നേടാനും കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മമത പ്രശാന്ത് കിഷോറിന്റെ സഹായം തേടിയിരിക്കുന്നത്.

ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ വിജയനത്തിനു പിന്നില്‍ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളാണെന്ന വിലയിരുത്തലുണ്ടായിരുന്നു. 25 ലോക്‌സഭാ സീറ്റുകളും 175 നിയമസഭാ സീറ്റുകളില്‍ 150ലേറെ സീറ്റുകളും നേടിയ ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രയില്‍ ആദ്യമായി അധികാരത്തിലെത്തിയിരുന്നു.

ജഗന്‍മോഹന്‍ റെഡ്ഡിയുടെ വിജയനത്തിനുശേഷം അദ്ദേഹത്തെ കൂടുതല്‍ കൂടുതല്‍ പാര്‍ട്ടികള്‍ സമീപിക്കുന്നുണ്ടെന്ന് പ്രശാന്ത് കിഷോറുമായി അടുത്ത വൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നു.

2014ല്‍ നരേന്ദ്രമോദിയുടെ പ്രചാരണത്തിലും 2015ലെ നിതീഷ് കുമാറിന്റെ പ്രചാരണത്തിലും പ്രശാന്ത് കിഷോറിന് വലിയ റോളുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more