മലയാള സിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ജനാര്‍ദ്ദനന്‍. ആദ്യകാലങ്ങളില്‍ പ്രതിനായക വേഷങ്ങളില്‍ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ഹാസ്യ നടനായും സ്വഭാവ നടനായും തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്.
ജനാര്‍ദ്ദനന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍. മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത അതുല്യ കലാകാരനായിരുന്നു അദ്ദേഹം. ഹാസ്യ താരമായും സ്വഭാവനടനായും മലയാള സിനിമയില്‍ നിറഞ്ഞു നിന്ന അദ്ദേഹം എം.ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ഒരു ചെറു പുഞ്ചിരി എന്ന ചിത്രത്തില്‍ നായകനായും അഭിനയിച്ചിട്ടുണ്ട്.
ഒടുവില്‍ ഉണ്ണികൃഷ്ണനെ കുറിച്ച് സംസാരിക്കുകയാണ് ജനാര്‍ദ്ദനന്‍. വളരെ സാധുവായ മനുഷ്യനാണ് അദ്ദേഹമെന്നും ഒടുവില്‍ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ എല്ലാവരും അല്‍പായുസുകള്‍ ആയിരുന്നുവെന്നും ജനാര്‍ദ്ദനന്‍ പറയുന്നു. അഭിനയിക്കുകയാണെന്ന് തോന്നാത്ത രീതിയില്‍ അഭിനയിക്കുന്ന ആളാണ് അദ്ദേഹമെന്നും, അദ്ദേഹത്തിന്റെ അഭിനയത്തോട് കൊതി തോന്നിപ്പോകാറുണ്ടെന്നും ജനാര്‍ദ്ദനന്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവിസില്‍ സംസാരിക്കുകയാണ് ജനാര്‍ദ്ദനന്‍.
‘വളരെ സാധുവായ ഒരു മനുഷ്യനാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍. ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ള വ്യക്തിയാണദ്ദേഹം. എന്നോട് അദ്ദേഹം പറഞ്ഞിട്ടുണ്ട് തന്റെ വീട്ടില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നത് താനാണെന്ന്. അവരുടെ വീട്ടില്‍ എല്ലാവരും അല്‍പായുസുകള്‍ ആയിരുന്നു. അവരുടെ വീട്ടില്‍ ആണുങ്ങള്‍ വാഴില്ല.
നല്ലൊരു മനുഷ്യനായിരുന്നു. ഒരിടക്ക് ഞാന്‍, ജയറാം, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജഗതി, നരേന്ദ്ര പ്രസാദ് എന്നിവര്‍ ഒരു ടീം പോലെ പത്ത് മുപ്പത് പടങ്ങള്‍ ചെയ്തിട്ടുണ്ട്. അഭിനയിക്കുകയാണെന്ന് തോന്നാത്ത രീതിയില്‍ അഭിനയിക്കുന്ന വേറൊരു നടന്‍ മലയാളത്തില്‍ ഉണ്ടോ എന്ന് അറിയില്ല. വളരെ നാച്ചുറല്‍ ആയിട്ട് അഭിനയിക്കുന്ന വ്യക്തിയാണദ്ദേഹം. കൊതികിട്ടുന്ന അഭിനയം എന്ന് വേണമെങ്കില്‍ പറയാം. അദ്ദേഹം നന്നായിട്ട് പാട്ട് പാടുകയും മൃദംഗം വായിക്കുകയുമൊക്കെ ചെയ്യുമായിരുന്നു,’ ജനാര്‍ദ്ദനന്‍ പറയുന്നു.
Content Highlight: Janardhanan Talks about Oduvil Unnikrishnan