ബാക്കി എല്ലാവരുമായിട്ടും പിണങ്ങാറുള്ള ആ നടന്‍ എന്നോട് മാത്രം അങ്ങനെയല്ല: ജനാര്‍ദനന്‍
Entertainment
ബാക്കി എല്ലാവരുമായിട്ടും പിണങ്ങാറുള്ള ആ നടന്‍ എന്നോട് മാത്രം അങ്ങനെയല്ല: ജനാര്‍ദനന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th October 2024, 1:20 pm

50 വര്‍ഷത്തിലധികമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ജനാര്‍ദനന്‍. കരിയറിന്റെ തുടക്കത്തില്‍ അദ്ദേഹത്തിന് കിട്ടിയത് കൂടുതലും വില്ലന്‍ വേഷങ്ങളായിരുന്നു. 90കളുടെ തുടക്കത്തില്‍ കോമഡി വേഷങ്ങളിലേക്ക് ചേക്കേറിയ ജനാര്‍ദനന്‍ പിന്നീട് മലയാളികളുടെ പ്രിയനടന്മാരില്‍ ഒരാളായി മാറി. മലയാളത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടനെക്കുറിച്ച് സംസാരിക്കുകയാണ് ജനാര്‍ദനന്‍. അന്തരിച്ച നടന്‍ എം.ജി. സോമനാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടനെന്ന് ജനാര്‍ദനന്‍ പറഞ്ഞു.

1972ലാണ് താന്‍ സിനിമയിലേക്കെത്തിയതെന്നും രണ്ട് വര്‍ഷത്തിന് ശേഷമാണ് സോമന്‍ സിനിമയിലേക്കെത്തിയതെന്നും ജനാര്‍ദനന്‍ കൂട്ടിച്ചേര്‍ത്തു. സോമന്റെ ആദ്യചിത്രമായ ഗായത്രിയില്‍ താനും ഉണ്ടായിരുന്നെന്നും ആദ്യം കണ്ടപ്പോള്‍ തന്നെ അയാളുമായി നല്ല ആത്മബന്ധം ഉണ്ടാക്കാന്‍ സാധിച്ചെന്നും ജനാര്‍ദനന്‍ പറഞ്ഞു. സോമനുമായി സംസാരിച്ചിരിക്കാന്‍ തന്നെ പ്രത്യേക രസമാണെന്നും എല്ലാവരെയും തന്നിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്ന വ്യക്തിത്വം സോമന് ഉണ്ടായിരുന്നെന്നും ജനാര്‍ദനന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമാ ഇന്‍ഡസ്ട്രിയില്‍ സോമന്‍ പലപ്പോഴും പലരോടുമായി ചെറിയ പിണക്കമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ തന്നോട് മാത്രം പിണങ്ങിയിട്ടില്ലെന്നും ജനാര്‍ദനന്‍ പറഞ്ഞു. പകരം താന്‍ സോമനുമായി വഴക്കുണ്ടാക്കിയിട്ടുണ്ടെന്നും തന്നെ ജനു എന്നാണ് സോമന്‍ വിളിച്ചിരുന്നതെന്നും ജനാര്‍ദനന്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘1972ലാണ് ഞാന്‍ സിനിമയിലേക്കെത്തുന്നത്. ആദ്യത്തെ കഥ എന്നായിരുന്നു എന്റെ ആദ്യസിനിമയുടെ പേര്. പിന്നീട് 1974ല്‍ ഗായത്രി എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ സോമനെ ആദ്യമായി കാണുന്നത്. സോമന്റെ ആദ്യചിത്രമായിരുന്നു അത്. ശുചീന്ദ്രത്ത് വെച്ചായിരുന്നു ഗായത്രിയുടെ ഷൂട്ട്. സോമനുമായി ആദ്യം പരിചയപ്പെട്ടപ്പോള്‍ അയാളില്‍ എന്തോ ഒരു പ്രത്യേകത ഞാന്‍ കണ്ടിരുന്നു. എല്ലാവരുമായും വളരെ പെട്ടെന്ന് അടുക്കുന്ന വ്യക്തിത്വമായിരുന്നു സോമന്റേത്.

പലരും പറയാറുണ്ട്, മലയാളസിനിമയില്‍ പലരുമായും സോമന്‍ ചെറുതായി പിണങ്ങാറുണ്ടെന്ന്. പക്ഷേ എന്നോട് മാത്രം സോമന്‍ പിണങ്ങിയിട്ടില്ല. കാരണം, അതിനുമുമ്പ് ഞാന്‍ അവനോട് ദേഷ്യപ്പെടും. എന്നെ ജനു എന്നാണ് സോമന്‍ വിളിച്ചിരുന്നത്. തിരിച്ച് ഞാന്‍ സോമു എന്നും വിളിക്കും. അങ്ങനെ ഒരു പ്രത്യേക ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍,’ ജനാര്‍ദനന്‍ പറഞ്ഞു.

Content Highlight: Janardhanan shares his bond with MG Soman