കണ്ണൂര്‍: രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പോകുന്നില്ലെന്ന തീരുമാനം മാറ്റി കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാര്‍ദ്ദനന്‍. പോകാതിരുന്നാല്‍ മുഖ്യന്ത്രി ചെറുതായി പോകുമെന്ന തോന്നലിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയതെന്ന് ജനാര്‍ദ്ദനന്‍ പറഞ്ഞു.
മീഡിയ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മുഖ്യമന്ത്രി പ്രത്യേക പരിഗണനയാണ് എനിക്ക് തന്നത്. ജില്ലാകമ്മിറ്റിയില്‍ നിന്ന് വിളിച്ച് പോകാന്‍ തയ്യാറായാല്‍ മാത്രം മതി, അവിടെ എത്തിക്കാന്‍ എല്ലാ സൗകര്യവും ചെയ്യാമെന്ന് പറഞ്ഞു. എനിക്ക് വിഷമമുണ്ടെങ്കില്‍ നിര്‍ബന്ധിക്കേണ്ട, കണ്ണൂരില്‍ വരുമ്പോ എന്നെ കാണാന്‍ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നാണ് അറിഞ്ഞത്. അത് ഞാന്‍ വല്യ ആളും മുഖ്യമന്ത്രി ചെറുതായിപ്പോകുന്ന അവസ്ഥയുമാകുമോ എന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാന്‍ അങ്ങോട്ടുപോകാന്‍ തീരുമാനിച്ചത്,’ ജനാര്‍ദ്ദനന്‍ പറഞ്ഞു.
ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കിയ ജനാര്‍ദ്ദനനെ രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുഖ്യമന്ത്രി കഴിഞ്ഞ ദിവസമായിരുന്നു ക്ഷണിച്ചത്.
ജനാര്‍ദ്ദനന്‍ തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 2,00850 രൂപയില്‍ 850 രൂപ മാത്രം ബാക്കിവെച്ച് മിച്ചമുള്ള രണ്ടുലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. കൊവിഡ് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായായിരുന്നു തുക നല്‍കിയത്. ഇതോടെയാണ് ഇദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടുന്നത്.
മെയ് 20 നാണ് രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ 500 പേരെയാണ് പങ്കെടുപ്പിക്കുന്നത്.
140 എം.എല്‍.എമാരും ചടങ്ങില്‍ പങ്കെടുക്കും. പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം നിജപ്പെടുത്തിയിട്ടുണ്ട്. ന്യായാധിപര്‍, ചീഫ് സെക്രട്ടറി, സെക്രട്ടറിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പടെയാണ് 500 പേരെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ പൊതുചടങ്ങായി നടത്തുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിവിധ ഭാഗങ്ങളില്‍ നിന്നുമുയരുന്നത്. പൊതുജനങ്ങള്‍ എല്ലാ പരിപാടികളും ഒഴിവാക്കി വീടുകളില്‍ തന്നെ കഴിയുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങ് നടത്തുന്നത് ധാര്‍മികമല്ലെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ചടങ്ങ് രോഗവ്യാപനത്തിന് കാരണമായേക്കാം എന്ന് മാത്രമല്ല, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളോടുള്ള ജനങ്ങളുടെ കാഴ്ചപ്പാടിനെയും താല്‍പര്യത്തെയും ഇത് മോശമായി ബാധിക്കുമെന്നും അഭിപ്രായങ്ങളുയര്‍ന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക