എയർ ഫോഴ്സ് ട്രെയിനിങ് സമയത്ത് അവരെന്നെ ജയിലിൽ ഇട്ടു: ജനാർഥനൻ
Entertainment
എയർ ഫോഴ്സ് ട്രെയിനിങ് സമയത്ത് അവരെന്നെ ജയിലിൽ ഇട്ടു: ജനാർഥനൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th August 2023, 8:31 am

എയർ ഫോഴ്സ് ട്രെയിനിങ് കാലഘട്ടത്തിൽ താൻ ജയിലിൽ കിടന്നിട്ടുണ്ടെന്ന് നടൻ ജനാർഥനൻ. പരീക്ഷക്ക് തനിക്ക് കളർ ബ്ലൈൻഡ്‌നെസ്സ് ഉണ്ടെന്നുപറഞ്ഞ് ഒഴിവാക്കിയെന്നും എന്നാൽ മറ്റൊരാളെ തെരഞ്ഞെടുക്കുന്നതിനായി തന്നെ മനപ്പൂർവം ഒഴിവാക്കാൻ ചെയ്തതാണെന്നും മനസിലായപ്പോൾ അധികൃതരോട് താൻ ദേഷ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നത്തെ തുടർന്ന് എയർ ഫോഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് തന്നെ ജയിലിൽ അടക്കുകയും ട്രെയിനിങ് തുക അടച്ചിട്ട് പോയാൽ മതിയെന്ന് പറയുകയുമായിരുന്നെന്നും ജനാർഥനൻ കൂട്ടിച്ചേർത്തു. സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ വീട്ടിൽ ധാരാളം അംഗങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പ കാലത്ത് പല വഴിയിൽ എനിക്ക് പണം കിട്ടും. അച്ഛനോട് ചോദിച്ച് പണം വാങ്ങിക്കും കൂടാതെ അമ്മാവനോടും ചോദിച്ചുവാങ്ങിക്കും. അതുകൊണ്ട് ഞാൻ കോളേജിൽ വളരെ ധൂർത്തൻ ആയിരുന്നു.

അതിന്റെ പരിണിത ഫലമെന്തെന്നാൽ ഞാൻ എല്ലാ വിഷയങ്ങൾക്കും വട്ട പൂജ്യം വാങ്ങി. എങ്ങനെ വാങ്ങാതിരിക്കും കറങ്ങി നടക്കുവല്ലേ. വീട്ടിൽ വന്നാൽ അതിന്റെ പേരിൽ വഴക്ക്. ഞാൻ രക്ഷപ്പെടില്ല എന്ന് തന്നെയായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്.

വീട്ടിൽ ചെന്നാൽ അമ്മയുടെ, അച്ഛന്റെ, ചേട്ടന്റെ, അമ്മാവന്മാരുടെ എല്ലാവരുടെയും വഴക്ക് വാങ്ങിക്കണം. അതുകൊണ്ട് ഞാൻ നാടുവിടാൻ തീരുമാനിച്ചു. എല്ലാവരും എഴുതി തള്ളിയ സമയത്ത് എന്റെ ഒരു ബന്ധു വന്നിട്ട് എന്നെ ഇങ്ങനെ നിർത്തുന്നതെന്തിനാണെന്ന് ചോദിച്ചു. എന്നിട്ട് പുള്ളി എന്നോട് പറഞ്ഞു എങ്ങോട്ടെങ്കിലും പോടാ എന്ന്. ഞാൻപറഞ്ഞു പൈസ തന്നാൽ പോകാമെന്ന്. അവർ എനിക്ക് 500 രൂപ തന്നു.

ഞാൻ ആ പൈസ കൊണ്ട് ബംഗളുരുവിലുള്ള എന്റെ ഒരു സുഹൃത്തിന്റെ അടുത്തുപോയി. അവിടെ ചെന്ന് എയർഫോഴ്‌സിലേക്ക് അപ്ലൈ ചെയ്തു റിക്രൂട്ട് ആകുകയും ചെയ്തു. അവിടെ നല്ല സ്ട്രിക്ട്റ്റ് ആണല്ലോ. എങ്ങനെയൊക്കെയോ കടിച്ചുപിടിച്ച് ട്രെയിനിങ് പൂർത്തിയാക്കി. അങ്ങനെ പൈലറ്റ് ആകാൻ ആഗ്രഹം വന്നു.

എനിക്ക് കിട്ടിയത് ഫ്ലൈറ്റ് മെക്കാനിക്ക് ട്രേഡ് ആണ്. അത് എല്ലാവർക്കും ആഗ്രഹമുള്ള ട്രേഡ് ആണ്. അതിലേക്കുള്ള പരീക്ഷ ഞാൻ പാസ്സ് ആയി. പക്ഷെ എനിക്ക് കളർ ബ്ലൈൻഡ്‌നെസ്സ് ഉണ്ടെന്ന് പറഞ്ഞ് അവർ ഒഴിവാക്കി. പക്ഷെ അവിടെയുള്ള ആരുടെയോ ബന്ധുവിന് ആ സീറ്റ് കൊടുക്കാൻ വേണ്ടി എന്നെ ഒഴിവാക്കിയതാണെന്ന് എനിക്ക് മനസിലായി. പിന്നെ വാശിയായി. അങ്ങനെ വഴക്കുണ്ടാക്കി. അവർ എന്നെ ജയിലിൽ ഇട്ടു. നിങ്ങളെ വിടില്ല എന്നുതന്നെ അവർ പറഞ്ഞു. ട്രെയിനിങ് കഴിഞ്ഞതിന്റെ പണം മുഴുവൻ അടക്കണമെന്ന്. എങ്ങനെയോ കാലുപിടിച്ച് പിന്നെയും വീട്ടിൽ എത്തുകയായിരുന്നു,’ജനാർഥനൻ പറഞ്ഞു.

Content Highlights: Janardhanan on Air force training institute memories