വില്ലനായി തുടങ്ങി പിന്നീട് തമാശ നിറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച നടനാണ് ജനാര്‍ദ്ദനന്‍.
കുടുംബാസൂത്രണത്തെപ്പറ്റി നിര്‍മിച്ച പ്രതിസന്ധി എന്ന ഡോക്യുമെന്ററിയില്‍ നാഷണല്‍ സാമ്പിള്‍ സര്‍വേയിലെ ഉദ്യോഗസ്ഥനായി അഭിനയിച്ചുകൊണ്ട് ക്യാമറയ്ക്ക് മുന്നിലെത്തിയ ജനാര്‍ദ്ദനന്‍ പിന്നീട് ചായം, മോഹം തുടങ്ങിയ ഒരു പിടി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. പതിയെ സിനിമയിലെ സ്ഥിരം വില്ലനായി.
സി.ബി.ഐ. ഡയറിക്കുറിപ്പ് എന്ന കെ. മധു ചിത്രം നല്‍കിയ പുതിയ പരിവേഷം ജനാര്‍ദ്ദനന് വഴിത്തിരിവാകുകയായിരുന്നു.
ജാഗ്രത, ഇരുപതാം നൂറ്റാണ്ട്, ആധാരം, മേലേപ്പറമ്പില്‍ ആണ്‍വീട്, സി.ഐ.ഡി. ഉണ്ണികൃഷ്ണന്‍ ബി.എ ബി.എഡ്, വാര്‍ധക്യപുരാണം, അനിയന്‍ബാവ ചേട്ടന്‍ബാവ, മാന്നാര്‍ മത്തായി സ്പീക്കിങ്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക തുടങ്ങിയ ചിത്രങ്ങളിലെ ജനാര്‍ദ്ദനന്റെ കഥാപാത്രങ്ങള്‍ മലയാളികള്‍ എന്നും ഓര്‍മിക്കുന്നവയാണ്.
തന്റെ സ്വകാര്യജീവിതത്തെ പറ്റി മനസ് തുറക്കുകയാണ് ജനാര്‍ദ്ദനന്‍. മരിക്കുകയാണെങ്കില്‍ ഒരു സ്‌മോള്‍ അടിച്ചുകൊണ്ട് മരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുടുംബജീവിതത്തെ പറ്റിയും ജനാര്‍ദ്ദനന്‍ പറഞ്ഞു.
‘എനിക്ക് ഒറ്റ ആഗ്രഹമേയുള്ളൂ, കിടക്കാതെ ചാവണം. പറ്റുമെങ്കില്‍ ഒരു സ്‌മോള്‍ അടിച്ചോണ്ടിരിക്കുമ്പോള്‍ ചാവണം. (ചിരിക്കുന്നു). കുടുംബജീവിതത്തെ പറ്റി പറയുകയാണെങ്കില്‍ എന്റെ ബന്ധുതയില്‍ പെട്ട ഒരു പെണ്‍കുട്ടിയുമായി ഒരു കൊരുത്ത് വീണു. കൊച്ചിലെ മുതല്‍. പക്ഷേ കല്യാണം കഴിക്കേണ്ട പ്രായപ്പോള്‍ അവളുടെ അച്ഛനും അമ്മയും വേറെ കല്യാണം കഴിപ്പിച്ചു. ഞാന്‍ ദു:ഖിതനായി. ആ ദുഖം മനസില്‍ വെച്ചുകൊണ്ട് മിണ്ടാതിരുന്നു.
എന്തെങ്കിലും ഒരു പോംവഴി ഉണ്ടാവുമെന്ന് എനിക്കറിയാം. രണ്ട് വര്‍ഷത്തിനുള്ളില്‍ അവര്‍ പിരിഞ്ഞു. ഇവള്‍ വിഷമത്തോടെ ഇരിക്കുമ്പോള്‍ എന്റെ കൂടെ പോരാന്‍ പറഞ്ഞു. നിന്റെ ജന്മം എനിക്കവകാശപ്പെട്ടതാണ് എന്ന് പറഞ്ഞ് വിളിച്ചോണ്ട് പോയി,’ ജനാര്‍ദ്ദനന്‍ പറഞ്ഞു.
”പക്ഷേ അവള്‍ക്ക് എന്റെ ഒപ്പം ജീവിക്കാനുളള ഭാഗ്യം ഉണ്ടായില്ല. 12 കൊല്ലം മുന്‍പ് മരിച്ചുപോയി. അവള്‍ മരിച്ചതോടെ ഞാന്‍ കുറച്ച് സൈലന്റായി. അവള്‍ ഹൈലി എജ്യുക്കേറ്റഡ് ആയിരുന്നു. ദല്‍ഹിയിലാണ് പഠിച്ചത്.
അവളുടെ മരണശേഷം പല പ്രൊപ്പോസലുകള്‍ വന്നു. ആ സമയത്തൊന്നും എനിക്ക് തോന്നിയില്ല. ഏച്ചുകെട്ടിയാല്‍ മുഴച്ചു നില്‍ക്കുന്നത് പോലെ രണ്ടാമതൊരു ബന്ധം വന്നു. അതിനെപറ്റി ഒന്നും പറയുന്നില്ല,’ ജനാര്‍ദ്ദനന്‍ പറയുന്നു.