| Friday, 4th May 2018, 2:20 pm

ജനാര്‍ദ്ദന റെഡ്ഡി ബെല്ലാരിയില്‍ പ്രചാരണം നടത്തരുതെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മെയ് 12ന് നടക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി ജനാര്‍ദ്ദന റെഡ്ഡി ബെല്ലാരിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തരുതെന്ന് സുപ്രീംകോടതി. സഹോദരന്‍ സോമശേഖര റെഡ്ഡിക്ക് പ്രചാരണം നടത്തുന്നതിന് വേണ്ടിയാണ് സുപ്രീംകോടതിയോട് അനുമതി ചോദിച്ചിരുന്നത്.

10 ദിവസത്തെ ഇളവാണ് റെഡ്ഡി ഇളവായി ചോദിച്ചിരുന്നത്. ഖനി അഴിമതിക്കേസിലെ ജാമ്യവ്യവസ്ഥയനുസരിച്ച് 2015ന് ശേഷം റെഡ്ഡിക്ക് ബെല്ലാരിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. റെഡ്ഡിക്ക് പ്രചാരണത്തില്‍ പങ്കെടുക്കേണ്ട കാര്യമില്ലെന്ന് അപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

ജനാര്‍ദ്ദന റെഡ്ഡിയുടെ സഹോദരന്മാരായ സോമശേഖരെ റെഡ്ഡിയെ ബെല്ലാരിയിലും കരുണാകര റെഡ്ഡിയെ ഹാരപ്പനഹള്ളിയിലുമാണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്. റെഡ്ഡിയുടെ സുഹൃത്തായ ശ്രീരാമലൂ സിദ്ധരാമയ്യക്കെതിരായ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയാണ്.

റെഡ്ഡിയെ സഹകരിപ്പിക്കുന്നില്ലെന്ന് ബി.ജെ.പി പറയുന്നുണ്ടെങ്കിലും കര്‍ണാടകയില്‍ ജനാര്‍ദ്ദന റെഡ്ഡി ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം സോമശേഖര റെഡ്ഡിക്കൊപ്പം നരേന്ദ്രമോദി കഴിഞ്ഞ ദിവസം വേദി പങ്കിട്ടിരുന്നു. ബി.ജെ.പിക്ക് ശക്തി കുറഞ്ഞ ഹൈദരാബാദ്-കര്‍ണാടക മേഖലയില്‍ ജയിക്കുന്നതിന് വേണ്ടിയാണ് റെഡ്ഡി സഹോദരന്മാര്‍ക്ക് സീറ്റ് നല്‍കുന്നതെന്ന് ബി.ജെ.പി ന്യായീകരിച്ചിരുന്നു. ഇരുവര്‍ക്കും സീറ്റ് നല്‍കിയത് അമിത് ഷായാണെന്നും യെദിയൂരപ്പ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more