| Thursday, 8th November 2018, 10:11 am

'18 കോടിയുടെ അഴിമതി കേസില്‍ കുടുങ്ങുമെന്ന് ഉറപ്പായി 'ജനാര്‍ദ്ദന്‍ റെഡ്ഡി ഒളിവില്‍ പോയത് ബെല്ലാരിയിലെ ബി.ജെ.പിയുടെ കനത്ത തോല്‍വിക്ക് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബെല്ലാരിയിലെ ഖനിമാഫിയാ തലവനും മുന്‍ ബി.ജെ.പി മന്ത്രിയുമായ ഗാലി ജനാര്‍ദ്ധന്‍ റെഡ്ഡിയുടെ തിരോധാനം ബെല്ലാരിയുടെ ബി.ജെ.പിയുടെ കനത്ത തോല്‍വിക്ക് പിന്നാലെ.

2004 മുതല്‍ ബി.ജെ.പി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്ന ബെല്ലാരി കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് മുന്നില്‍ തകര്‍ന്നു പോയിരുന്നു. 2014 ലില്‍ ബി.ജെ.പിയുടെ ശ്രീരാമുലു 85,144 വോട്ടിന് ജയിച്ച ബെല്ലാരിയില്‍ രണ്ടര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ കോണ്‍ഗ്രസ് ബി.ജെ.പിയെ അട്ടിമറിച്ചത്.

ബെല്ലാരി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സര്‍വപിന്തുണയും നല്‍കി കൂടെനിന്നിരുന്നത് റെഡ്ഡി സഹോദരന്‍മാരായിരുന്നു. റെഡ്ഡി സഹോദരന്മാരുടെ പിന്തുണയില്‍ ബി.ജെ.പി ശക്തമായ പ്രചരണം നടത്തിയെങ്കിലും ബി.ജെ.പി കനത്ത തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.


Dont Miss കരളില്‍ അണുബാധ; എം.ഐ. ഷാനവാസ് എം.പി.യുടെ നില ഗുരുതരം


പതിനാല് വര്‍ഷമായി ബി.ജെ.പി കയ്യടക്കിയിരുന്ന ബെല്ലാരി നഷ്ടപ്പെട്ടത് ബി.ജെ.പിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയായിരുന്നു. ബെല്ലാരിയിലെ തോല്‍വിക്ക് പിന്നാലെ ജനാര്‍ദ്ദന്‍ റെഡ്ഡിക്കെതിരെ അഴിമതി കേസില്‍ അന്വേഷണം ശക്തമാകുമെന്ന് വന്നതോടെയാണ് അദ്ദേഹം ഒളിവില്‍ പോയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

കര്‍ണാടകത്തില്‍ ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള റെഡ്ഡിയുടെ പേരില്‍ നിരവധി അഴിമതി കേസുകള്‍ നിലവിലുണ്ട്. 18 കോടിയുടെ കൈക്കൂലി കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.

യെദ്യൂരപ്പ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സമയത്ത് കേസില്‍ ഉള്‍പ്പെട്ട അംബിഡെന്റ് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമക്ക് ജാമ്യം ലഭിക്കുന്നതിന് 18 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.ജനാര്‍ദന്‍ റെഡ്ഡിയുടെ സഹായിക്ക് കൈക്കൂലി പണം കൈമാറിയതിന് പോലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു.

നൂറു കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് 600 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് അംബിഡെന്റ് ഗ്രൂപ്പ് കമ്പനിയുടമ സയീദ് അഹ്മദ് ഫരീദിനെതിരെയുണ്ടായിരുന്ന കേസ്. ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ വെച്ചുള്ള കൂടിക്കാഴ്ചയില്‍ ജനാര്‍ദന്‍ റെഡ്ഡി തന്നെ സഹായിക്കാമെന്ന് ഉറപ്പ് നല്‍കിയതായി പോലീസിന്റെ ചോദ്യം ചെയ്യലില്‍ സയീദ് അഹ്മദ് ഫരീദ് പറഞ്ഞിട്ടുണ്ട്.

ജനാര്‍ദന്‍ റെഡ്ഡിയുടെ അടുത്ത സഹായിയായ അലിഖാനാണ് 18 കോടി കൈമാറിയത്. തന്റെ കമ്പനി രമേശ് കോത്താരി എന്ന സ്വര്‍ണ്ണ വ്യാപാരിക്ക് 18 കോടി രൂപ കൈമാറുകയും ഇയാളത് 57 കിലോ സ്വര്‍ണ്ണമായി അലിഖാനെ ഏല്‍പ്പിക്കുകയും ആയിരുന്നുവെന്നുമാണ് ഫരീദിന്റെ മൊഴി.

ജനാര്‍ദന്‍ റെഡ്ഡിയേയും അലിഖാനേയും പിടികൂടാന്‍ പോലീസ് നോക്കിയെങ്കിലും സാധിച്ചില്ലെന്നും ഇരുവരും ഒളിവിലാണെന്നും ബെംഗളൂരു പോലീസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more