ഖനി അഴിമതിക്കേസിലെ പ്രതിയായ ജനാര്‍ദ്ദന റെഡ്ഡി പ്രചരണത്തിനിറങ്ങുന്നത് ബി.ജെ.പിക്ക് ഗുണകരമെന്ന് യെദ്യൂരപ്പ
Karnataka Election
ഖനി അഴിമതിക്കേസിലെ പ്രതിയായ ജനാര്‍ദ്ദന റെഡ്ഡി പ്രചരണത്തിനിറങ്ങുന്നത് ബി.ജെ.പിക്ക് ഗുണകരമെന്ന് യെദ്യൂരപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th April 2018, 8:49 am

ബെംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഗാലി ജനാര്‍ദ്ദന റെഡ്ഡി ബി.ജെ.പിക്കു വേണ്ടി പ്രാചാരണത്തിനിറങ്ങുമെന്ന് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദ്യൂരപ്പ. ഖനി അഴിമതിക്കേസില്‍ പ്രതിയായി 3 വര്‍ഷം ജയില്‍വാസം അനുഭവിച്ചയാളാണ് ജനാര്‍ദ്ദന റെഡ്ഡി.

ഖനി അഴിമതിക്കേസിലെ “ബെല്ലാരി രാജാ”വുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന ബി.ജെ.പി പ്രസിഡന്റ് അമിത്ഷായുടെ വാദത്തിന് പിന്നാലെയാണ് യെദ്യൂരപ്പയുടെ വെളിപ്പെടുത്തല്‍. സംസ്ഥാനത്തെ രണ്ട്-മൂന്ന് ജില്ലകളില്‍ ജനാര്‍ദ്ധന റെഡ്ഡി പ്രചാരണത്തിനിറങ്ങുമെന്നും അത് തങ്ങള്‍ക്ക് സഹായം ചെയ്യുമെന്നും യെദ്യൂരപ്പ പറഞ്ഞു.

“ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുന്നവരുടെ സഹായം തേടണം, ഇത് വളരെ നിര്‍ണായകമായ നിമിഷമാണ്”, യെദ്യൂരപ്പ വ്യക്തമാക്കി.


Also Read: ‘ലജ്ജതോന്നുന്നു, നിങ്ങളുടെ വര്‍ഗീയ രാഷ്ട്രീയം കാണുമ്പോള്‍’ മതത്തിന്റെ പേരില്‍ വോട്ടുചോദിക്കുന്ന ബി.ജെ.പി നേതാവിന്റെ ഭാര്യയുടെ വീഡിയോ പങ്കുവെച്ച് പ്രകാശ് രാജ്


ഖനി അഴിമതിക്കേസില്‍ പെട്ട ജനാര്‍ദ്ദന റെഡ്ഡിയുടെ രണ്ട് സഹോദരന്മാര്‍ക്ക് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയിട്ടുണ്ട്. ജനാര്‍ദ്ദന റെഡ്ഡിയുടെ മുഖ്യ സഹായി ബി. ശ്രീമൗലുവാണ് ബി.ജെ.പിക്ക് വേണ്ടി ബദാമിയില്‍ സിദ്ധരാമയ്യക്കെതിരെ മത്സരിക്കുന്നത്.

റെഡ്ഡി സഹോദരന്മാര്‍ക്ക് സീറ്റുനല്‍കാന്‍ ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വവും തങ്ങളും ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു എന്നും ജനാര്‍ദ്ദന റെഡ്ഡി തെരഞ്ഞെടുപ്പില്‍ സീറ്റ് ചോദിച്ചിട്ടില്ലെന്നും യെദ്യൂരപ്പ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

കര്‍ണാടകയിലെ ജനങ്ങളുടെ 35,000 കോടി രൂപയാണ് റെഡ്ഡിയുടെ സഹോദരന്മാര്‍ കവര്‍ന്നതെന്ന് രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിച്ചു.


Watch DoolNews Video: