കടകള്‍ അടച്ചിട്ടു; ആര്‍.എസ്.എസ് കൊന്നവരുടെ ചിത്രങ്ങള്‍ വഴിനീളെ: മുഖ്യമന്ത്രിയുടെ നാട്ടില്‍ ജനരക്ഷാ യാത്രയ്ക്ക് ലഭിച്ചത് തിരിച്ചടി
Kerala
കടകള്‍ അടച്ചിട്ടു; ആര്‍.എസ്.എസ് കൊന്നവരുടെ ചിത്രങ്ങള്‍ വഴിനീളെ: മുഖ്യമന്ത്രിയുടെ നാട്ടില്‍ ജനരക്ഷാ യാത്രയ്ക്ക് ലഭിച്ചത് തിരിച്ചടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th October 2017, 1:28 pm

തലശേരി: മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ ജനരക്ഷാ യാത്രയ്ക്ക് ലഭിച്ചത് വന്‍തിരിച്ചടി. പിണറായിയില്‍ ജനരക്ഷാ യാത്രയെ സ്വീകരിച്ചത് അടഞ്ഞുകിടന്ന കടകളും ആളില്ലാത്ത തെരുവോരങ്ങളുമാണ്.

ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു പിണറായിയില്‍. ബി.ജെ.പിയുടെ ജനവിരുദ്ധത തുറന്നുകാട്ടുന്ന പോസ്റ്ററുകള്‍ വഴിനീളെ ഉയര്‍ത്തിയിരുന്നു. ആര്‍.എസ്.എസ് കൊലപ്പെടുത്തിയ സി.പി.ഐ.എം പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഫ്‌ളക്‌സ് ബോര്‍ഡുകളും വഴിനീളെ കാണാമായിരുന്നു. ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായെ പ്രതീക്ഷിച്ചെന്നോണം ഇംഗ്ലീഷിലുള്ള ഫ്‌ളക്‌സുകളും വഴിയോരങ്ങളില്‍ നിരത്തിയിരുന്നു.


Also Read: ഒടുക്കം ഉറപ്പായി; പിണറായിയിലെ പദയാത്രയില്‍ പങ്കെടുക്കാന്‍ അമിത് ഷാ എത്തില്ല


11.20ഓടെയാണ് ജാഥ മുഖ്യമന്ത്രിയുടെ നാട്ടിലെത്തിയത്. കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി നേതാവ് നളിന്‍കുമാര്‍ കട്ടീലും ജാഥയിലുണ്ടായിരുന്നു. പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രദേശത്ത് ഒന്നോ രണ്ടോ ചായക്കടകള്‍ മാത്രമാണ് തുറന്നത്.

ജാഥ കടന്നുപോകുന്ന വഴിക്ക് ഇരുവശവുമായി ഉയര്‍ത്തിയ ജനരക്ഷായാത്രയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളെല്ലാം അതുപോലെ അവിടെയുണ്ടായിരുന്നു. പ്രകോപനം സൃഷ്ടിക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

രാവിലെ 10 മണിയോടെ മമ്പറത്തുനിന്നാണ് യാത്ര ആരംഭിച്ചത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം യാത്രയില്‍ എത്തില്ലെന്ന് പിന്നീട് അറിയിച്ചു. വൈകുന്നേരം തലശേരി പുതിയ ബസ്റ്റാന്റ് പരിസരത്തു നടക്കുന്ന പൊതുയോഗത്തില്‍ അമിത് ഷാ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ പൊതുസമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കില്ല.