സരിതയും മുഖ്യമന്ത്രിയും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്; സരിതയില്‍ നിന്ന് പരാതി എഴുതി വാങ്ങിയത് പിണറായി വിജയന്‍: പി.സി. ജോര്‍ജ്
Kerala News
സരിതയും മുഖ്യമന്ത്രിയും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്; സരിതയില്‍ നിന്ന് പരാതി എഴുതി വാങ്ങിയത് പിണറായി വിജയന്‍: പി.സി. ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th June 2022, 2:26 pm

കോട്ടയം: സോളാര്‍ കേസിലെ പ്രതിയായിരുന്ന സരിതയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണവുമായി ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്.

സരിതയുടെ കയ്യില്‍ നിന്ന് പരാതി എഴുതി വാങ്ങിയത് പിണറായി വിജയനാണ്. സരിതയും മുഖ്യമന്ത്രിയുമായി കച്ചവടം തുടങ്ങിയത് ഇന്നും ഇന്നലെയുമല്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

സോളാര്‍ കേസില്‍ സി.ബി.ഐക്ക് മൊഴി നല്‍കാത്തതാണ് സരിതയ്ക്ക് തന്നോടുള്ള ദേഷ്യത്തിന് കാരണം. റെക്കോര്‍ഡ് ചെയ്യുമെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് സരിതയുമായി സംസാരിച്ചത്. അനാവശ്യമായി ഒന്നും ഫോണ്‍ സംഭാഷണത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. സ്വപ്നയുടെ 164 സ്റ്റേറ്റ്‌മെന്റില്‍ മുഖ്യമന്ത്രി ഭയക്കുന്ന കാര്യങ്ങളുണ്ട്. സി.പി.ഐ.എം നേതാക്കള്‍ ഒന്നും മിണ്ടുന്നില്ലെന്നും പിണറായിയുടെ കപ്പം വാങ്ങിയാണ് നേതാക്കള്‍ നില്‍ക്കുന്നതെന്നും പി.സി. ജോര്‍ജ് ആരോപിച്ചു.

നന്ദകുമാറും താനും സ്വപ്‌നയും കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൊച്ചി പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. അഞ്ച് മിനിട്ട് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. തീയതി കൃത്യമായി ഓര്‍ക്കുന്നില്ല. എന്നാല്‍ ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ലെന്നും പി.സി. ജോര്‍ജ് പ്രതികരിച്ചു.

അതേസമയം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയ്‌ക്കെതിരെ നടത്തിയ ആരോപണത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി.

സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണത്തിന് പിന്നില്‍ ബി.ജെ.പി ആണെന്ന് പകല്‍ പോലെ വ്യക്തമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

Content Highlights: Janapaksha leader PC George has alleged that there was a conspiracy between Saritha, the accused in the solar case, and Chief Minister Pinarayi Vijayan.