ഇന്ന് ശോഭസുരേന്ദ്രന്‍ എന്ന ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം ഒരു ചാനല്‍ ചര്‍ച്ചയുടെ മുക്കാല്‍ ഭാഗവും കൈയ്യടക്കി ധാര്‍ഷ്ട്യത്തോടെ നുണപറയുമ്പോള്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ അപ്പുറമിരുന്ന് ചിരിക്കുന്നത് നമ്മുടെ രാഷ്ട്രീയകാലത്തിന്റെ ഏറ്റവും വലിയ നിമിഷങ്ങളിലൊന്നാണ്. നാം ആ ഫ്രെയിം ചരിത്രത്തിന്റേതായി ഓര്‍മ്മിച്ചു വയ്ക്കണം.
കാരണം അതിനൊരു പശ്ചാത്തലമുണ്ട്.
1991 മെയ് നാലിന് ഫ്രണ്ട്ലൈന്‍ മാസിക “മരിച്ചവര്‍ തിരിച്ചുവരുമ്പോള്‍” എന്നൊരു അന്വേഷണാത്മക കവര്‍ സ്റ്റോറിയുമായാണ് പുറത്തിറങ്ങിയത്. വെങ്കിടേഷ് രാമകൃഷ്ണന്‍, എസ്.പി സിങ്ങ് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട്. ആ റിപ്പോര്‍ട്ടാണ് ഇന്ത്യയിലെ സംഘപരിവാരത്തിന്റെ നുണപ്രചരണത്തിന്റെ ഏറ്റവും വലിയ മുഹൂര്‍ത്തങ്ങളിലൊന്ന് മുഖ്യധാര മാധ്യമങ്ങളിലൂടെ പൊളിച്ചെഴുതിയത്.
ശോഭസുരേന്ദ്രന്റെ നുണ പറച്ചിലിന്റെ ഹേതുവായ അവരുടെ ഏറ്റവും വലിയ നേതാവ് നരേന്ദ്രമോഡിയുടെ നുണകള്‍ക്ക് ഇത്രയും പ്രചാരം കിട്ടുന്നതിന് കാരണമായ സംഗതിയാണത്. തൊണ്ണൂറുകിലെ രാംജന്മഭൂമി കലാപം. ആര്‍.എസ്.എസിന്റെ റിലിജ്യസ് ഓര്‍ഗണ്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ അരനൂറ്റാണ്ടായി അവര്‍ ആസൂത്രണം ചെയ്തിരുന്ന അയോധ്യയിലെ ബാബറിപള്ളിക്കെതിരായ രാഷ്ട്രീയ കലാപം കത്തിനില്‍ക്കുന്ന കാലമായിരുന്നു അത്. വി.പി.സിങ്ങിന്റെ രാഷ്ട്രീയപരീക്ഷണത്തിന്റേയും അതിന് ശേഷമുള്ള ചന്ദ്രശേഖറിന്റേയും കാലത്തെ ഏറ്റവും വലിയ രാഷ്ട്രിയ വെല്ലുവിളിയായിരുന്നു അത്. കര്‍സേവകര്‍ എന്ന പേരില്‍ ബാബറിപള്ളി പൊളിക്കാനുള്ള വി.എച്ച്.പി-ആര്‍.എസ്.എസ് സൈനികര്‍ അയോധ്യയിലേയ്ക്ക് വിവിധദേശങ്ങളില്‍ നിന്ന് പ്രകടനം നടത്തി. ദേശീയ തലത്തില്‍ രാഷ്ട്രീയ അസന്തുലിതാവസ്ഥ നിലനിന്നിരുന്ന കാലമായതിനാല്‍ തന്നെ വി.എച്ച്.പിയുടെ ഈ കലാപം ദേശീയ ശ്രദ്ധയിലേയ്ക്ക് വന്നു. വിവിധ സ്ഥലങ്ങളില്‍ നിന്ന് അയോധ്യയിലേയ്ക്ക് ആയുധങ്ങളുമായി മാര്‍ച്ച് ചെയ്ത കര്‍സേവര്‍ പ്രദേശികമായി സൃഷ്ടിച്ച കലാപങ്ങളെ തുടര്‍ന്ന് വെടിവെയ്പുകളും ലാത്തിചാര്‍ജ്ജുകളുമുണ്ടായി. പോലീസ് വെടിവയ്പില്‍ 15 കര്‍സേവര്‍ അയോധ്യയില്‍ കൊലചെയ്യപ്പെട്ടു എന്ന കാര്യം അന്നത്തെ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ 1990 ഡിസംബറില്‍ തന്നെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. 1991 ഫെബ്രുവരിയില്‍ വി.എച്ച്.പിയും ആര്‍.എസ്.എസും 59 പേരുടെ പട്ടികമായി പുറത്തുവന്നു. പട്ടികമാത്രമല്ല അവരുടെ ചിത്രങ്ങളും കഥകളും അവര്‍ പ്രചരിപ്പിച്ചു. 36 പേര്‍ അയോധ്യയില്‍ കൊല്ലപ്പെട്ടവര്‍, മറ്റുള്ളവര്‍ രാജ്യത്തിന്റെ വിവിധ ഭാഗത്ത് രാംജന്മഭൂമിയ്ക്ക് വേണ്ടി കൊല്ലപ്പെട്ട ധീരഹൈന്ദവര്‍. ഹൈന്ദവ രക്തം തിളച്ചു, ദേശീയതലത്തില്‍ ചര്‍ച്ചയായി.
ആ ഘട്ടത്തിലാണ് വെങ്കിടേഷും എസ്.പി.സിങ്ങും 1991 മേയ് നാലിന് “മരിച്ചവര്‍ തിരിച്ചുവരുമ്പോള്‍” എന്ന ഫ്രണ്ട്ലൈന്‍ സ്റ്റോറിയുമായി വരുന്നത്. വി.എച്ച്.പിയുടെ കൊട്ടിഘോഷിച്ച ബലിദാനി പട്ടികയിലെ നാലുപേര്‍ അപ്പോഴും ജീവിച്ചിരിക്കുന്നവരാണ്. മറ്റ് പലരും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചവര്‍, പിന്നെ ചിലര്‍ നാട്ടില്‍ രോഗബാധയായി മരിച്ചവര്‍, മറ്റു പല കാര്യങ്ങളിലുമായി കൊല ചെയ്യപ്പെട്ടര്‍, പട്ടികയിലുള്ള ഷാജഹാന്‍പൂരിലെ രഘുബീര്‍സിങ്ങിന്നൊരാള്‍ യഥാര്‍ത്ഥത്തില്‍ ജനിക്കുകയോ മരിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയൊരാളില്ല. ചിലര്‍ ഏറെ കാലമായി അപ്രത്യക്ഷര്‍. വിശദാംശങ്ങളേറെയുണ്ട് ആ റിപ്പോര്‍ട്ടില്‍.
വി.എച്ച്.പിയുടെ ഒരു വലിയ നുണ മുഖ്യധാര മാധ്യമങ്ങള്‍ക്കിടയില്‍ പൊളിഞ്ഞു. പക്ഷേ നുണയെന്നത് രാഷ്ട്രീയായുധമാണെന്ന് തെളിയിച്ച ഹിറ്റ്ലറുടെ ജര്‍മ്മനിയാണ് നമ്മുടെ മാതൃക എന്ന് പ്രഖ്യാപിച്ച മാധവ് സാദാശിവ് ഗോള്‍വാള്‍വാള്‍ക്കറുടെ ശിഷ്യന്മാര്‍ക്ക് ആ വിദ്യ നല്ലവണ്ണം അറിയാമായിരുന്നു. ഫ്രണ്ട്ലൈന്‍ പൊളിച്ചടുക്കിയ നുണകള്‍ ചെറിയ തോതിലുള്ള തിരിച്ചടിയുണ്ടാക്കിയെങ്കിലും അവര്‍ പെരുംകള്ളങ്ങളുടെ പ്രചാരണം അതിഗംഭീരമായി തുടര്‍ന്നു. തൊണ്ണൂറുകളില്‍ ആ നുണകളില്‍ നിന്ന് സൃഷ്ടിച്ചെടുത്ത കലാപങ്ങളിലൂടെ, ഇന്ത്യയെന്ന രാഷ്ട്രീയ ഭൂമിയെ ഹിന്ദു-മുസ്ലീം എന്ന് വ്യക്തമായും അവര്‍ മുറിച്ചു. ബാബറിപള്ളി പൊളിക്കുകയും ഇന്ത്യന്‍ മണ്ണിനെ ചോരയില്‍ മുക്കിക്കൊണ്ട് ഹൈന്ദവ രാഷ്ട്രീയം ശക്തി ആര്‍ജ്ജിച്ചെടുക്കയും ചെയ്തു.
അത് അവര്‍ക്കിപ്പോള്‍ ഉത്തരേന്ത്യയിലേയും പടിഞ്ഞാറന്‍ ഇന്ത്യയിലേയും മിക്ക സംസ്ഥാനങ്ങള്‍ ഭരിക്കാനും കിഴക്കന്‍ ഇന്ത്യയില്‍ രാഷ്ട്രീയ സഖ്യങ്ങളുണ്ടാക്കാനും പറ്റുന്ന തരത്തില്‍ രൂപപ്പെട്ടു. ഏഴുപതിറ്റാണ്ട് മുമ്പ് രൂപം കൊണ്ട് ഭരണഘടനയേയും അതിന്റെ അടിസ്ഥാന പ്രമാണങ്ങളേയും ചോദ്യം ചെയ്തുകൊണ്ട് കഴിഞ്ഞ നാലുകൊല്ലത്തിലേറെയായി ഇന്ത്യ തുടര്‍ച്ചയായി ഭരിക്കാനും അതുകൊണ്ടായി. ആ ധാര്‍ഷ്ട്യം അവര്‍ക്കിപ്പോഴും ശക്തമായ വേരുകള്‍ സൃഷ്ടിക്കാന്‍ പോലും കഴിയാത്ത കേരളത്തിലെ പ്രദേശിക നേതാവിനിരുന്ന് ഒരു സംസ്ഥാനത്തെ ബുദ്ധിയുള്ള മനുഷ്യരെ മുഴുവന്‍ വെല്ലുവിളിക്കാന്‍ രൂപത്തിലേയ്ക്ക് വളരുന്നതിന്, ആ നുണകള്‍ ആദ്യകാലത്തേ പൊളിച്ച ഒരു മാധ്യമപ്രവര്‍ത്തകന്‍ സാക്ഷിയാകുന്ന മുഹൂര്‍ത്തമാണ്, നേരത്തേ സൂചിപ്പിച്ച നമ്മുടെ രാഷ്ട്രീയകാലത്തെ ഏറ്റവും വലിയ മുഹൂര്‍ത്തമായി നാം ഫ്രീസ് ചെയ്യേണ്ട് ഒന്ന്.
***
കഴിഞ്ഞജൂലായ് നാലിന്, കര്‍ണാടക തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏതാണ്ട് എട്ട് മാസം മുമ്പ്, മുതിര്‍ന്ന ബി.ജെ.പി നേതാവും യെദ്യൂരപ്പ വിഭാഗത്തിന്റെ ഏറ്റവും വലിയ വക്താവും ഉഡുപ്പി-ചിക്മംഗലൂര്‍ എം.പിയുമായ ശോഭ കരന്ത്ലജേ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗിന് ഒരു കത്തയച്ചു. മുസ്‌ലീം വര്‍ഗ്ഗീയത തീരദേശ കര്‍ണാടകയില്‍ പ്രചരിക്കുന്നതിന്റെ ആശങ്കയും അമര്‍ഷവുമായിരുന്ന കത്തിന്റെ ഉള്ളടക്കം. അതിനൊപ്പം 2014 മുതല്‍ ജിഹാദി തീവ്രവാദികള്‍ കൊലചെയ്ത 23 ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ പട്ടികയും. അന്നുമുതല്‍ ഇന്ന് ഈ തെരഞ്ഞെടുപ്പിന്റെ ദിവസം വരെ തീരദേശ കര്‍ണാടകയില്‍ ബി.ജെ.പിക്ക് ഒരേയൊരു വിഷയമേയുള്ളൂ-ജിഹാദി തീവ്രവാദത്തിനെതിരായ ഹൈന്ദവ മുന്നേറ്റം. ജിഹാദികള്‍ക്ക് അടിമപ്പണിയെടുക്കുകയാണ് സിദ്ധരാമയ്യയെന്ന് ഇന്ത്യയിലെ മുസ്‌ലീം വിദ്വേഷത്തിന്റെ മൂര്‍ത്തിമത്ഭാവമായ യു.പി മുഖ്യമന്ത്രി ആദിത്യനാഥ് കര്‍ണാടകയില്‍ പ്രചരണത്തിലും അല്ലാതെയും പലവട്ടം പറഞ്ഞു. മുസ്‌ലീം പ്രീണനമാണ് കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ നയമെന്നും ബി.ജെ.പിക്ക് വേണ്ടി കര്‍ണാടക തിരഞ്ഞെടുപ്പില്‍ പ്രചരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം പലകുറി ആവര്‍ത്തിച്ചു.
എന്നാല്‍ ശോഭ കരന്ത്ലജേയുടെ 23 പേരുടെ പട്ടികയിലെ വാസ്തവമെന്താണ്? പട്ടികയില്‍ പെട്ട ഒരാള്‍, അശോക് പൂജാരി, ജീവിച്ചിരിക്കുന്നുണ്ട്. രണ്ട് പേര്‍ ആത്മഹത്യചെയ്തതാണ്. രണ്ടുപേരെ കൊന്നത് കുടംബപ്രശ്നങ്ങളെ തുടര്‍ന്ന് സ്വന്തം സഹോദരിമാരാണ്. ബാക്കി മിക്കതും ഭൂമി വില്പന-അനധികൃത ഖനനം തുടങ്ങിയ പ്രാദേശിക പ്രശ്നങ്ങളില്‍ നിന്നുരുത്തിരിഞ്ഞ വ്യക്തിവൈരാഗ്യങ്ങളില്‍ നിന്നുണ്ടായ സംഘര്‍ഷങ്ങളില്‍ മരിച്ചവരാണ്. കൊല്ലപ്പെട്ട ആളുകളുടെ ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ മറിച്ചുവയ്ക്കാനായി ബി.ജെ.പിയും ഹൈന്ദവ തീവ്രവാദികളും ഈ കൊലപാതങ്ങളെ വര്‍ഗ്ഗീയവത്കരിച്ചതാണ് എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പോലീസ് അന്വേഷണവും സാധൂകരിക്കുന്നത് അതാണ്. അവസാനം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പല ക്രിമിനല്‍ കേസുകളില്‍ അറസ്റ്റുചെയ്യപ്പെട്ട മുസ്‌ലീങ്ങളുടെ പേരുവിവരം വരെ പട്ടികയായി അവതരിപ്പിക്കേണ്ടിവന്നു, മുസ്‌ലിം പ്രീണന ആരോപണം തടയുന്നതിനായി.
നുണകളും വര്‍ഗ്ഗീയ പ്രചരണങ്ങളുമല്ലാതെ മറ്റൊന്നും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ജനാധിപത്യത്തിന്റ ഉത്സവമായ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകയില്‍ ഉണ്ടായിട്ടില്ല എന്നത് ഭയപ്പെടേണ്ട കാര്യമാണ്. ഇന്റര്‍നെറ്റും ഗൂഗിളും സോഷ്യല്‍മീഡിയയും ഒന്നുമില്ലാത്ത കാലത്ത്, തൊണ്ണൂറുകളുടെ ആദ്യം തങ്ങളുടെ രക്തസാക്ഷിപട്ടിക പൊളിച്ചടുക്കപ്പെട്ടിട്ടും ആ നുണപ്രചരണവുമായി മുന്നോട്ടുപോയ രാഷ്ട്രീയത്തിന് ഇക്കാലത്ത് എന്ത് ഭയക്കാനാണ്?
തീരദേശ കര്‍ണാടകയില്‍, ദക്ഷിണ കാനറ-ഉടുപ്പി-ഉത്തരകാനറ ജില്ലകളിലായി, വ്യാപിച്ചുകിടുക്കുന്ന 19 സീറ്റുകളില്‍ 14 സീറ്റുകളും കോണ്‍ഗ്രസിനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ശേഷിച്ചവയില്‍ മൂന്ന് ബി.ജെ.പിക്കും രണ്ട് സ്വതന്ത്രര്‍ക്കും. ഈ നിലയെ അട്ടിമറിക്കുന്നതിനുള്ള പ്രചരണങ്ങളാണ് മംഗലാപുരം കേന്ദ്രീകരിച്ച് നടക്കുന്നത്. മുസ്‌ലീം ചെറുപ്പക്കാരെ ആക്രമിക്കുക, അതിനെതിരെയുള്ള മുസ്‌ലീം സ്വത്വസമൂഹ ചെറുത്തു നില്‍പ്പിനെ ജിഹാദി ആക്രമണമായി ചിത്രീകരിക്കുക-ഇതാണ് അവര്‍ പരീക്ഷിച്ച് വിജയിച്ച പാറ്റേണ്‍.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ വാട്സ്അപിലൂടെ നുണപ്രചരിപ്പിച്ച്, അമ്പലങ്ങളിലെ മൈക്കുകളില്‍ നിന്ന് കള്ളം വിളിച്ചു പറഞ്ഞ് അവര്‍ ഉണ്ടാക്കിയെടുത്ത കലാപങ്ങള്‍ തിരഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍ ഇങ്ങനെയാണ് ഉത്തര്‍പ്രദേശില്‍ മൊത്തം പ്രചരിച്ചത് എന്നു കൂടി ഓര്‍ക്കുമ്പോള്‍ മാത്രമാണ് തീരദേശ കര്‍ണാടക എന്ന മലയാളികള്‍ക്കു കൂടി സുപരിചതായ മംഗലാപുരം-ഉടുപ്പി തുടങ്ങി കാര്‍വാര്‍-ബട്കല്‍ തുടങ്ങി ഗോവയുടെ അതിര്‍ത്തി വരെ വ്യാപിച്ചുകിടക്കുന്ന ദേശത്ത് ഇവര്‍ നടത്തുന്ന കുപ്രചരണ/കളവ് രാഷ്ട്രീയത്തെ നമ്മള്‍ ഭയത്തോടെ നോക്കേണ്ടത്.
മംഗലാപുരം കേന്ദ്രീകരിച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുസ്‌ലിം പ്രീണനം നടത്തുകയാണ് എന്ന് പറഞ്ഞതിന് ശേഷം ഉദ്ഘോഷിച്ച പേരുകളിലൊന്ന് കരണ്‍ ആചാര്യയുടെതാണ്. ആരാണ് കരണ്‍ ആചാര്യ? ഇന്ന് കാറുകളിലൂടെയും ഓട്ടോകളിലൂടെയും ചുമരുകളിലൂടെയും റ്റി ഷര്‍ട്ടുകളിലൂടെയും ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്ന കാവിയും കറുപ്പും കലര്‍ന്ന “കുപിത ഹനുമാന്‍”എന്ന ചിത്രത്തിന്റെ രചയിതാവാണ് കരണ്‍ ആചാര്യ.
അതി-പൗരുഷ ഹൈന്ദവതയുടെ ഈ ഹനുമാന്‍ ചിഹ്നം ഒരേസമയവും ഭീതിയും വെറുപ്പും പുരുഷാധിപത്യവും പ്രചരിപ്പിക്കുന്നതാണെന്ന് സ്ത്രീപക്ഷവാദികളടക്കും ചൂണ്ടിക്കാണിക്കുന്ന ഈ കാലത്ത് “കഴിവിന്റേയും നേട്ടത്തിന്റേയും ഭാവനയുടേയും പ്രതീകമായ ഈ ചിത്രത്തിന്റെ രചയിതാവ് രാജ്യത്തിന്റെ കയ്യടികള്‍ അര്‍ഹിക്കുന്നു. മംഗലാപുരത്തിന്റെ അഭിമാനമാണ് കരണ്‍ ആചാര്യ”എന്നായിരുന്നു നരേന്ദ്രമോദി പ്രസംഗിച്ചത്.
***
ജനറല്‍ കോടേന്ദ്ര സുബ്ബയ്യ തിമ്മയ്യയും ഫീല്‍ഡ് മാര്‍ഷല്‍ കോടേന്ദ്ര എം കരിയപ്പയും കര്‍ണാടകയുടെ, പ്രത്യേകിച്ചും കൂര്‍ഗ് മേഖലയുടെ അഭിമാനമാണ്. കൂര്‍ഗ് അഥവാ കൊടക് ജില്ലയിലെ രണ്ട് അസംബ്ലി മണ്ഡലങ്ങളും നിലവില്‍ ബി.ജെ.പിക്കാണ്. ആ വികാരം സംസ്ഥാനത്ത് പ്രചരിപ്പിക്കുക എന്ന ദുര്‍ബലശ്രമമാണ് തിമ്മയ്യയേയും കരിയപ്പയേയും ജവഹര്‍ലാല്‍ നെഹ്രു അപമാനിച്ചുവെന്ന കള്ളകഥയിലൂടെ പ്രധാനമന്ത്രി നടത്തിയത്. അതിന് പുറകെയാണ് ഒരു കോണ്‍ഗ്രസ് നേതാവും തടവറയില്‍ കിടന്ന ഭഗത്സിംഗിനെ സന്ദര്‍ശിച്ചിട്ടില്ല എന്ന നുണ പ്രധാനമന്ത്രി പറയുന്നത്. അതിനുള്ളില്‍ ഭഗത്സിംഗിന്റെ പേരിനൊപ്പം ബുദ്ധിപൂര്‍വ്വം ദാമോദര്‍ സവര്‍കര്‍ എന്ന ആര്‍.എസ്.എസ് ആചാര്യന്മാരിലൊരാളുടെ പേരുകൂടി കേറ്റിവിടുന്നത്. അത്തരം നുണകളുടെ കഥകള്‍ ആവര്‍ത്തിക്കുമ്പോള്‍ മറുഭാഗത്തിന് ഈ നുണകള്‍ക്ക് മറുപടി പറയേണ്ടി വരും. അപ്പോള്‍ ദേശീയ തലത്തിലെ ഭരണപരാജയങ്ങള്‍, സിദ്ധരാമയ്യ സര്‍ക്കാരിന്റെ ചെറിയ നേട്ടങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു.
ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ യഥാര്‍ത്ഥത്തില്‍ നടക്കേണ്ടത് പ്രാദേശികവും ദേശീയവുമായ ഭരണങ്ങളെ വിലയിരുത്തലാണ്. ദേശീയതലത്തിലുണ്ടായിട്ടുള്ള ഭരണപരാജയങ്ങള്‍, വിലക്കയറ്റമായിക്കൊള്ളട്ടെ, കര്‍ഷക ആത്മഹത്യകളായിക്കൊള്ളട്ടെ, നോട്ട് ബന്ദികൊണ്ടും ജി.എസ്.റ്റികൊണ്ടും സാധാരണക്കാര്‍ക്കുണ്ടായിട്ടുള്ള ദുരിതങ്ങളാകട്ടെ, നാലുവര്‍ഷമായിട്ടും സര്‍ക്കാര്‍ തുടരുന്ന വാഗ്ദാന ലംഘനങ്ങളാകട്ടെ, ബാങ്ക്കൊള്ളയ്ക്ക് കൂട്ടുനിന്നതാകട്ടെ, പ്രിയപ്പെട്ട മുതലാളിത്തത്തിന് സഹായങ്ങള്‍ ചെയ്യുന്ന നടപടികളാകട്ടെ, അതിര്‍ത്തിയിലുണ്ടായിട്ടുള്ള പ്രശ്നങ്ങളാകട്ടെ, ക്രമസമാധാനത്തിന്റെ തകര്‍ച്ചയാകട്ടെ, വര്‍ഗ്ഗീയ സംഘര്‍ഷങ്ങളാകട്ടെ, ഉന്നാവ-കഠ്വ തുടങ്ങിയ സംഭവങ്ങളാട്ടെ, ഒന്നും ചര്‍ച്ച ചെയ്യാനനുവദിക്കാതെ വര്‍ഗ്ഗീയ അജണ്ടകള്‍ മാത്രം മുന്നോട്ട് വച്ച് തിരഞ്ഞെടുപ്പ് ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ബി.ജെ.പി വിജയിച്ചു.
***
പട്ടിക ജാതി വിഭാഗങ്ങള്‍, മുസ്‌ലീങ്ങള്‍, ലിംഗായത്തുകള്‍, വൊക്കലിഗകള്‍, കുറുബകള്‍ എങ്ങനെയാണ് കര്‍ണാടകയിലെ ജാതി അടിസ്ഥാനത്തിലുള്ള വിഭജനത്തിന്റെ ശ്രേണി. മുസ്‌ലീങ്ങള്‍, പട്ടികജാതിക്കാര്‍, വൊക്കലിഗകള്‍ എന്നിവരുടെ വോട്ടുകള്‍ കോണ്‍ഗ്രസിലും ജനതാദളിനുമായി ചിതറിപ്പോകുമ്പോള്‍ ഒരു വിഭാഗം എസ്.സി വോട്ടുകളും ലിംഗായത്ത് വോട്ടുകളും കുറുബ-ബ്രാഹ്മണ്‍ വോട്ടുകളുമായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ ബി.ജെ.പി ലക്ഷ്യമിട്ടിരുന്നത്. ലിംഗായത്ത വിഭാഗത്തിനെ കോണ്‍ഗ്രസ് ഒരുകാലത്തും ഗൗനിച്ചിട്ടില്ല എന്ന കാലാകാലങ്ങളിലായുള്ള പരാതികള്‍ കൂടി പരിപോഷിപ്പിച്ചാണ് യെദ്യൂരപ്പ എന്ന ലിംഗായത്ത് നേതാവ് ബി.ജെ.പിയെ നയിച്ചിരുന്നത്. വര്‍ഷങ്ങളോളം ലിംഗായത്ത് വോട്ട് ബി.ജെ.പി അങ്ങനെ കൈപ്പിടിയില്‍ ഒതുക്കി.
എന്നാല്‍ 12-ാം നൂറ്റാണ്ടിലെ കവിയും തത്വചിന്തകനുമായിരുന്ന ബസവണ്ണയുടെ അനുയായികള്‍ ലിംഗായത്തിനെ ഹൈന്ദവേതര മതമായാണ് കണ്ടിരുന്നത് എന്ന കാര്യം ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് പോന്ന ഒരു വിഭാഗം വളരെ ശക്തമായി കര്‍ണാടകയില്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നു. ബസവണ്ണയുടെ ജന്മസ്ഥലം കൂടിയായ മഹാരാഷ്ട്ര അതിര്‍ത്തിയോടടുത്ത ബീജാപൂര്‍, വേദിക് ഹൈന്ദവതയില്‍ നിന്ന് ലിംഗായിസം വിഭിന്നമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ച ബിദാര്‍ തുടങ്ങി പല മേഖലകളിലും ഈ ചിന്ത വളരെ സജീവമുമായിരുന്നു. ഈ ആശയത്തിന് തത്വശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രചാരം നടത്തിയിരുന്ന ആളുകളില്‍ പ്രധാനികളായിരുന്നു പ്രൊഫ.കല്‍ബുര്‍ഗിയും ഗൗരിലങ്കേഷും. അതിഹൈന്ദവതയ്ക്ക് അവരെ ഉള്‍ക്കൊള്ളാനാവാതിരുന്നതും ആക്രമിക്കാന്‍ തോന്നിയതും അതുകൊണ്ട് തന്നെ സ്വാഭാവികവുമാണ്. ലിംഗായത്ത് വിഭാഗത്തിന് ന്യൂനപക്ഷ പദവി നല്‍കിയ മുഖ്യമന്ത്രി സിദ്ധരാമയ്യ ഹൈന്ദവതയില്‍ നിന്ന് അവരെ അടര്‍ത്തിമാറ്റുന്ന ചരിത്രപരമായ ദൗത്യത്തിന്റെ കാര്‍മ്മികത്വം വഹിക്കുക കൂടിയാണ് ചെയ്തത്. അത് ഈ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നത് വളരെ പ്രധാനമാണ്.
കര്‍ണാടകയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരുന്ന കാര്യങ്ങളിലൊന്ന് ഖനിമാഫിയയുടെ തലവന്മാരും മുന്‍ ബി.ജെ.പി മന്ത്രിമാരുമായ സഹോദരന്മാര്‍ കര്‍ണാടക റെഡ്ഡിയുടേയും ജനാര്‍ദ്ദനന്‍ റെഡ്ഡിയുടേയും ബിനാമിയും ശതകോടീശ്വരനുമായ ശ്രീരാമലു എങ്ങനെയാണ് ബി.ജെ.പിയെ തെരഞ്ഞെടുപ്പില്‍ നയിക്കുക എന്നതാണ്. വലിയ ഭൂരിപക്ഷമില്ലാതെയാണ് ബി.ജെ.പി ജയിക്കുന്നതെങ്കില്‍ ശ്രീരാമലുവിന്റെ ഒഴിയാത്ത ഖജനാവാകും മുഖ്യമന്ത്രി ആരാവുക എന്ന് തീരുമാനിക്കുക എന്നും ശ്രുതിയുണ്ട്. ജനതാദള്‍ എത്ര സീറ്റ് പിടിക്കും? നുണകളുടെ, പണക്കൊഴുപ്പിന്റെ, വര്‍ഗ്ഗീയ വിദ്വേഷത്തിന്റെ പ്രചരണം ബി.ജെ.പിയെ തുണയ്ക്കുമോ, ജനതാദളില്‍ നിന്ന് തെന്നിമാറുന്ന വൊക്കലിഗ വിഭാഗം ലിംഗായത്തിന് നല്‍കിയ ന്യൂനപക്ഷപദവിയില്‍ പ്രതിഷേധിച്ച് ബി.ജെ.പിക്ക് വോട്ടുചെയ്യുമോ? സിദ്ധരാമയ്യക്കെതിരായ കോണ്‍ഗ്രസിനകത്തുനിന്നുള്ള പടയൊരുക്കത്തിനെ ചെറുക്കാന്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കഴിഞ്ഞിട്ടുണ്ടോ? സിദ്ധരാമയ്യ എന്ന അസാധാരണമായ ഇച്ഛാശക്തിയുള്ള മതേതര സോഷ്യലിസ്റ്റ് കോണ്‍ഗ്രസിന്റെ ഭാവി പ്രതീക്ഷകളെ ഉയര്‍ത്തിപ്പിടിക്കുമോ? ഇന്ന് വൈകുന്നേരം പോളിങ്ങ് അവസാനിക്കുമ്പോള്‍ ബാക്കിയാകുന്ന ചോദ്യങ്ങള്‍ ഇത്രയുമാണ്.
ആരു ജയിച്ചാലും തോറ്റാലും 2019-ന്റെ സൂചനകള്‍ ഈ തിരഞ്ഞെടുപ്പ് തരും. നുണകളും യഥാര്‍ത്ഥ്യബോധവും തമ്മിലുള്ള അന്തരം എത്രമാത്രമാണ്? ജനാധിപത്യത്തിന്റെ ഉത്സവം കള്ളക്കഥകള്‍കൊണ്ടും നുണപ്രചാരണങ്ങള്‍ കൊണ്ടും അട്ടിമറിക്കപ്പെട്ടുവോ? മേയ് പതിനഞ്ച് അടുത്ത വര്‍ഷം ഈ സമയമാകുമ്പോഴും ഇന്ത്യയുടെ ഭാവിയെന്താണ് എന്ന് തീരുമാനിക്കുന്നതിനുള്ള സൂചകങ്ങളില്‍ ഒന്നാണ്. ജനാധിപത്യത്തേയും മതേതരത്വത്തേയും എല്ലാം നമ്മള്‍ പ്രതീക്ഷയോടെ നോക്കുമ്പോഴാണ് ഏതു ചിഹ്നത്തില്‍ കുത്തിയാലും താമരയ്ക്ക് വോട്ടുപോകുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ കുറിച്ച് നാം കേള്‍ക്കുന്നത്.
ജനാധിപത്യം പുലരുമെന്ന പ്രതീക്ഷയാണ് തെരഞ്ഞെടുപ്പെന്ന ഉത്സവം അവസാനിക്കുമ്പോള്‍ ഭരണഘടനയിലും സമൂഹത്തിലും വിശ്വാസമുള്ള മനുഷ്യര്‍ വിശ്വസിക്കുന്നത്. ആ വിശ്വാസം ഇനി എത്രകാലമെന്ന ചോദ്യം കൂടി ബാക്കിയാണ്.