ഒരാഴ്ചയ്ക്ക് ശേഷവും കര്‍ണാടക ആവര്‍ത്തിക്കുന്നു: ഒരുമിച്ച് നില്‍ക്കലാണ് ഇക്കാലത്തെ രാഷ്ട്രീയം
Karnata Election
ഒരാഴ്ചയ്ക്ക് ശേഷവും കര്‍ണാടക ആവര്‍ത്തിക്കുന്നു: ഒരുമിച്ച് നില്‍ക്കലാണ് ഇക്കാലത്തെ രാഷ്ട്രീയം
ശ്രീജിത്ത് ദിവാകരന്‍
Saturday, 19th May 2018, 8:41 pm

ജനപഥങ്ങളിലൊരിന്ത്യ -2

നൂറ്റിനാല് അംഗങ്ങള്‍ മാത്രമാണുള്ളത്. രണ്ട് സ്വതന്ത്രന്മാര്‍ മാത്രമാണുള്ളത്. മറ്റെല്ലാ എം.എല്‍.എമാരും കോണ്‍ഗ്രസ്-ജെ.ഡി.എസ് ടിക്കറ്റില്‍ ജയിച്ചവര്‍. ശേഷിച്ച ഒരാള്‍ എന്‍.മഹേഷ്, ജെ.ഡി.എസുമായി സഖ്യത്തില്‍ മത്സരിച്ച ബി.എസ്.പി എം.എല്‍.എ, സുവ്യക്തമായി അറിയിച്ചു തന്റെ വോട്ട് കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യത്തിനാണെന്ന്. ബഹന്‍ജീ മായാവതിയുടെ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. പിന്നെ എങ്ങനെയാണ് വിശ്വാസവോട്ട് നേടാന്‍ ബി.ജെ.പിക്കാവുക? ഏതു മാന്ത്രിക വിദ്യക്കാണ് അത് സാധിക്കുക? ഇന്ത്യയില്‍ മുഴുവന്‍ ബി.ജെ.പി നേതാക്കള്‍ കഴിഞ്ഞ മൂന്ന് ദിവസമായി ജേര്‍ണലിസ്റ്റുകളില്‍ നിന്ന് വാര്‍ത്തസമ്മേളനങ്ങളിലും ചര്‍ച്ചകളിലും അല്ലാതെയും നേരിട്ടിരുന്ന ചോദ്യമാണ്. ഉത്തരം ചിരിയും ആത്മവിശ്വാസത്തേടെയുള്ള കാത്തിരിക്കൂ മറുപടികളുമായിരുന്നു. ബി.ജെ.പി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന ആര്‍.എസ്.എസുകാരനുമായ രാം മാധവ് മാത്രം കഴിഞ്ഞ ദിവസം ചിരിച്ചു കൊണ്ട് റ്റൈം നൗ ചാനലിലെ ചര്‍ച്ചയില്‍ പറഞ്ഞു- ബി.ജെ.പിക്ക് കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ എം.എല്‍.എമാര്‍ വേണ്ട അമിത് ഷാ മതിയെന്ന്. വാര്‍ത്ത അവതാരികയായ നവിക കുമാര്‍ എന്ന ബി.ജെ.പി ലോയലിസ്റ്റ് അഭിനന്ദന സൂചകമായ ചിരി മറുപടിയായി നല്‍കി.

എങ്ങനെയാണ് എം.എല്‍.എമാരില്ലെങ്കിലും ഭരണം പിടിക്കുന്നത്?

അതിന് 2014-ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഇന്ത്യയിലെ നിയമസഭ തിരഞ്ഞെടുപ്പുകളുടെ ചരിത്രം നോക്കണം. 2014-ല്‍ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ഒന്ന് ആന്ധ്ര പ്രദേശ്. ആന്ധ്രവിഭജിക്കപ്പെട്ടതിനും സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കും ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന് ഒരു സീറ്റുപോലും കിട്ടിയില്ല. ബി.ജെ.പിക്ക് ആകെ കിട്ടിയത് നാല് സീറ്റ്. സഖ്യകക്ഷിയായ തെലുഗുദേശത്തിന്റെ കരുത്തില്‍ ഭരണത്തിലുണ്ടെന്ന് അവര്‍ ഭാവിച്ചു. പക്ഷേ തെലുഗുദേശവും ഇപ്പോള്‍ എന്‍.ഡി.എ വിട്ടു. അഥവാ ബി.ജെ.പിക്ക് പങ്കാളിത്തമില്ല. തെലുങ്കാനയിലെ ആദ്യ തിരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുമാത്രമാണ് ബി.ജെ.പിക്ക്. റ്റി.ആര്‍.എസ് ഭരണകക്ഷി, കോണ്‍ഗ്രസ് പ്രതിപക്ഷം. അരുണാചല്‍പ്രദേശ് ആണ് മറ്റൊരു സംസ്ഥാനം. 60 സീറ്റില്‍ 42-ഉം ജയിച്ച് ഭരണകക്ഷിയായ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തി. ബി.ജെ.പിക്ക് 11 സീറ്റ്. പക്ഷേ ഇപ്പോള്‍ അരുണാചല്‍ ഭരിക്കുന്നത് ബി.ജെ.പിയാണ്. മുഖ്യമന്ത്രിയടക്കം മുഴുവന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരും സംഘമായി പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ എന്നൊരു പാര്‍ട്ടിയുണ്ടാക്കി ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. അതാണ് ഒന്നാം അമിത് ഷാ തന്ത്രം. ജനവിധി തലകുത്തനെ മറിച്ച പരിപാടി.

മറ്റ് സംസ്ഥാനങ്ങളായ ഒറീസയിലും സിക്കിമിലും ബി.ജെ.പിക്ക് ഒരു കാര്യവുമില്ല. സിക്കിമിലെ ഭരണപാര്‍ട്ടിയെ തങ്ങളുടെ സഖ്യകക്ഷിയായി ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. പല തിരഞ്ഞെടുപ്പിലും സഖ്യകക്ഷിയായല്ല മത്സരിച്ചത്, സീറ്റും ലഭിച്ചില്ല. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിന് ശേഷം നിവൃത്തിയില്ലാതെ ശിവസേനയുമായി സഖ്യമായി. അതിനേയും അമിത്ഷായുടെ തന്ത്രമായി വ്യാഖ്യാനിക്കുന്നവരുണ്ട്. കാരണം അത്ഭുതകരമായാണ് ആ സഖ്യം പ്രവര്‍ത്തിക്കുന്നത്.

ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമ്പോഴും പാര്‍ട്ടി നേതാവ് ആനന്ത് ഗീഥേ കേന്ദ്രമന്ത്രിമാണ്. ശിവസേയിലെ പ്രമുഖ നേതാവായിരുന്ന സുരേഷ് പ്രഭുവിനെ നരേന്ദ്രമോഡി കേന്ദ്രമന്ത്രിയാക്കുന്നതിന് വേണ്ടി പാര്‍ട്ടി മാറ്റി ബി.ജെ.പിയാക്കി. എന്നിട്ടും തുടരുന്ന സഖ്യത്തിന്റെ പിന്നാമ്പുറ കഥകളില്‍ രസകരമാണ്. ജമ്മു കാശ്മീര്‍ സംസ്ഥാനത്തിന്റെ മുഖ്യ ഭാഗമായ കാശ്മീര്‍ താഴ്വരയില്‍ ഒരു സീറ്റുപോലും പിടിക്കാതെ ബി.ജെ.പി തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തായിട്ടും ഭരണം പിടിച്ചു. ബി.ജെ.പി രാഷ്ട്രീയത്തിനോട് ജീവിതം കൊണ്ട് പൊരുതി നില്‍കുന്ന താഴ്വരിയിലെ ഭൂരിപക്ഷത്തിന്റെ വോട്ടുലഭിച്ച പി.ഡി.പിയുമായി അസാധ്യമെന്ന് കരുതുന്ന ഒരു സഖ്യം സൃഷ്ടിച്ചെടുക്കാനും പല മുതിര്‍ന്ന ബി.ജെ.പി നേതാക്കളും രംഗത്തിറങ്ങിയിരുന്നു. അതേ വര്‍ഷം തിരഞ്ഞെടുപ്പ് നടന്ന ഹരിയാനയിലും ജാര്‍ഖണ്ഡിലും ബി.ജെ.പി സുഖകരമായി ജയിച്ചു.

2015-ല്‍ തിരഞ്ഞെടുപ്പ് നടന്ന രണ്ട് സംസ്ഥാനങ്ങള്‍ ദല്‍ഹിയും ബീഹാറുമായിരുന്നു. ബി.ജെ.പി മറക്കാനാഗ്രഹിക്കുന്നതാകും രണ്ട് തിരഞ്ഞെടുപ്പും. ഡല്‍ഹിയില്‍ എല്ലാ പ്രവചനവും മറികടന്ന് 70-ല്‍ 67 സീറ്റും ആം ആദ്മി പാര്‍ട്ടി നേടി. ബീഹാറില്‍ 243 സീറ്റില്‍ 177 സീറ്റുകളാണ് ജെ.ഡി.യു-ആര്‍.ജെ.ഡി-കോണ്‍ സഖ്യം നേടിയത്. കൂടുതല്‍ സീറ്റുകള്‍ ലഭിച്ചിട്ടും മുഖ്യമന്ത്രി സ്ഥാനത്തിന് ശ്രമിക്കാതെ ഭരണത്തില്‍ പങ്കാളികളായ ആര്‍.ജെ.ഡിയെ തഴഞ്ഞ് രണ്ടരവര്‍ഷത്തിന് ശേഷം നിതീഷ് കുമാര്‍ ബി.ജെ.പിക്കൊപ്പം ജനവിധി അട്ടിമറിച്ച് മറുകണ്ടം ചാടിയതും അമിത് ഷായുടെ തന്ത്രമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

2016-ഉം ബി.ജെ.പിക്ക് നല്ല വര്‍ഷമായിരുന്നില്ല. നിയമസഭ തിരഞ്ഞെടുപ്പ് നടന്ന കേരളം, പശ്ചിമബംഗാള്‍, പുതുച്ചേരി, തമിഴ്നാട് നാലിടത്തും നാല് പാര്‍ട്ടികള്‍ അധികാരത്തിലെത്തി. ബി.ജെ.പിക്കോ മോഡിക്കോ തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ കാര്യമായ സമയം ലഭിച്ചില്ല. പക്ഷേ അസമില്‍ ബി.ജെ.പി-അസംഗണപരിഷദ് സഖ്യം തൂത്തുവാരി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങിലെ ബി.ജെ.പിയുടെ നിര്‍ണ്ണായമായ കടന്ന് കയറ്റം അതായിരുന്നു.

2017 വീണ്ടും ബി.ജെ.പിയുടെ വര്‍ഷമായി. പഞ്ചാബ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷമാകാന്‍ പോലും അകാലി-ബി.ജെ.പി സഖ്യത്തിനായില്ല. പക്ഷേ ഗോവയില്‍ നാല്‍പ്പതംഗ അസംബ്ലിയില്‍ 23-ല്‍ നിന്ന് പതിമൂന്നിലേയ്ക്ക് തലകുത്തി വീണിട്ടും ബി.ജെ.പി സര്‍ക്കാരുണ്ടാക്കി. സ്വതന്ത്രന്മാരെ വിലയ്ക്ക് വാങ്ങിയും സര്‍ക്കാരുണ്ടാക്കി. ഗോവയില്‍ ബി.ജെ.പി ഒഴികെ ആരുമായും സഖ്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വിജയിച്ച മൂന്ന് എം.എല്‍.എമാരും മന്ത്രിമാരായി. മണിപ്പൂരിലും അതുതന്നെ നടന്നു. 60-ല്‍ 28 സീറ്റു നേടിയ കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയായി. പക്ഷേ 21 സീറ്റുനേടിയ ബി.ജെ.പി സ്വതന്ത്രന്മാരേയും പ്രദേശിക പാര്‍ട്ടികളേയും ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കി. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും നിലവിലുള്ള ഭരണത്തെ പൊളിച്ചുകൊണ്ട് ബി.ജെ.പി അധികാരത്തില്‍ വന്നു. ഗുജറാത്തില്‍ 16 സീറ്റുകള്‍ കൈവിട്ടുപോയെങ്കിലും ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പിക്കായി.

2018-ലെ ത്രിപുര തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ എല്ലാവരും തന്നെ ബി.ജെ.പിയിലേയ്ക്ക് ചേക്കേറി. രണ്ട് വര്‍ഷം മുമ്പ് സംസ്ഥാനത്തില്ലാതിരുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ വോട്ട് ബേസില്‍ പിടിച്ച് ആരംഭിച്ചു. സി.പി.എമ്മിന്റെ എല്ലാക്കാലത്തേയും ശക്തികേന്ദ്രമായ ആദിവാസി ബെല്‍റ്റിലെ അസംതൃപ്തവിഭാഗമായ ഇന്‍ഡിജിന്യസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയും കൂടി ചേര്‍ത്ത് തിരഞ്ഞെടുപ്പ് ആഘോഷമാക്കി മാറ്റി. ത്രിപുര ബി.ജെ.പി പിടിച്ചു. മേഘാലയയില്‍ ബി.ജെ.പിക്ക് ലഭിച്ചത് രണ്ട് സീറ്റ്. അറുപതില്‍ 21 സീറ്റ് ലഭിച്ച കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷി. പക്ഷേ ബി.ജെ.പി സഖ്യകക്ഷികളുടെ പിന്‍ബലത്തോടെ ഭരണത്തില്‍ പങ്കാളികളാകുന്നു. നാഗലാന്റില്‍ ബി.ജെ.പി സഖ്യകക്ഷിക്ക് വിജയം.

പിന്നീടാണ് കര്‍ണാടകയിലേയ്ക്ക് വരുന്നത്. മഹാരാഷ്ട്ര, കശ്മീര്‍, ഗോവ, മണിപ്പൂര്‍, ത്രിപുര, മേഘാലയ എന്നിവടങ്ങളില്‍ അവര്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രങ്ങളാണ് അപ്പോള്‍ നമ്മള്‍ കര്‍ണാകയില്‍ കണ്ടത്.

ഭൂരിപക്ഷമില്ലാതിരുന്ന പലയിടങ്ങളിലും ഭൂരിപക്ഷമുണ്ടാക്കാന്‍ വിലയ്ക്ക് മേടിച്ചും തരപ്പെടുത്തിയും പ്രാവീണ്യമുള്ള, ബി.ജെ.പി ആരാധകരുടെ ഭാഷ്യത്തില്‍ തന്ത്രജ്ഞര്‍, ആയ നേതാക്കളുടെ കുത്തൊഴുക്കാണ് ഒന്നാം തന്ത്രം. അമിത് ഷാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് ക്യാമ്പുചെയ്യുന്നു. പിന്നെ പണത്തിന്റെ കുത്തൊഴുക്കാണ് സംസ്ഥാനത്തേയ്ക്ക്. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ കൈമലര്‍ത്തിയതാണ്. കോടിക്കണക്കിന് പണം പിടിച്ചെടുത്തു. പക്ഷേ ഒന്നും സംഭവിച്ചില്ല. കൈനിറയെ പണം ഒരോ വീടും തേടി പോയി. സംസ്ഥാന തിരഞ്ഞെടുപ്പ് എന്ന ഭാവമെല്ലാം വിട്ട് ശക്തിയുള്ള പ്രദേശങ്ങളില്‍ വിജയിക്കാനും മറ്റുള്ള മണ്ഡലങ്ങളില്‍ മുഖ്യശത്രുവിനെ പരാജയപ്പെടുത്താനുമുള്ള തന്ത്രമാണ് രണ്ടാമത്തേത്. പ്രചരണത്തില്‍ പച്ചയ്ക്ക് വര്‍ഗ്ഗീത പറഞ്ഞു. അഴിമതിക്കെതിരെ രൂക്ഷമായി സംസാരിച്ചുകൊണ്ട് തന്നെ അഴിമതിക്കേസില്‍ ജയിലില്‍ കിടന്ന നേതാവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാണിച്ചു. 21 പൊതുപരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നുണയും വര്‍ഗ്ഗീതയും പ്രസംഗിച്ചു, അഴിമതിക്കേസുകള്‍ നേരിടുന്ന റെഡ്ഢി സഹോദരന്മാരുമായി വേദി പങ്കിട്ടു. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും കോണ്‍ഗ്രസും ജെ.ഡി.യുവും പരസ്പരം സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും പ്രധാനമന്ത്രി തന്നെ നേരിട്ട് ഫലപ്രഖ്യാപനം വന്ന ദിവസം സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ച് കുതിരക്കച്ചവടത്തിന് അരങ്ങൊരുക്കി.

ഫലപ്രഖ്യാപനത്തിന് ശേഷം കഴിഞ്ഞ നാലു കൊല്ലം മറന്നിരുന്ന രാഷ്ട്രീയം കോണ്‍ഗ്രസ് പുറത്തെടുത്തു. ചടുലം, തീഷ്ണം. തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയെ നൂറ്റിപത്ത് കടത്തില്ലെന്ന് ഉറപ്പിച്ച നിമിഷത്തില്‍ കുമാരസ്വാമിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് സോണിയഗാന്ധി, ഗുലാം നബി ആസാദ് തുടങ്ങീയവര്‍ പ്രഖ്യാപിച്ചു. സിദ്ധരാമയ്യയും പരമേശ്വരയും മല്ലികാര്‍ജ്ജുന ഖാര്‍ഗെയും പരസ്പര വൈരം മറന്ന് കരുനീങ്ങള്‍ തുടങ്ങി. ത്രിപുരയും ഗോവയുമെല്ലാം മനസിലുള്ള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൈവിട്ട് പോകാതിരിക്കാനുള്ള ശ്രമം നടത്തി. ബി.ജെ.പിയുടെ ഒരോ നീക്കത്തിനും എതിര്‍ നീക്കങ്ങള്‍ നടത്തി. ആര്‍.എസ്.എസുകാരനായ ഗവര്‍ണര്‍ വാജുഭായ് വാല ഏറ്റവും വലിയ ഒറ്റകക്ഷി നേതാവ് യെദ്യൂരപ്പയെ പിറ്റേ ദിവസം രാവിലെ സത്യപ്രതിജ്ഞ ചെയ്യാനനുവദിച്ച നടപടിക്കെതിരെ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ പുതിയ അധ്യായമെഴുതി രാത്രി കോടതില്‍ കേസ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് മനു സിംഘ്വിയും കപില്‍സിബലുമാണ് ബി.ജെ.പിയുടെ വിലയ്ക്കെടുത്ത അഭിഭാഷകര്‍ക്കെതിരെ വീറോടെ വാദിച്ചത്.

വിധി അനുകൂലമായില്ലെങ്കിലും രാജ്യത്തെ ഏറ്റവും വലിയ ചര്‍ച്ച വിഷയമായി ഗവര്‍ണര്‍ വാജുഭായ്വാലയുടെ സംഘിത്തത്തെ മാറ്റാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. സുപ്രീം കോടതി ഇന്ന് നാല് മണിക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടതോടെ തന്നെ കോണ്‍ഗ്രസ് പകുതി വിജയിച്ചുകഴിഞ്ഞിരുന്നു. ഈ ഘട്ടത്തിലെല്ലാം ജെ.ഡി.യു നേതൃത്വവുമായി മികച്ച ആശയവിനിമയവും സുതാര്യമായ ബന്ധവും സൂക്ഷിക്കാന്‍ കോണ്‍ഗ്രസിനായി. ദേവഗൗഡ കുടംബവുമായി കടുത്ത വിയോജിപ്പുള്ള മുതിര്‍ന്ന നേതാവ് ഡി.കെ.ശിവകുമാര്‍ കോണ്‍ഗ്രസ് വിടുന്നുവെന്ന് റ്റെംസ് നൗ വാര്‍ത്ത നല്‍കിയപ്പോള്‍ ബദല്‍ തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി ശിവകുമാറിനെ ഏല്‍പ്പിച്ചാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്. ആദ്യം മുതല്‍ കാണാതായ രണ്ട് എം.എല്‍.എ മാരെ തിരിച്ചെത്തിച്ച കോണ്‍ഗ്രസ് തങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്ത് ലഭിച്ച ഫോണ്‍കോളുകള്‍ റെക്കോര്‍ഡ് ചെയ്തും പൊതുജനമധ്യത്തിലെത്തിച്ചു. യെദ്യൂരപ്പ, മകന്‍ ബി.വൈ.വിജയേന്ദ്ര, ജനാര്‍ദ്ദന റെഡ്ഡി, ഡെപ്യൂട്ടി മുഖ്യമന്ത്രിയായി അവര്‍ ഉയര്‍ത്തി കാണിച്ചുന്ന ശ്രീരാമലു മുതല്‍ മുതിര്‍ന്ന നേതാവ് മുരളീധര റാവുവരെ കോടികളും മന്ത്രി സ്ഥാനങ്ങളും വാഗ്ദാനം ചെയ്ത് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പുകളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

മൂന്ന് ടേം മാത്രം സീനിയോര്‍റ്റിയുള്ള, നേരത്തേ തന്നെ സ്പീക്കര്‍ കസേരയിലരുന്ന് സര്‍ക്കാരിനുകൂലമായി നിയമസഭ മര്യാദകളെ അട്ടിമറിച്ചതിന് സുപ്രീംകോടതിയുടെ വരെ അപ്രീതിക്ക് ഇരയായിട്ടുള്ള കെ.ജി ബൊപ്പണ്ണയെ പ്രോടെം സ്പീക്കറാക്കി കൊണ്ടുവന്ന വാജുഭായ് വാലയുടെ തുറന്ന രാഷ്ട്രീയകളിയാകട്ടെ ആത്യന്തികമായി കോണ്‍ഗ്രസിന് ഗുണമായി ഭവിച്ചു. വാജുവാലയുടെ വാദം കേള്‍ക്കാതെ നടപടി റദ്ദാക്കാനാവില്ല എന്ന് സുപ്രീംകോടതി പറഞ്ഞുവെങ്കിലും എല്ലാം സുതാര്യമാക്കാനും ലൈവ് ആയി റ്റെലിവിഷന്‍ സംപ്രേക്ഷണം ചെയ്യാനും കോടതി ഉത്തരവിട്ടതോടെ ബി.ജെ.പി ഈ കളിയില്‍ ഏതാണ്ട് തോറ്റു.

അവസാന നിമിഷം വരെ ശുഭാപ്തിവിശ്വാസത്തില്‍ പിടിച്ചു നിന്ന അമിത്ഷായുടേയും സംഘത്തിന്റേയും തന്ത്രം തത്കാലമായി പൊളിക്കാനായത് ഒന്നുകൊണ്ട് മാത്രമാണ്- ബി.ജെ.പിക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന മതേതര ചേരിയുടെ നിലപാടുകൊണ്ട്. 2019 തിരഞ്ഞെടുപ്പിന്റെ പ്രതീക്ഷയുടെ ഒരു വാതിലാണ് ഇവിടെ കോണ്‍ഗ്രസും സംഘവും തുറക്കുന്നത. പക്ഷേ കര്‍ണാടകയിലടക്കം ഒന്നും അവസാനിച്ചിട്ടില്ല. പണത്തിന്റേയും സ്വാധീനത്തിന്റേയും നഗ്‌നമായ അധികാരദുര്‍വിനിയോഗത്തിന്റേയും ബി.ജെ.പി വഴികള്‍ ഇനിയും കുറേ കാണാം.

എന്‍.ബി: ഒരു ബി.ജെ.പി നേതാവായിരുന്നു കര്‍ണാടക നിയമ സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അവിടെ തോറ്റതാണ് ജനാധിപത്യം. പക്ഷേ നാടകം നീണ്ടു. അവസാനയങ്കത്തിലെ യെദ്യൂരപ്പയുടെ പ്രസംഗമായിരുന്നു പൊളിഞ്ഞ് പോയ ക്ലെമാക്സിന്റെ ദുരന്തവാക്യം. എന്തെല്ലാമാണോ ബി.ജെ.പി കഴിഞ്ഞ കാലത്ത് ചെയ്തുകൊണ്ടിരുന്നത്, അതെല്ലാം യെദ്യൂരപ്പ മറ്റുള്ളവരുടെ മേല്‍ ആരോപിച്ച് അപമാനിതനായി രാജിവച്ചു. ധാര്‍മ്മികതയെ കുറിച്ചുള്ള യെദ്യൂരപ്പയുടെ വേവലാതിയും കര്‍ഷകരെ സംരക്ഷിക്കാനുള്ള ശ്രമമായിരുന്നു ഭരണകാലത്ത് ചെയ്തിരുന്നത് എന്നും കേട്ട് ജനാര്‍ദ്ദനറെഡ്ഢിയും കരുണാകരറെഡ്ഡിയും ശ്രീരാമലുമെല്ലാം തന്നെ സങ്കടം മറന്ന് ചിരിച്ചുകാണും. ജനഹിതമില്ലാതെ പിന്‍വാതിലിലൂടെ അധികാരത്തിലെത്താന്‍ കോണ്‍ഗ്രസും ജനതാദളും ശ്രമിക്കുന്നുവെന്ന വാചകം കേട്ട് സാക്ഷാല്‍ അമിത്ഷാപോലും പുഞ്ചിരിതൂകി കാണണം. ഗോവമുതല്‍ കാശ്മീര്‍ വരെയും മണിപ്പൂര്‍, മേഘാലയ ദേശങ്ങളും ബീഹാര്‍ ഉപമുഖമന്ത്രി സുശീല്‍ കുമാര്‍ മോഡിയും പുളകിതരായിക്കാണും.

ശ്രീജിത്ത് ദിവാകരന്‍
മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.