രാജസ്ഥാനിലെ ആല്‍വാറില്‍ ഒരു മുസ്ലീമിനെ കൂടെ അതിഹൈന്ദവ തീവ്രവാദ സംഘം തല്ലിക്കൊന്നുവെന്ന, പ്രത്യേകിച്ച് രാജ്യത്ത് ജനരോഷം ഒന്നും സൃഷ്ടിക്കാത്ത, വാര്‍ത്ത വായിക്കുന്ന ദിവസമാണ് ഇതെഴുതുന്നത്. ഇതേദിവസത്തെ പ്രധാനവാര്‍ത്ത പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 126 നെതിരെ 325 വോട്ടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുത്തിയെന്നതും. അവിശ്വാസ പ്രമേയത്തിന് മറുപടി പറയുന്നതിന് പകരം പെരുംനുണകളും പരിഹാസവും ഊതിവീര്‍പ്പിച്ച ദേശീയതയും ആവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഈ രാവിലെ റുവാണ്ടയ്ക്കും പുറപ്പെട്ടിട്ടുണ്ട്. അദ്ദേഹം റുവാണ്ടന്‍ രാഷ്ട്രനേതാവിന് ഇന്ത്യയുടെ സമ്മാനമായി നല്‍കുന്നത് ഇരുന്നൂറ് പശുക്കളെ ആണെന്നറിയുമ്പോഴാണ് ആര്‍.എസ്.എസ് രാഷ്ട്രീയം പശുവിന്റെ പേരില്‍ തല്ലിക്കൊന്ന മുസ്ലീങ്ങളും ദളിതരും ഉണര്‍ന്നെഴുന്നേറ്റ് ഇന്ത്യന്‍ ഐറണിയില്‍ കെട്ടിത്തൂങ്ങി വീണ്ടും മരിക്കുന്നത്.
“ഇക്കാലത്തിന്ത്യയില്‍, ഏതുസമയത്തും എവിടെയും ആളുകള്‍ കൊല്ലപ്പെടുന്നതും പീഡിക്കപ്പെടുന്നതും അടിച്ചമര്‍ത്തപ്പെടുന്നതുമാണ് കാണുന്നത്. ഇന്ത്യയില്‍ ഒരു വ്യക്തി കൊല്ലപ്പെടുമ്പോള്‍, അടിച്ചമര്‍ത്തപ്പെടുമ്പോള്‍, ചവിട്ടിയരക്കപ്പെടുമ്പോള്‍, പീഡിപ്പിക്കപ്പെടുമ്പോള്‍, ആ വ്യക്തിക്ക് മേലുള്ള അക്രമം മാത്രമല്ല നടക്കുന്നത്, അംബേദ്കര്‍ രചിച്ച ഇന്ത്യന്‍ ഭരണഘടനയ്ക്കും ഈ പാര്‍ലമെന്റിനും മേലാണ് അക്രമം നടക്കുന്നത്” എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അവിശ്വാസപ്രമേയത്തെ പിന്തുണച്ചുകൊണ്ട് ലോകസഭയില്‍ നടത്തിയ പ്രസംഗം അവസാനിപ്പിച്ച് പറഞ്ഞത്. ആശയപരമായി സുവ്യക്തവും സുദൃഢവുമായ അഭിപ്രായമാണിത്. പക്ഷേ കഴിഞ്ഞ നാലരവര്‍ഷം ഇന്ത്യന്‍ ഭരണഘടനയേയും ഇന്ത്യന്‍ പാര്‍ലമെന്റിനേയും ചവിട്ടിയരച്ച് സംഘപരിവാര്‍ രാഷ്ട്രീയം ഏകാധിപത്യം കൊണ്ടാടുമ്പോള്‍ എവിടെയായിരുന്നു പ്രതിപക്ഷം?
റാഫേല്‍ അഴിമതിക്കേസിനെ കുറിച്ച് രാഹുല്‍ സംസാരിച്ചു. ശരിയാണ്. ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങളെ കുറിച്ചും സംസാരിച്ചു. പക്ഷേ അംബേദ്കറേയും ഭരണഘടനയേയും പരാമര്‍ശിച്ച രാഹുല്‍ ഭരണഘടനയുടെ അടിസ്ഥാനതത്വമായ മതേതരത്വത്തെ ചവിട്ടിത്തേയ്ക്കുന്നതിനെ കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. മുസ്ലീങ്ങളുടെ പാര്‍ട്ടിയാണ് തങ്ങളുടേത് എന്നാരോപണത്തെ മറികടക്കാന്‍ രാഹുല്‍ ആവര്‍ത്തിച്ചത്, താന്‍ ഹൈന്ദവനാണ് എന്നാണ്. ഹൈന്ദവത തന്നെ പഠിപ്പിച്ചത് മോദിയാണ് എന്ന ജാമ്യാപേക്ഷയാണ്. ഹിന്ദുപാര്‍ട്ടിയാണ് തങ്ങളുടേത് എന്നാവര്‍ത്തിക്കുന്ന പാര്‍ട്ടി മറ്റൊരു പാര്‍ട്ടിയെ മുസ്ലീം പാര്‍ട്ടി എന്നുവിളിക്കുമ്പോള്‍ ഞങ്ങളതിലഭിമാനിക്കുന്നുവെന്ന് മറുപടി പറയാതെ, ഞാന്‍ ഹൈന്ദവനാണ് എന്ന പ്രതിരോധവുമായി ആ പാര്‍ട്ടിയുടെ നേതാവ് വരുന്നതിടത്താണ് അതിഹൈന്ദവത നൃത്തമാടുന്നത്.
വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി നടന്നില്ലെങ്കില്‍ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോറ്റ് തുന്നംപാടുമെന്നാണ് ഗ്രാമീണ ഇന്ത്യയുടെ ഹൃദയം അറിയാവുന്ന പി.സായിനാഥിനേപ്പോലുള്ള ജേര്‍ണലിസ്റ്റുകള്‍ വിശ്വസിക്കുന്നത്. പല രാഷ്ട്രീയ നിരീക്ഷകര്‍ക്കും ആ അഭിപ്രായമുണ്ട്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രം അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്ന രാഷ്ട്രീയ നിരീക്ഷകരും സ്വതന്ത്രജേര്‍ണലിസ്റ്റുകളുമുണ്ട്. പക്ഷേ ഏതാണ്ടൊരു എട്ടുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ നമ്മള്‍ എന്തെല്ലാം ചര്‍ച്ച ചെയ്യും?
മൂന്ന് ആരോപണങ്ങളാണ് പ്രതിപക്ഷത്തിനെതിരെ ബി.ജെ.പി ഫലപ്രദമായി മുന്നോട്ട് വയ്ക്കുന്നത്.
1 ഇത് അധികാരദുര്‍മോഹികളും അഴിമതിക്കാരും ദേശവിരുദ്ധരുമായ പാര്‍ട്ടികള്‍ എല്ലാവരും കൂടി ബി.ജെ.പിക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നതാണ്.
2ഇതിനെ നയിക്കുന്ന കോണ്‍ഗ്രസ് ഒരു മുസ്ലീം പാര്‍ട്ടിയാണ്. അതിന്റെ നേതാവായ രാഹുല്‍ കഴിവില്ലാത്ത ഒരാളും മക്കള്‍ രാഷ്ട്രീയത്തിലൂടെ മാത്രം രംഗത്തെത്തിയിട്ടുള്ള ആളുമാണ്.
3 അതിഗംഭീര ഭരണമാണ് നടക്കുന്നത്, മറിച്ചുള്ള ആരോപണങ്ങളെല്ലാം ദേശവിരുദ്ധരുടെ കള്ളപ്രചരണങ്ങളാണ്.
ഓഛാനിച്ച് നില്‍ക്കുന്ന മാധ്യമങ്ങളിലൂടെ, വിലയ്‌ക്കെടുത്ത പി.ആര്‍.ഏജന്‍സികളിലൂടെ, മയങ്ങിപ്പോയ മധ്യവര്‍ഗ്ഗ അരാഷ്ട്രീയവാദിയുടെ വാട്സ്അപിലൂടെ, ആക്രോശിക്കുന്ന ഹൈന്ദവതീവ്രവാദികളിലൂടെ ഈ ആരോപണങ്ങളും പ്രചരണങ്ങളും ദേശം മുഴുവന്‍ എത്തുന്നുണ്ട്.
പക്ഷേ എന്താണ് ഇന്ത്യന്‍ ജനപഥങ്ങളില്‍ നടക്കുന്നത്? നാം ചര്‍ച്ച ചെയ്യുന്നത് നമ്മള്‍ അനുഭവിക്കുന്നതിന്റെ എത്രയോ ചെറിയ ശതമാനമാണ്. ആള്‍ക്കൂട്ടകൊലപാതകങ്ങളെ കുറിച്ച് എത്രമാത്രമെങ്കിലും ചര്‍ച്ച ഉയര്‍ന്നിട്ട് എന്ത് കാര്യമാണുണ്ടായിട്ടുള്ളത്. കൃത്യം ഒരുമാസം മുമ്പ്, ജൂണ്‍ 22നാണ്, ജുനൈദിന്റെ കൊലപാതകത്തിന് ഒരു വര്‍ഷം തികഞ്ഞത്.
പതിനഞ്ചുകാരന്‍, സഹോദരന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഈദ് ആഘോഷിക്കാന്‍ മീററ്റിലുള്ള ബന്ധുവീട്ടിലേയക്ക് പോകാന്‍ ലോക്കല്‍ ട്രെയിനില്‍ കേറിയവന്‍ മുസ്ലിമാണ് എന്ന ഒറ്റക്കാരണം കൊണ്ട് തല്ലിക്കൊല്ലപ്പെട്ടു. അവന്റെ കൂട്ടുകാര്‍, സഹോദരന്‍ എല്ലാവരും ആക്രമിക്കപ്പെട്ടു. നൂറുകണക്കിന് ഹൈന്ദവര്‍ സാക്ഷികളായിരുന്ന റെയില്‍വേസ്റ്റേഷനിലാണ് ആ ക്രൂരഹൈന്ദവര്‍ ആക്രമണം പൂര്‍ത്തിയാക്കിയത്. ഒരാളും സാക്ഷിപറയാന്‍ തയ്യാറായില്ല. എല്ലാവരും സൗകര്യപൂര്‍വ്വം ആ കാഴ്ച മറന്നു.
ഒരുവര്‍ഷത്തിന് ശേഷം മുഖ്യമന്ത്രിയും ആര്‍.എസ്.എസ് നേതാവുമായ മനോഹര്‍ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ഹരിയാന സര്‍ക്കാര്‍ ജുനൈദിന്റെ കൊലപാതക വിചാരണ അട്ടിമറിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഗ്രാമ സര്‍പഞ്ചിനെ ഉപയോഗിച്ച് പണം കൊടുത്ത് വീട്ടുകാരെ അനുനയിപ്പിക്കാന്‍ പല തവണ ശ്രമിച്ചു, ഭീഷണിപ്പെടുത്തി. ബി.ജെ.പി നേതാക്കളായ പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചു. നുണപ്രചരണങ്ങള്‍ നടത്തി. ജുനൈദിന്റെ കുടംബങ്ങള്‍ക്കെതിരായി ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ചു.
നോക്കൂ, ഒരുവര്‍ഷത്തിന് ശേഷവും ജുനൈദിന്റെ ഉമ്മ സൈറ കിടക്കയില്‍ നിന്ന് എഴുന്നേറ്റിട്ടില്ല. ഉപ്പ ജലാലുദ്ദീന്‍ 25 കിലോ ഭാരം നഷ്ടപ്പെട്ട് ദുര്‍ബലനായി. ജുനൈദിനൊപ്പം ആക്രമിക്കപ്പെട്ട സഹോദരന്‍ സാക്കീറിന്റെ ഒരു കൈ ഇപ്പോഴും ഉയര്‍ത്താനാകില്ല. ഇനിയൊരിക്കലും ആ കുടുംബത്തിന് ഈദ് ആഘോഷിക്കാനവുമോ എന്ന് ഉറപ്പില്ല. ഒപ്പമുണ്ടായിരുന്ന ഫൈസലോ ആദിലോ ഹാഷിമോ ഖാസിമോ അതിന് ശേഷം ഇന്നേ വരെ ട്രെയിനില്‍ കയറിയിട്ടില്ല. ആ ഗ്രാമത്തിലെ ഒരോ വീട്ടില്‍ നിന്നും ചെറുപ്പക്കാന്‍ പുറത്തിറങ്ങുമ്പോള്‍ വീട്ടുലുള്ളവരുടെ ഉള്ളില്‍ തീയാണ്. ഒരോ അരമണിക്കൂറും ഫോണില്‍ വിളിച്ച് അന്വേഷിക്കും. മെട്രോയില്‍ മാത്രമേ യാത്ര ചെയ്യാവൂ എന്ന് ഉപദേശിക്കും.
ആര് വഴക്കിടാന്‍ വന്നാലും തലതാഴ്ത്തി മറുവാദത്തിന് പുറപ്പെടാതെ തിരിച്ചുവരണമെന്ന് അപേക്ഷിക്കും. പരമ്പരാഗത വേഷമായ കുര്‍ത്ത-പൈജാമയും തലയിലെ തൊപ്പിയും ധരിക്കാന്‍ അവര്‍ക്കിപ്പോള്‍ പേടിയാണ്. മറ്റ് ഹൈന്ദവ ഇന്ത്യക്കാരെപോലെ ഷര്‍ട്ടും പാന്റ്‌സും ധരിച്ച് പുറത്തിറങ്ങുകയാണ് അവരിപ്പോള്‍ ചെയ്യുന്നത്. അഥവാ ആര്‍.എസ്.എസിന്റെ, അതിഹൈന്ദവതയുടെ അടിച്ചമര്‍ത്തല്‍ ശ്രമം താത്കാലികമായി വിജയിച്ചിരിക്കുന്ന അവസ്ഥയാണിത്.
ജുനൈദിന്റെ കൊലപാതകം നടന്ന് ഒരുവര്‍ഷം തികയുന്ന ദിവസങ്ങളില്‍, ഏതാണ്ട് എല്ലാദിവസവും അത്തരത്തിലുള്ള ഒരോ കൊലപാതക കഥകള്‍ നമ്മള്‍ കേള്‍ക്കുന്നുണ്ട്. ജാര്‍ഖണ്ഡിലെ രാംഗഡില്‍ തുഹൈദ അന്‍സാരി എന്നയാളെ അതിഹൈന്ദവ സമൂഹം തല്ലിക്കൊന്നു. ഒരു വര്‍ഷം മുമ്പ് അലിമുദ്ദീന്‍ അന്‍സാരി എന്ന കന്നുകാലി കച്ചവടക്കാരനെ ബി.ജെ.പി നേതാക്കള്‍ തല്ലിക്കൊന്ന അതേ സ്ഥലമാണ് രാംഗഢ്. അതില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ക്രിമിനലുകളെയാണ് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ പൂമാലയിട്ട് സ്വീകരിക്കുന്ന ചിത്രം നാം കഴിഞ്ഞ ദിവസം കണ്ടത്. ഇതില്‍ യാതൊരു പ്രശ്‌നവും ഒരു ബി.ജെ.പി നേതാവിനും തോന്നിയിട്ടില്ല.
വാര്‍ത്താവിതരണ വകുപ്പിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന രാജ്യവര്‍ദ്ധന്‍ സിങ്ങ് റാത്തോഡ് എന്ന ഒളിമ്പ്യന്‍ സ്വന്തം കുടുംബത്തില്‍ കൊലപാതകികള്‍ ഉണ്ടെങ്കില്‍ നമ്മള്‍ സംരക്ഷിക്കില്ലേ എന്നാണ് ചോദിച്ചത്. ഭരണഘടനയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് മന്ത്രിമാരായും ജനപ്രതിനിധികളായും സ്ഥാനമേല്‍ക്കുന്നവര്‍ നടത്തുന്ന സത്യപ്രതിജ്ഞയുടെ മൗലികമായ ലംഘനമാണ് ഈ രണ്ട് മന്ത്രിമാരും ചെയ്തത്. ഇന്ത്യ അവരുടെ രാജിക്ക് വേണ്ടി ഒരു ചെറുവിരല്‍ അനക്കിയിട്ടില്ല. ഹാര്‍പൂറില്‍ ഈദിന് രണ്ട് ദിവസം മുമ്പ് രണ്ടു മുസ്ലീം യുവാക്കളേയും ജാര്‍ഖണ്ഡിലെ തന്നെ ഗോഡ്ഡയില്‍ ജൂണ്‍ 13ന് രണ്ട് മുസ്ലീങ്ങളേയും ആള്‍ക്കൂട്ടം തല്ലിക്കൊന്നു.
ഉത്തര്‍പ്രദേശില്‍ അഖ്‌ലാഖിനെ കൊന്ന ക്രിമിനലുകള്‍ക്ക് ബി.ജെ.പി സ്വീകരണം നല്‍കി, അതിലൊരാള്‍ ജയിലില്‍ പനിപിടിച്ച് മരിച്ചപ്പോള്‍ ദേശീയപതാക പുതപ്പിച്ച് ആദരിച്ചു, സംസ്ഥാന ഖജനാവില്‍ നിന്ന് പത്ത് ലക്ഷം കൊലപാതകിയുടെ കുടംബത്തിന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അലാവുദ്ദിന്‍ അന്‍സാരിയുടെ കൊലപാതകികള്‍ക്ക് സ്വീകരണം, രാജസ്ഥാനിലെ രാജസമുന്തില്‍ തല്ലിച്ചതയ്ക്കപ്പെട്ട ശേഷം ജീവനോടെ കത്തിച്ചുകൊന്ന പശ്ചിമബംഗാള്‍ സ്വദേശി മുഹമ്മദ് അഫ്രാസുള്‍ഖാന്റെ കൊലപാതകി ശംഭുലാലിന് വേണ്ടി പണം പിരിച്ചു.നോക്കൂ, പെഹ്ലൂഖാന്റെ കൊലപാതകികള്‍ക്കെതിരെ ഇതുവരെ നടപടികള്‍ തുടങ്ങിയിട്ടില്ല. പക്ഷേ പെഹ്ലൂഖാന്‍ കൊല്ലപ്പെട്ടപ്പോള്‍ ഒപ്പം മൃഗീയമായി മര്‍ദ്ദിക്കപ്പെട്ട് അവശരായ മുസ്ലീം കന്നുകാലി കച്ചവടക്കാരുണ്ട്, അവര്‍ക്കെതിരെ പശു കള്ളക്കടത്തിന്റെ പേരില്‍ അതീവ ഗൗരവമായ കുറ്റകൃത്യങ്ങള്‍ പൊലീസ് ചുമത്തിയിട്ടുണ്ട്.
നോക്കൂ, നമ്മള്‍ കഠ്വയിലെ പെണ്‍കുട്ടിയെ മറന്നു. അവള്‍ക്ക് വേണ്ടി നമ്മളുയര്‍ത്തിയ പ്രതിരോധവും പ്രതിഷേധവും മറന്നു. അവളുടെ മാതാപിതാക്കളിപ്പോള്‍ ലഡാക്കിലോ, കശ്മീര്‍ താഴ്വരയിലെവിടെയോ ഇപ്പോള്‍ അവരുടെ പതിവ് വേനല്‍ക്കാല പശുമേക്കല്‍ നടത്തുകയാകും. കശ്മീരിനും ജമ്മുവിനും ഇടയില്‍ ബക്കര്‍വാളുകളും ഗുജ്ജറുകളും താണ്ടുന്ന സ്വത്വ പ്രതിസന്ധികളുടെ ദൂരങ്ങളെ കുറിച്ച് പിന്നീട് എഴുതാം. ഹൈന്ദവസമൂഹത്തിന് ദളിതരും മുസ്ലീങ്ങളും അസ്പര്‍ശ്യരും നാടോടികളുമായ ഇവര്‍, കുലഗോത്ര പാരമ്പര്യത്തിന്റെ കണ്ണികളില്‍ പെടാത്തത് കൊണ്ടും കൊടും തണുപ്പിന്റെ കാലത്ത് മറ്റുള്ള ദേശവാസികളേ പോലെ മണ്ണിലുറച്ച് നില്‍ക്കാതെ ചൂട് തേടി പോകുന്നവരായത് കൊണ്ടും കശ്മീരികള്‍ക്കും സ്വന്തക്കാരല്ല.
ആരോരുമില്ലാത്തവരായതിനാല്‍ എളുപ്പത്തില്‍ കൊന്നുതള്ളാമെന്ന് അവര്‍ കരുതിയ ആ കുഞ്ഞിന് വേണ്ടി ഒരു ദേശമുയര്‍ത്തിയ പ്രതിരോധങ്ങളാണ് കാറ്റില്‍പറന്നിരിക്കുന്നത്. ആ കൊലപാതകികള്‍ക്ക് വേണ്ടി ദേശീയപതാകയുമായി നിരത്തില്‍ ഇറങ്ങിയ അതേ ആളുകള്‍ ഇപ്പോള്‍ പ്രതികളുടെ അഭിഭാഷകനെ പബ്ലിക് പ്രൊസിക്യൂട്ടറാക്കി മാറ്റി ആ പെണ്‍കുട്ടിയുടെ ഭാഗം വാദിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഥവാ കോടതിയില്‍ അവള്‍ക്ക് നീതി കിട്ടില്ലെന്ന് ഉറപ്പാക്കുന്നുണ്ട് അവര്‍.
ഇതിലേത് വിഷയത്തെ കുറിച്ച് നമ്മളിപ്പോള്‍ സംസാരിക്കുന്നുണ്ട്?
ഇതിന് സമാന്തരമായി റഫേല്‍ ഇടപാടുണ്ട്, നോട്ട് ബന്ദി എന്ന പേരില്‍ അറിയപ്പെടുന്ന ഡീമോണിറ്റെസേഷന്‍ ഉണ്ട്, ബാങ്കുകളില്‍ നിന്ന് കൊള്ള ചെയ്ത് രക്ഷപ്പെടാന്‍ അവര്‍ വഴിയൊരുക്കി കൊടുത്ത വന്‍പണക്കാരുണ്ട്, അദാനിമാര്‍ക്കും അംബാനിമാര്‍ക്കും കൊള്ള ചെയ്യുവാന്‍ നല്‍കുന്ന സൗകര്യങ്ങളുണ്ട്, മധ്യപ്രദേശിലെ വ്യാപം അഴിമതിയുണ്ട്, ഛത്തീസ്ഗഢ് മുഴുവന്‍ നടക്കുന്ന കൊള്ളയുണ്ട്, അറുപത് വര്‍ഷം കൊണ്ട് കോണ്‍ഗ്രസും കൂട്ടരും നടത്തിയ അഴിമതിയുടെ പത്തിരട്ടി അഞ്ച് വര്‍ഷം കൊണ്ട് നടത്തിയ ധൈര്യവുമണ്ട് ബി.ജെ.പിക്ക്. അതിലെത്ര ശതമാനത്തെ കുറിച്ച് നാം സംസാരിക്കുന്നുണ്ട്?
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ മുഴുവന്‍ അട്ടിമറിക്കാന്‍ ഘടനാപരമായി അവര്‍ നടത്തുന്ന ശ്രമങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കുന്നതാണ്. അധികാരത്തില്‍ നിന്ന് ഹിന്ദുത്വം പോയാലും അടുത്ത കുറേ കാലം മുഴുവന്‍ അവര്‍ വിദ്യാഭ്യാസരംഗത്തെ മലീമസമാക്കിക്കൊണ്ടിരിക്കും. ഹൈദരബാദ് സര്‍വ്വകാലാകാലയില്‍ രോഹിത് വെമുലയെ കൊലക്കയറിലേയ്ക്ക് തള്ളിവിട്ട് അവര്‍ തുടങ്ങിയ അടിച്ചമര്‍ത്തല്‍ ഇപ്പോള്‍ പൂര്‍ണ്ണമാണ്. യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷനെ ഇല്ലാതാക്കി കച്ചവടക്കാര്‍ക്കും കൊള്ളക്കാര്‍ക്കും നിലപാടുകളെടുക്കാവുന്ന ഒന്നായി ഉന്നതവിദ്യാഭ്യാസം മാറ്റി.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ജിഗ്‌നേഷ് മേവാനിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകാലാശാലയില്‍ നിന്നുള്ള ഏതാനും വിദ്യാര്‍ത്ഥികളുണ്ടായിരുന്നുവെന്ന രഹസ്യെപ്പാലീസിന്റെ റിപ്പോര്‍ട്ടിന്റെ പുറത്താണ് ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥി സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ പദ്ധതി തയ്യാറാകുന്നത്.
ഗ്രാന്‍ഡുകള്‍ വെട്ടിക്കുറച്ച് ഉന്നതവിദ്യാഭ്യാസം പരിമിതപ്പെടുത്തുന്നതിനൊപ്പം സംവരണം അട്ടിമറിക്കുന്ന തരത്തിലുള്ള പ്രവേശന നയം കൊണ്ടുവന്നു. അതേസമയം സംഘികളെ അധ്യാപകജോലികളില്‍ തള്ളികയറ്റാന്‍ മുഴുവന്‍ യോഗ്യതാക്രമങ്ങളേയും അട്ടിമറിച്ചു. വിദ്യാര്‍ത്ഥിനേതാക്കള്‍ക്കെതിരെ കള്ളക്കേസുകളുടെ പെരുമഴയും കൊണ്ടുവന്നു. ഏതിനെതിരെ പ്രതിഷേധിക്കും, സമരം ചെയ്യുമെന്ന് സംശയിക്കുമ്പോള്‍ അതിനമപ്പുറത്തെ ജനാധിപത്യവിരുദ്ധമായ നയങ്ങള്‍ അവതരിപ്പിച്ചു. ഗുജറാത്ത് കേന്ദ്രസര്‍വ്വകലാശാലയിലെ അധ്യാപകര്‍ കോണ്‍ഗ്രസിന്റെ പൊതുയോഗം നടക്കുന്ന വഴിയിലൂടെ പോയതിന് പോലും കാരണം കാണിക്കല്‍ നോട്ടീസിന് വിധേയരായി. ബി.ജെ.പി നേതാക്കളായി കേന്ദ്ര/സംസ്ഥാന സര്‍വ്വകാലശാല അധ്യാപകര്‍ സ്വയം അവതരിക്കുന്ന കാലത്താണ് ഇത്.
സിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസില്‍ ബി.ജെ.പി അംഗങ്ങളും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രചാരകരുമായ സംഘങ്ങളുടെ നേതൃത്വത്തില്‍ ക്ലാസ് നടത്തിയത് പുറമേ ഹിന്ദുത്വ പ്രചാരകരായ, ലോസ് ഏഞ്ചലസ് ആസ്ഥാനമായുള്ള ധര്‍മ്മ സംസ്‌കൃതി ഫൗണ്ടേഷനുമായി സഹകരിച്ച് കോഴ്‌സുകള്‍ നടത്താനും പരിപാടിയിടുന്നുണ്ട്. അതായത് “ഇന്ത്യന്‍ സംസ്‌കാര”ത്തിന് ആധാരമായ പാരമ്പര്യങ്ങളേയും കണ്ടുപിടുത്തങ്ങളേയും കുറിച്ച് പഠിക്കുകയാണ് ഇതിന്റെ പ്രധാന പരിപാടി.
അതോടൊപ്പം നവോത്ഥാനം, മാര്‍ക്‌സിസം, ഫെമിനിസം, ഫ്രോയ്ഡ്, പോസ്റ്റ് കൊളോണിയല്‍, പോസ്റ്റ് മോഡേണ്‍, കീഴാള പഠനങ്ങള്‍ തുടങ്ങിയ പശ്ചാത്യ ചിന്തകള്‍ എങ്ങനെയാണ് ഇന്ത്യന്‍ ആശയലോകത്തെ മലിനമാക്കിയതെന്നും പഠിക്കാന്‍ ഈ ധര്‍മ്മ സംസ്‌കൃതി ഫൗണ്ടേഷനുമായുള്ള സഹകരണം സഹായിക്കുമത്രേ. കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും ബി.ജെ.പി നേതാക്കളും ആര്‍.എസ്.എസ് ആശയപരിപാടിയുടെ ഭാഗമായി ശാസ്ത്രം, ചരിത്രം എന്നിവയെ മുഴുവന്‍ അട്ടമറിച്ചുകൊണ്ടു നടത്തുന്ന അപഹാസ്യമായ പ്രസ്താവനങ്ങള്‍ ഗൗരവമായ പഠനവിഷയങ്ങളും ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗവും ആകുന്നുവെന്നാണ് അര്‍ത്ഥം.
ഇക്കാലയളവില്‍ നടന്നതാണ് ഇതെല്ലാം. നാം അതിനെ കുറിച്ച് സംസാരിക്കുന്നുണ്ടോ?
ഇതുകൊണ്ടാണ്, പാര്‍ലമെന്റില്‍ ഒരു ശബ്ദവും ഉയരാതിരുന്ന ഈ കാലയളില്‍ ആദ്യമായി ഉയരുന്ന ഒരു പ്രതിപക്ഷ സ്വരം അടിച്ചമര്‍ത്തപ്പെടുന്നവര്‍ സംഗീതമായി കേള്‍ക്കുന്നത്.