പ്രണയത്തിന് പ്രായപരിധിയില്ലെന്ന് തെളിയിച്ചുകൊണ്ട് അഭിജിത് അശോകൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ജനനം 1947 പ്രണയം തുടരുന്നു’. മലയാളികൾക്ക് ഏറെ സുപരിചിതനും ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുമുള്ള ജയരാജ് കോഴിക്കോടാണ് പ്രധാന കഥാപാത്രം ചെയ്യുന്നത്. ജയരാജേട്ടന്റെ പ്രണയനിയായി അഭിനയിക്കുന്നത് പത്മശ്രീ ജേതാവായ ലീല സാംസനുമാണ്.
മരിയ ഭവൻ എന്ന വൃദ്ധസദനത്തിൽ അന്തേവാസിയായ ഗൗരി ടീച്ചറും അവിടുത്തെ തൊഴിലാളിയായ ശിവനും തമ്മിലുള്ള പ്രണയത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഒരുപാട് കുട്ടികളെ വിദ്യ അഭ്യസിപ്പിച്ച ഗൗരി ടീച്ചറെ മകൻ വിവേക് തന്റെ സ്വകാര്യ സുഖത്തിനുവേണ്ടി മരിയ ഭവനിലേക്ക് ഏൽപ്പിക്കുകയാണ്.
എന്നാൽ മൂന്ന് വർഷത്തെ വർഷക്കാലം വൃദ്ധസദനത്തിൽ അന്തേവാസിയായ ഗൗരി ടീച്ചർക്ക് വീട്ടിൽ പോകണമെന്ന അതിയായ ആഗ്രഹമാണ് ആദ്യ സീനിൽ നമുക്ക് കാണാൻ സാധിക്കുന്നത്. എന്നാൽ സ്വന്തം അമ്മയുടെ ആഗ്രഹം സാധിക്കാതെ വിവേക് നടന്നു നീങ്ങുമ്പോൾ അവിടെ തമാശ രൂപത്തിൽ ഗൗരി ടീച്ചർക്ക് സമാധാനം ഏകുന്നത് ശിവന്റെ വാക്കുകളാണ്.
ടീച്ചർക്ക് വീട്ടിൽ വരണമെന്നാണ് ആഗ്രഹമെങ്കിൽ തന്റെ വീട്ടിലേക്ക് വരണമെന്നും വരണമെങ്കിൽ കല്യാണം കഴിക്കണമെന്നുമാണ് ശിവൻ തമാശരൂപത്തിൽ ഗൗരി ടീച്ചറോട് പറഞ്ഞത്. എന്നാൽ വീട്ടിൽ താമസിക്കണമെന്ന ടീച്ചറുടെ അതിയായ ആഗ്രഹത്തിന്റെ പുറത്ത് അടുത്ത ദിവസം തന്റെ ഇഷ്ടം ശിവനോട് തുറന്നു പറയുകയാണ്. എന്നാൽ തമാശ രൂപത്തിൽ പറഞ്ഞ ശിവന് അതൊരു ഷോക്ക് ആയിരുന്നു. എന്നാൽ ഒരുപാട് ചിന്തിച്ചതിന് ശേഷം ശിവൻ തന്റെ ഇഷ്ടം തുറന്നു പറയുന്നുണ്ട്. ശിവൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാമെന്ന് സമ്മതം മൂളുന്ന രംഗമൊക്കെ വളരെ രസകരമാണ്.
എഴുപതാം വയസിൽ കല്യാണം കഴിയുന്ന ശിവന്റെയും ഗൗരി ടീച്ചറുടെയും സ്നേഹമാണ് നമുക്ക് പിന്നീട് കാണാൻ സാധിക്കുന്നത്. ഏഴുമാന്തുരുത്ത് എന്ന അതിസുന്ദരമായ ഗ്രാമത്തിലെ ഒരു പാടത്തിന്റെ നടുക്കുള്ള വീട്ടിലേക്കാണ് ഗൗരി ടീച്ചർ കടന്നു ചെല്ലുന്നത്. 12 വർഷങ്ങൾക്കു മുന്നേ മരണപ്പെട്ടുപോയ ഭാര്യക്ക് പിന്നാലെ മക്കളും ശിവനെ ഉപേക്ഷിച്ചു പോവുകയായിരുന്നു. ആ ഒരു വീട്ടിലേക്കാണ് ടീച്ചർ കടന്നു ചെല്ലുന്നത്.
ടീച്ചർ വീട്ടിലേക്ക് എത്തുന്നതോടുകൂടി സിനിമയുടെ ഭംഗി കൂടിവരികയാണ്. അവിടെ നിന്നും പ്രായമല്ല പ്രണയത്തിന്റെ അതിർ വരമ്പ് എന്ന് ഇവർ ഊട്ടി ഉറപ്പിക്കുകയാണ്. ശിവന്റെ താങ്ങും തണലുമായി ഒരു യഥാർത്ഥ പങ്കാളിയായി ഗൗരി ടീച്ചർ മാറുകയാണ്. അതുപോലെ മാഞ്ഞുപോയ സ്നേഹം കിട്ടിയ അനുഭവമായിരുന്നു ശിവന്. സിനിമയുടെ അവസാന രംഗങ്ങളിൽ നടക്കുന്ന സുപ്രധാന മുഹൂർത്തങ്ങളും അതിലെ ശിവന്റെ ഇമോഷനിലൂടെയാണ് പടം അവസാനിക്കുന്നത്.
മക്കൾ ഉപേക്ഷിച്ചു പോകുന്ന മാതാപിതാക്കൾ അനുഭവിക്കുന്ന പ്രശ്നങ്ങളും അവരുടെ ഉള്ളിൽ വീടിനോടുള്ള അതിയായ അടുപ്പവുമെല്ലാമാണ് സിനിമ ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ അതിലേറെ അഭിജിത്ത് ഊട്ടിയുറപ്പിക്കുന്നത് പ്രണയത്തിന് പ്രായപരിധിയില്ല എന്നതാണ്. കൃത്യമായ ഫ്രെയിമുകളും ഒരു ഗ്രാമത്തിന്റെ എല്ലാ സൗന്ദര്യം ഒപ്പിയെടുക്കാൻ സിനിമോട്ടോഗ്രാഫർ സന്തോഷ് അണിമയ്ക്ക് സാധിച്ചിട്ടുണ്ട്.
ജയരാജ് കോഴിക്കോടിനും ലീല സാംസണും പുറമെ ദീപക് പറമ്പൊൾ, നോബി മാർക്കോസ്, അനു സിതാര, ഇർഷാദ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയ്ക്ക് നിരവധി അവാർഡുകളാണ് ഇതിനോടകം ലഭിച്ചത്. ഗോവിന്ത് വസന്തയുടെ മ്യൂസിക്കും ചിത്രത്തിന് ഭംഗി കൂട്ടുന്നുണ്ട്. കിരൺ ദാസാണ് എഡിറ്റർ.
Content Highlight: Jananam 1947 Pranayam Thudarunnu movie’s review