| Friday, 10th March 2017, 12:42 pm

അങ്കമാലി ഡയറീസ് 'കട്ട ക്രിസ്ത്യന്‍ പടമെന്ന്' ജനം ടിവി: ഹിന്ദുവേര്‍ഷന് സ്‌കോപ്പുണ്ടെന്ന് സോഷ്യല്‍ മീഡിയയുടെ പരിഹാസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിരൂപക പ്രശംസ നേടിയ ലിജോ ജോസ് പല്ലിശേരി ചിത്രം അങ്കമാലി ഡയറീസ് ക്രൈസ്തവ പ്രകീര്‍ത്തനത്തിനുവേണ്ടി ഉണ്ടാക്കിയതാണെന്ന “കണ്ടുപിടുത്തവുമായി” സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ജനംടി.വി. “അങ്കമാലിയിലെ പ്രധാനമന്ത്രിമാര്‍” എന്ന തലക്കെട്ടില്‍ ജനംടിവി വെബ്‌സൈറ്റില്‍ നല്‍കിയ റിവ്യൂവിലാണ് ഇത്തരമൊരു “കണ്ടെത്തല്‍” അവതരിപ്പിക്കുന്നത്.

“തുടക്കംമുതല്‍ ഒടുക്കം വരെയുള്ള ക്രൈസ്തവ ബിംബങ്ങളുടെ ധാരാളിത്തമാണ് ഈ സിനിമയുടെ ഏറ്റവും വലിയ വ്യത്യസ്തത” എന്നതാണ് ലേഖകനായ രഞ്ജിത്ത് ജി. കാഞ്ഞിരത്തിലിന്റെ കണ്ടെത്തല്‍.

ചിത്രത്തില്‍ ക്രിസ്ത്യന്‍ പള്ളികള്‍ പലതവണ കാണിക്കുന്നു, അമ്പലങ്ങള്‍ കാണിക്കുന്നില്ല, പള്ളി പശ്ചാത്തലത്തില്‍ വരുന്ന സീനുകള്‍ കാണിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് തന്റെ “കണ്ടെത്തലിനു” തെളിവായി ലേഖകന്‍ അവതരിപ്പിക്കുന്നത്.

“അങ്കമാലി ടൗണിലെ ഇറച്ചിക്കടയും പബ്ലിക് ടോയ്ലറ്റും സര്‍ക്കാര്‍ സ്ഥാപനങ്ങളും, ബസ് സ്റ്റാന്‍ഡും റയില്‍വേ സ്റ്റേഷനും എന്തിനു കാര്‍ണിവല്‍ പോലും കാണിച്ചു കൊണ്ടുള്ള അവതരണ ഗാനത്തില്‍ ക്രിസ്ത്യന്‍ പള്ളി പലവുരു ദൃശ്യമാകുന്നുണ്ട്. അമ്പലങ്ങള്‍ അങ്കമാലിയില്‍ ഇല്ലാത്തതുകൊണ്ടാണോ എന്തോ.? ഒരെണ്ണം പോലും അതില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. അവിടുന്നങ്ങോട്ട് പള്ളി സീനുകള്‍,പള്ളി പശ്ചാത്തലത്തില്‍ വരുന്ന സീനുകള്‍ കുര്‍ബാന, മനസ്സുചോദ്യം, മിന്നു കെട്ട്, ഈസ്റ്റര്‍, കരോള്‍, പ്രദക്ഷിണം, സര്‍വത്ര ക്രൈസ്തവമയം. സിനിമ കണ്ടുതീരുമ്പോള്‍ ഈ അങ്കമാലി എന്നത് ഒരു സര്‍വ തന്ത്ര സ്വതന്ത്ര ക്രൈസ്തവ രാജ്യമാണോ എന്ന് ശങ്കിച്ചു പോകും.” ചിത്രം ക്രൈസ്തവ പ്രകീര്‍ത്തനത്തിനു വേണ്ടിയാണെന്ന് സ്ഥാപിക്കാന്‍ റിവ്യൂവില്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ഇവയാണ്.

തന്റെ വാദങ്ങള്‍ക്ക് ഒരു ബലംകിട്ടാന്‍ ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പല്ലിശേരിയുടെ “ആമേന്‍” എന്ന ചിത്രവും ഇത്തരത്തിലുള്ളതാണെന്ന കണ്ടെത്തലും ജനം ടി.വി അവതരിപ്പിക്കുന്നു.

“സംവിധായകന്‍ ലിജോ ജോസിന്റെ മറ്റൊരു ചിത്രം ആമേന്‍ കൂടി ഇവിടെ സ്മരണീയമാണ്. ഇതേ ജനുസ്സില്‍ ക്രൈസ്തവ മതധാരകളെ നിശബ്ദമായി കടത്തിവിടാന്‍ ശ്രമിക്കുന്ന ഒരു സൃഷ്ടി. കമിതാക്കളുടെ പ്രേമ സാഫല്യത്തിനായി കത്തനാരുടെ വേഷത്തില്‍ പുണ്യാളന്‍ അവതരിക്കുന്നതാണ് രണ്ടര മണിക്കൂര്‍ നേരത്തെ ബഹളത്തിന്റെയും ക്ലാരനെറ്റിന്റേയും കുര്‍ബാനകളുടെയും അവസാനം ആമേന്‍ പറഞ്ഞു വെക്കുന്നത്. വിശുദ്ധന്‍ എന്ന മത സങ്കല്പത്തിനെ മഹത്വ വല്‍ക്കരിക്കുവാന്‍ വേണ്ടി നടത്തിയ ഒരു കലാസൃഷ്ടിയാണ് ആമേന്‍.” ആമേനെക്കുറിച്ചുള്ള കാഴ്ചപ്പാട് ലേഖകന്‍ വിശദീകരിക്കുന്നു.

ജനം ടി.വിയുടെ വിചിത്രമായ ഈ കണ്ടെത്തലുകളെ പരിഹസിച്ച് സോഷ്യല്‍ മീഡിയകളില്‍ ഒട്ടേറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. “നല്ല മനോഹരമായ റിവ്യൂ. ഇത്ര സൂക്ഷ്മമായി ഞാന്‍ പോലും അങ്കമാലി ഡയറീസിനെ നോക്കി കണ്ടിട്ടില്ല. നന്ദി. രഞ്ജിത്തിന് ജി. കാഞ്ഞിരത്തിനു സുഖമെന്ന് കരുതട്ടെ. വീട്ടിലെല്ലാവരോടും അന്വേഷണം പറയണം.” എന്നാണ് സംവിധായകന്‍ ലിജോ ജോസ് പല്ലിശേരി ഈ കണ്ടെത്തലുകളോട് പ്രതികരിച്ചുകൊണ്ട് കുറിച്ചത്.

“അങ്കമാലി ഡയറീസിന് ഹിന്ദു വേര്‍ഷന് സ്‌കോപ്പുണ്ട്. അധോലോകത്തിന് പകരം അമ്പലവാസികളായ നന്മമനുഷ്യരും വരട്ടേ..” എന്നാണ് സിനിമാ നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ മനീഷ് നാരായണന്റെ പരിഹാസം.

വര്‍ഗീയ വായനയ്ക്കായി ഓടിയപ്പോള്‍ ആമേന്‍ മൊത്തമായി ഇദ്ദേഹം കണ്ടില്ലേയെന്നും മനീഷ് ചോദിക്കുന്നു.

“സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതം വിശ്വാസത്തിലും സംഗീതത്തിലും പ്രണയത്തിലും ഇടപെടുകയാണ്. ദൈവത്തിന്റെ മധ്യസ്ഥരായ കപ്യാരും വികാരിയും ബാന്‍ഡ് സംഘത്തെ നിഷേധിക്കുന്നതിനൊപ്പം സോളമന്റെ പ്രണയത്തെയും നിരസിക്കുന്നുണ്ട്. വേദഗ്രന്ഥങ്ങളെ സൗകര്യാനുസരണം വ്യാഖ്യാനിച്ച് മതത്തെ നിയന്ത്രിക്കുന്ന അധികാരസ്ഥാപനങ്ങള്‍ എത്രമാത്രം ജനവിരുദ്ധ നിലപാടുകളുടെ പ്രചാരകരാകുന്നുവെന്ന് ഫാദര്‍ ഒറ്റപ്ലാക്കനിലൂടെയും കപ്യാരിലൂടെയാണ് ആമേന്‍ കാണിക്കുന്നുണ്ടായിരുന്നു.” മനീഷ് വിശദീകരിക്കുന്നു.

“ഈ സിനിമക്ക് ഞാന്‍ ഇത് വരെ വായിച്ചതില്‍ ഏറ്റവും എന്റര്‍റ്റെയിനിങ് റിവ്യൂ. ലിജോയുടെ അമേനിനെ കുറിച്ചും ഉണ്ട് പരാമര്‍ശം. വായിച്ചാല്‍ കണ്ണ് തള്ളി പോവും. എന്താടെയ് നിങ്ങളൊക്കെ ഇങ്ങനെ” എന്നു പറഞ്ഞാണ് മാധ്യമപ്രവര്‍ത്തകന്‍ പ്രവീണ്‍ ഇതിനെ പരിഹസിക്കുന്നത്.

We use cookies to give you the best possible experience. Learn more