| Sunday, 3rd June 2018, 8:46 pm

ജനം ടി.വിയുടെ ഓഫിസ് അടിച്ചു തകര്‍ത്തു; വ്യാജ വാര്‍ത്ത നല്‍കിയതിന് ആര്‍.എസ്.എസുകാര്‍ അക്രമിച്ചതെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വ്യാജ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് ജനം ടി.വിയുടെ കൊച്ചി ഓഫിസ് അടിച്ചു തകര്‍ത്തു. കൊച്ചിന്‍ ദേവസ്വത്തിന് കീഴിലുള്ള അഴകിയ കാവ് ക്ഷേത്രം പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത നല്‍കിയതിന് ആര്‍.എസ്.എസ്-ബി.ജെ.പി സംഘമാണ് അടിച്ചു തകര്‍ത്തതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു.

ബി.ജെ.പി നിയന്ത്രണത്തിലുള്ള ചാനലിന്റെ ഇടപ്പള്ളി ഓഫിസാണ് ഞായറാഴ്ച ഉച്ചയോടെ ഒരു സംഘം അടിച്ച് തകര്‍ത്തത്. ഓഫിസിലെ മേശ, കസേര, ടി.വി തുടങ്ങിയവയും തകര്‍ത്തിട്ടുണ്ട്.

ക്ഷേത്ര സമിതിക്കെതിരെ ജനം ടി.വി വാര്‍ത്ത നല്‍കിയിരുന്നു. ക്ഷേത്രം പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ശ്രീകോവില്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ മോടി പിടിപ്പിക്കുന്നുണ്ടായിരുന്നു.


Read | രാജസ്ഥാനില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും: സച്ചിന്‍പൈലറ്റ്


മഴക്കാലമായതിനാല്‍ മഴവെള്ളം അകത്ത് കയറാതിരിക്കാന്‍ വേണ്ടി താര്‍പ്പായ മുകളില്‍ മറച്ചായിരുന്നു ചെമ്പോല പൊതിയുന്നതിനായുള്ള ജോലികള്‍ നടന്നു വന്നത്. എന്നാല്‍ കാറ്റില്‍ പായ് പാറിപ്പോയതോടെ മഴവെള്ളം ക്ഷേത്രത്തിനകത്ത് എത്തിയത് ക്ഷേത്ര സമിതിയുടെ വീഴ്ചയും അഴിമതിയും ആണെന്നായിരുന്നു റിപ്പോര്‍ട്ട്.

പണി പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ ഇത്തരമൊരു വാര്‍ത്ത നല്‍കിയതില്‍ പ്രതിഷേധിച്ചെത്തിയ സംഘമാണ് ഓഫിസ് അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more