മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റില്‍ വ്യാജ വാര്‍ത്തയുമായി ജനം ടിവി; അറസ്റ്റിലായത് 'മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന നുഴഞ്ഞുകയറിയവരെന്ന്' ജനം ടിവി
CAA Protest
മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റില്‍ വ്യാജ വാര്‍ത്തയുമായി ജനം ടിവി; അറസ്റ്റിലായത് 'മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന നുഴഞ്ഞുകയറിയവരെന്ന്' ജനം ടിവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th December 2019, 12:29 pm

തിരുവനന്തപുരം: മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തരെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ജനം ടിവി. പിടിയിലായത് വ്യാജ മാധ്യമപ്രവര്‍ത്തകരാണെന്നാണ് ജനം ടിവി വാര്‍ത്ത നല്‍കിയത്.

ഏഷ്യാനെറ്റ്, മാതൃഭൂമി, 24 ന്യൂസ്, മീഡിയ വണ്‍ എന്നീ ചാനലുകളിലെ എട്ട് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിക്ക് പിന്നാലെയാണ് വ്യാജ വാര്‍ത്തയുമായി ജനം ടിവി രംഗത്തെത്തിയത്.

” മംഗളൂരുവില്‍ അമ്പതോളം വ്യാജ മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍” എന്ന തലക്കെട്ടിലാണ് ജനം ടിവി വാര്‍ത്ത നല്‍കിയത്. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന നുഴഞ്ഞുകയറി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചവരെയാണ് കസ്റ്റഡിയിലെടുത്തതെന്നും ഇവരില്‍ കേരളത്തില്‍ നിന്നുള്ളവര്‍ ഉണ്ടെന്നും കര്‍ണാടക പൊലീസ്” പറഞ്ഞെന്നായിരുന്നു ജനം ടിവിയുടെ വ്യാജ വാര്‍ത്ത.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മലയാളി മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത നടപടിയില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമായിരിക്കെയാണ് വ്യാജ വാര്‍ത്തയുമായി ജനം ടി.വി രംഗത്തെത്തിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കര്‍ണ്ണാടകത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിംഗിനെത്തിയവരെയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മാധ്യമ പ്രവര്‍ത്തക യൂണിയന്‍ കെ.യു.ഡബ്ല്യു.ജെ കോഴിക്കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിട്ടുണ്ട്. പാലക്കാട് നഗരത്തിലും പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധ സമരം നടത്തി. മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത നടപടി അപലപനീയമെന്ന് പത്രപ്രവര്‍ത്തക യൂണിയനും വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കസ്റ്റഡിയിലെടുത്ത രണ്ട് മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചുവെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ട്വീറ്റ് ചെയ്തുവെങ്കിലും ആരെയാണ് വിട്ടയച്ചതെന്നതിനെ സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ല. മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നാലു മണിക്കൂര്‍ പിന്നിട്ടിട്ടും മാധ്യമപ്രവര്‍ത്തകരെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.

പൊലീസ് നടപടിയെ അപലപിച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും ഇ.പി ജയരാജനും ശശി തരൂര്‍ എം.പിയും രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ടിങ്ങ് തടയാനുള്ള അധികാരം ആര്‍ക്കുമില്ലെന്ന് സര്‍ക്കാര്‍ പ്രതികരിച്ചു.

മാധ്യമപ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.