തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നടന്‍ പൃഥ്വിരാജിനെയും കുടുംബത്തെയും ആക്ഷേപിച്ച് സംഘപരിവാര്‍ ചാനലായ ജനം ടി.വി.
സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നും ജനം ടി.വിയുടെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
ചാനലിന്റെ എഡിറ്ററായ ജി.കെ സുരേഷ് ബാബു എഴുതിയ ലേഖനത്തിലാണ് അധിക്ഷേപ പരാമര്‍ശങ്ങള്‍. പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.
‘ഇന്ന് ലക്ഷദ്വീപിനുവേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോള്‍ അതിനു പിന്നില്‍ ജിഹാദികളുടെ കുരുമുളക് സ്പ്രേ ആണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ടെന്നും കഴിഞ്ഞ കുറച്ചുകാലമായി ജിഹാദികള്‍ക്കും ഭീകരര്‍ക്കും വേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കാന്‍ തുടങ്ങിയിട്ട് സുരേഷ് ബാബു ലേഖനത്തില്‍ പറയുന്നു.
ഒരു നടന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും പൃഥ്വിരാജിനോട് സ്നേഹവും ആദരവുമുണ്ട്. ദേശീയകാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും പൃഥ്വിരാജ് കുരയ്ക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാമെന്നും പൃഥ്വിരാജിനോട് താന്‍ അടക്കമുള്ള മലയാളികള്‍ക്ക് ഉള്ള സ്നേഹം പൗരുഷവും തന്റേടവുമുള്ള സുകുമാരന്റെ മകന്‍ എന്ന നിലയിലാണെന്നും ലേഖനത്തില്‍ സുരേഷ് ബാബു പറയുന്നു.
രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകും. നാലു സിനിമാ അവസരങ്ങള്‍ക്കു വേണ്ടി സ്വന്തം പിതൃസ്മരണ നടത്താന്‍ മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കരുതേ എന്ന അഭ്യര്‍ത്ഥനയാണ് പൃഥ്വിരാജിനോടുള്ളത്.
മറ്റു പലരും ഇത്തരത്തിലുള്ള ഒരു പരാമര്‍ശം പോലും അര്‍ഹിക്കുന്നില്ല. പിന്നെ പൃഥ്വിരാജല്ല, ആര് ചാടിയാലും ലക്ഷദ്വീപ് എന്നല്ല, ഇന്ത്യയുടെ ഒരു ഭാഗവും ഇനി ജിഹാദികള്‍ക്ക് കിട്ടില്ല എന്നും ഇയാള്‍ ജനം ടി.വിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
നേരത്തെ പൃഥ്വിരാജ് അച്ഛന്‍ സുകുമാരന് അപമാനമാണെന്നും അച്ഛന്റെ ഗുണങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, വ്യക്തിത്വം കുറച്ചെങ്കിലും ബാക്കിയുണ്ടെങ്കില്‍ പുനര്‍വിചിന്തനം ചെയ്യണമെന്നു് ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണയറിയിച്ച് പൃഥ്വിരാജ് രംഗത്ത് എത്തിയതിന് പിന്നാലെ താരത്തിനെതിരെ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്നും സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു.
പൃഥ്വിരാജിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകളില്‍ ലക്ഷദ്വീപിനെതിരെ നിരവധി വ്യാജ വിദ്വേഷ ആരോപണങ്ങളും ഇവര്‍ പ്രചരിപ്പിച്ചിരുന്നു. മാസങ്ങളായി ലക്ഷദ്വീപ് ജനത നടത്തിവരുന്ന പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിലാണ് കേരളത്തിലെ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെയാണ് പ്രതിഷേധമുയരുന്നത്.
ഈ പ്രതിഷേധത്തിന് പിന്തുണച്ചുകൊണ്ടാണ് പൃഥ്വിരാജ് ഫേസ്ബുക്കിലെഴുതിയത്. ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം നമ്മള്‍ കേള്‍ക്കേണ്ടതുണ്ടെന്നും അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയുന്ന, അവിടുത്തുകാര്‍ പറയുന്നതാണ് നമ്മള്‍ വിശ്വസിക്കേണ്ടതെന്ന് പൃഥ്വിരാജ് പറഞ്ഞത്.