ജനീവ: കേരളത്തിലെ മെഡിക്കല്‍ കോളെജ് വിദ്യാര്‍ത്ഥികളായ ജാനകി ഓം കുമാര്‍, നവീന്‍ റസാഖ് എന്നിരുടെ നൃത്തം ഐക്യരാഷ്ട്രസഭയിലുമെത്തി. കഴിഞ്ഞ ദിവസം നടന്ന യു.എന്‍ പൊതുസഭയുടെ മൂന്നാം സമിതിയുടെ അനൗദ്യോഗിക യോഗത്തിനിടെയായിരുന്നു ഇരുവരുടേയും പ്രകടനം പരാമര്‍ശിക്കപ്പെട്ടത്.
ഐക്യരാഷ്ട്രസഭയുടെ കള്‍ച്ചറല്‍ റൈറ്റ്സ് സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍ കരീമ ബെന്നൗണ്‍സ് ആണ് വൈറല്‍ ഡാന്‍സ് പ്രസംഗത്തിനിടെ ഉദ്ധരിച്ചത്.
”സാംസ്‌കാരികമായ വേര്‍തിരിവുകളെല്ലാം മാറ്റിനിര്‍ത്തി ഒന്നിച്ചു നൃത്തച്ചുവടുകള്‍ വച്ച രണ്ട് യുവാക്കള്‍ക്ക് വ്യാപകമായ പിന്തുണയാണ് കിട്ടിയത്. അതോടൊപ്പം സമൂഹമാധ്യമങ്ങളില്‍ ഹിന്ദു മതമൗലികവാദത്താല്‍ പ്രചോദിതരായുള്ള വലിയ തോതിലുള്ള അധിക്ഷേപങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമിരയായി രണ്ടുപേരും. ഡാന്‍സ് ജിഹാദ് ആരോപണങ്ങള്‍വരെ ഉയരുകയുണ്ടായി”- ബെന്നൗണ്‍സ് ചൂണ്ടിക്കാട്ടി.
സംസ്‌കാരത്തെയും സ്വത്വത്തെയും സാംസ്‌കാരിക സമന്വയങ്ങളെയുമെല്ലാം കുറിച്ചുള്ള ബഹുവിധവും തുറന്നതുമായ ധാരണകളെ ശക്തമായും ക്രിയാത്മകമായും പ്രതിരോധിക്കുക മാത്രമാണ് ഈ 21-ാം നൂറ്റാണ്ടില്‍ വിവേചനങ്ങളില്ലാതെ എല്ലാവരുടെയും സാംസ്‌കാരിക അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള ഒരേയൊരു വഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.