| Wednesday, 6th October 2021, 11:05 pm

ഞങ്ങള്‍ക്ക് കഴിക്കാനുള്ള ഭക്ഷണത്തില്‍ നിന്നാണ് അവര്‍ക്ക് കൊടുത്തത്, ഉപ്പേരിയില്ലെന്ന് പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി ജനകീയ ഹോട്ടല്‍ ജീവനക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജനകീയ ഹോട്ടലിലെ ഭക്ഷണ വിവാദത്തില്‍ പ്രതികരണവുമായി കുടുംബശ്രീ ഹോട്ടല്‍ ജീവനക്കാരി. മനോരമ ന്യൂസ് കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്തയില്‍ ജനകീയ ഹോട്ടലിലെ ഭക്ഷണത്തില്‍ ആവശ്യത്തിന് ഉപ്പേരിയില്ലെന്നും കറിയില്ലെന്നും പറഞ്ഞ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏറെ വൈകാതെ തന്നെ ഈ വിഷയം കേരളമൊന്നാകെ ഏറ്റെടുത്തു. ജനകീയ ഭക്ഷണശാലകളെ അനുകൂലിച്ച് ഒരുപാട് ആളുകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ മനോരമ ചാനല്‍ ഭക്ഷണം വാങ്ങിയ ഹോട്ടലിലെ ജീവനക്കാര്‍ തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.

ഉച്ചയ്ക്ക് മൂന്നരയോടെ കടയിലെ സാധനങ്ങളെല്ലാം കഴിഞ്ഞ് തുടങ്ങിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ വന്ന് ഭക്ഷണം വാങ്ങിയതെന്ന് ജീവനക്കാരി പറയുന്നു. അവര്‍ മാധ്യമ പ്രവര്‍ത്തകരാണെന്ന് അറിയില്ലായിരുന്നെന്നും ജീവനക്കാരി പറയുന്നു. സുപ്രഭാതം ഓണ്‍ലൈനിനോടായിരുന്നു അവരുടെ പ്രതികരണം.

‘മനോരമ ചാനലുകാര്‍ ഞങ്ങളുടെ അടുത്തേക്ക് വന്നത് ഒരു 3 മണിയായിക്കാണും. അവര്‍ ചാനലുകാരാണെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഒരു പെണ്‍കുട്ടിയും പയ്യനും കൂടി ഇവിടെ വന്നു ചോറു ചോദിച്ചു. പൊതിച്ചോറ് മുഴുവന്‍ കഴിഞ്ഞിട്ടുണ്ട്, ‘ ജീവനക്കാരി പറയുന്നു.

തങ്ങള്‍ ഉണ്ണാന്‍ വെച്ച ചോറാണെന്ന് പറഞ്ഞാണ് കൊടുത്തതെന്നും ഇവര്‍ പറയുന്നു.

‘എല്ലാ ചോറും കഴിഞ്ഞിട്ടുണ്ട്. അതില്‍ കറികളുണ്ട്. പക്ഷെ ഉപ്പേരി കുറച്ച് കുറവാണ് എന്ന് പറഞ്ഞിട്ട് അവര്‍ക്ക് രണ്ട് ചോറു കൊടുത്തു. എന്താ ഉപ്പേരിയില്ലാത്തത് എന്ന് ചോദിച്ചപ്പോള്‍ അവസാനമാകുമ്പോഴേക്ക് ചിലപ്പോള്‍ ഉപ്പേരി കഴിയാറുണ്ട് എന്ന് പറഞ്ഞു.

പച്ചക്കറിയും മീന്‍കറിയും അച്ചാറുമുണ്ട് എന്ന് പറഞ്ഞിട്ടാണ് അവര്‍ക്ക് കൊടുത്തത്. അത് മതി എന്ന് പറഞ്ഞ് മേടിച്ച് കൊണ്ടുപോയവരാണ് ഞങ്ങള്‍ക്കെതിരെ ഇങ്ങനെ ഒരു ആക്ഷേപം ഉന്നയിച്ചത്,’ അവര്‍ പറയുന്നു.

ഇതുവരെ ആരും ഇങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ല, ആരെങ്കിലും അങ്ങനെ ഒരു അഭിപ്രായം പറഞ്ഞാല്‍ കുറച്ചുകൂടെ നന്നാക്കുമെന്നും അവര്‍ കൂട്ടിച്ചര്‍ത്തു.

‘ഞങ്ങളുടെ അടുത്ത് വരുന്നവര്‍ മിക്കവാറും പാവങ്ങളാണ്. ഓട്ടോ തൊഴിലാളികളും പോര്‍ട്ടര്‍മാരുമാണ് സാധാരണ വരാറുള്ളത്. ഇടയ്ക്ക് ഉദ്യോഗസ്ഥരും വരാറുണ്ട്. ഹോസ്പിറ്റല്‍ ജീവനക്കാരാണ് പകുതിയിലേറെ വരുന്നത്. ഇത്രയും ആളുകള്‍ ഇതുവരെ ഞങ്ങളോട് ഒരു അഭിപ്രായവ്യത്യാസവും പറഞ്ഞിട്ടില്ല,’ ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Janakeeya Hotel Kudumbasree Manorama News

We use cookies to give you the best possible experience. Learn more