| Saturday, 21st April 2018, 4:07 pm

ഹര്‍ത്താലിനു വേണ്ടി ഗ്രൂപ്പുകള്‍ ഉണ്ടാക്കിയത് ഹര്‍ത്താലിനു 48 മണിക്കൂര്‍ മുമ്പ്; ഓരോ ജില്ലയിലും ഓരോ ഗ്രൂപ്പുണ്ടാക്കിയെന്നും റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കഴിഞ്ഞ തിങ്കളാഴ്ച്ച സംസ്ഥാനത്ത് നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയ പ്രചരണത്തിനു ഗ്രൂപ്പുകള്‍ ആരംഭിച്ചത് ഹര്‍ത്താലിനു 48 മണിക്കൂര്‍ മുമ്പെന്ന് റിപ്പോര്‍ട്ടുകള്‍. ഓരോ ജില്ലയിലും ഇതിനായി ഓരോ ഗ്രൂപ്പുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സോഷ്യല്‍മീഡിയ ഹര്‍ത്താലിനു പിന്നില്‍ സംഘപരിവാറാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. വ്യക്തമായ പ്ലാനിങ്ങോടെയാണ് ഹര്‍ത്താല്‍ കേരളത്തില്‍ അരങ്ങേറിയതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

വോയ്സ് ഓഫ് ട്രൂത്ത് എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയായിരുന്നു ഹര്‍ത്താല്‍ ആഹ്വാനം നടന്നിരുന്നത്. ഇതിനായുള്ള ഗ്രൂപ്പുകളാണ് 48 മണിക്കൂര്‍ മുന്നേ രൂപീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹര്‍ത്താലിനിടെ ആക്രമത്തിന് ആഹ്വാനം ചെയ്ത് തീവ്രസ്വഭാവമുള്ള സന്ദേശങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് വോയിസ് ഓഫ് ട്രൂത്ത് എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഇതിനു പുറമേ പ്രദേശിക തലത്തില്‍ നൂറു കണക്കിന് സബ് ഗ്രൂപ്പുകളും ഇവരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ഉണ്ടാക്കിയിരുന്നു. സംഭവത്തില്‍ മുഖ്യസൂത്രധാരനടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലം, തെന്മല സ്വദേശി അമര്‍നാഥ് ബൈജുവാണ് ഹര്‍ത്താലിന്റെ മുഖ്യ സൂത്രധാരന്‍. ഇയാളടക്കം അഞ്ചുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം കുന്നപ്പുഴ സ്വദേശി എം.ജെ.സിറിള്‍, നെല്ലിവള സ്വദേശി സുധീഷ്, അഖില്‍, നെയ്യാറ്റിന്‍കര സ്വദേശി ഗോകുല്‍ ശേഖര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചയ്തത്. മലപ്പുറം എസ്.പി.ദേബേഷ് കുമാര്‍ ബെഹ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കണ്ടെത്തിയത്.

വോയിസ് ഓഫ് യൂത്ത് എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പ് വഴി പ്രാദേശികമായ ഗ്രൂപ്പുകളുണ്ടാക്കാന്‍ മുഖ്യ സൂത്രധാരന്മാരായി പ്രവര്‍ത്തിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്ക് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ പദ്ധതികളുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്.


Dont Miss: ഗായിക അമൃത സുരേഷിന് നേരേ അശ്ലീല വര്‍ഷം: കമന്റിനെതിരെ ചുട്ടമറുപടിയുമായി അമൃത; പിന്തുണയുമായി ആരാധകര്‍

“ജനകീയ ഹര്‍ത്താല്‍” എന്ന പേരില്‍ കേരളത്തില്‍ നടത്തിയ ഹര്‍ത്താലിനു പിന്നില്‍ സംഘപരിവാറിന്റെ സൈബര്‍ വിംഗാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷവും സാമുദാകിയ ധ്രുവീകരണവും സൃഷ്ടിക്കുകയെന്നതാണ് ഹര്‍ത്താല്‍ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംസ്ഥാന ഇന്റലിജന്‍സ് പൊലീസ് മേധാവിക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നതെന്ന് ചന്ദ്രിക പത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

ഹര്‍ത്താല്‍ എതിര്‍വിഭാഗം ഏറ്റെടുക്കുമെന്ന കണക്കുകൂട്ടലിലാണ് സംഘപരിവാറിന്റെ സൈബര്‍ വിഭാഗം ഇത്തരമൊരു പ്രചരണം സോഷ്യല്‍ മീഡിയവഴി നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മലബാറില്‍ സംഘര്‍ഷവും വര്‍ഗീയ വികാരവും ആളിക്കത്തിക്കുകയായിരുന്നു സംഘപരിവാര്‍ ലക്ഷ്യം. പുരോഗമന ആശയത്തിന്റെ പേരില്‍ സൃഷ്ടിച്ച വ്യാജ പ്രൊഫൈല്‍ വഴിയാണ് സംഘപരിവാര്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കിയതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതായി ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more