| Friday, 29th April 2022, 3:59 pm

ഞാൻ പൊളിറ്റിക്കൽ കറക്ട്നസിൽ വിശ്വസിക്കുന്നില്ല, സന്ദേശം നൽകാനല്ല സിനിമ ചെയ്യുന്നത്; ഷാരിസ് മുഹമ്മദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ജന ഗണ മന തിയേറ്ററുകളിൽ വിജയകരമായി തുടരുകയാണ്. ഡിജോ ജോസ് ആന്റണി ഡയറക്ട് ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് ഷാരിസ് മുഹമ്മദാണ്. സിനിമ ചർച്ചചെയ്യുന്ന രാഷ്ട്രീയത്തെക്കുറിച്ചു ഒരുപാട് ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്.

എന്നാൽ താൻ പൊളിറ്റിക്കൽ കറക്ടനസ്സിൽ വിശ്വസിക്കുന്നില്ലെന്നും മെസ്സേജ് നൽകാനല്ല സിനിമയെടുക്കുന്നതെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ഷാരിസ് മുഹമ്മദ്. ബിഹൈൻഡ് വുഡ്‌സ് ഐസിനു കൊടുത്ത ഇന്റർവ്യൂവിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

ജന ഗണ മനയിൽ ഏറ്റവും പഞ്ച് ഡയലോഗ് ആയ ‘ഇന്ത്യ ആരുടേയും തന്തയുടെ വകയല്ലടാ’ എന്നുപറയുമ്പോൾ തന്തമാർ ഉടമസ്ഥരാണെന്ന ഒരു നെഗറ്റീവ് അർഥം കൂടെ അതിൽ വരില്ലേ എന്നായിരുന്നു അവതാരകൻ ഷാരിസിനോട് ചോദിച്ച ചോദ്യം.
അതിനു അദ്ദേഹം നൽകിയ മറുപടിയിങ്ങനെയാണ്; ‘ഞാൻ പൊളിറ്റിക്കൽ കറക്ടനസ്സിൽ വിശ്വസിക്കാത്ത ആളാണ്. പൊളിറ്റിക്കൽ കറക്ട്നസ്സിനപ്പുറത്തേക്ക് ഓരോ സിനിമയോടും നമ്മൾ കറക്ട് ആയിട്ടിരിക്കുക എന്നേയുള്ളൂ. ഞാൻ ഇതിൽ വിശ്വസിക്കാത്തതിന്റെ കാരണം ഇന്നിന്റെ കറക്ട്നെസ്സ് അല്ല ഇന്നലെയുടെ. ഇന്നലെ ശരിയെന്ന് വിചാരിച്ച പല കാര്യങ്ങളും ഇന്ന് നമ്മൾ തെറ്റായി കാണുന്നു. ഇന്നത്തെ ശരികളായിരിക്കില്ല നാളത്തെ ശരി. ഇതേ ശരി നാളെ തിരിഞ്ഞു നോക്കുമ്പോൾ തെറ്റായിരിക്കാം. അതുകൊണ്ട് ആ സിനിമക്ക് വേണ്ടത് എന്താണോ, ആ മൂഡിൽ പറയാൻ പറ്റുന്ന കാര്യം പറയുക. അത് ഏറ്റവും സാധാരണക്കാരൻ മനസ്സിലാക്കുന്നതിൽ എന്തെങ്കിലും പൊളിറ്റിക്കൽ ഇൻകറക്ട് ഉണ്ടെങ്കിൽ അതേറ്റെടുക്കാൻ ഞങ്ങൾ തയ്യാറാണ്.

ഞാൻ ഒരു സിനിമ ചെയ്യുന്നത് ഒരു മെസ്സേജ് കൊടുക്കാൻ ആണെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. ഈ സിനിമയുടെ ഉദ്ദേശം തന്നെ ചോദ്യം ചോദിക്കുക എന്നതാണ്. ഉത്തരങ്ങൾ ഞങ്ങളുടെ കയ്യിലില്ല. അതുകൊണ്ട് ഈ ചോദ്യങ്ങൾ ഏറ്റവും ഉറക്കെ ഏറ്റവും നല്ല രീതിയിൽ കാണികളിൽ എത്താൻ എന്ത് വഴികൾ, തന്ത്രങ്ങൾ, കുതന്ത്രങ്ങൾ സ്വീകരിക്കണമെന്നതിനുള്ള സ്വാതന്ത്ര്യം ഞാൻ എടുക്കും. ഞാൻ സ്ക്രിപ്റ്റ് എഴുതുമ്പോൾ എന്റെ മുന്നിൽ ഒരൊറ്റ കാര്യമേ ഉള്ളൂ ആ സ്ക്രിപ്റ്റ്, ആ സിനിമ. അതിനപ്പുറം സൊസൈറ്റിയോട് ഒരു ഡയലോഗിനോ മോണോലോഗിനോ ഞാൻ നിൽക്കുന്നില്ല. സിനിമയുടെ കോർ ആയിട്ടുള്ള എലമെന്റ് തെറ്റായി ആവിഷ്കരിക്കാൻ പാടില്ല. ഞാൻ ഹരിത രാഷ്ട്രീയത്തെ കുറിച്ചു സിനിമ ചെയ്‌താൽ, ആ ഹരിത രാഷ്ട്രീയം കറക്ട് ആയിരിക്കണം. അതിലെനിക്ക് വേറെ എന്ത് റോങ്ങും ആവാം. പക്ഷെ ആ പറയുന്ന ഹരിത രാഷ്ട്രീയം ശരിയായിരിക്കണം.’ അദ്ദേഹം പറഞ്ഞു നിർത്തി.

മംമ്‌ത മോഹൻദാസ്, വിൻസി അലോഷ്യസ്, ശാരി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് സിനിമക്ക് കിട്ടികൊണ്ടിരിക്കുന്നത്.

Content Highlight: Jana Gana Mana screenwriter Sharis Mohammad says he has no faith in the political correctness of the film

We use cookies to give you the best possible experience. Learn more