| Wednesday, 4th January 2023, 7:24 pm

അഭിപ്രായം പറയുന്നവരെ സംഘടിതമായി ആക്രമിക്കുകയും പുസ്തകം കത്തിക്കുകയും ചെയ്യുന്നത് ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ല: ജനാധിപത്യവേദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കവി വീരാന്‍കുട്ടിയുടെ ‘മണ്‍വീറ്’ എന്ന പുസ്തകം കത്തിച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്ന് ജനാധിപത്യവേദി കോഴിക്കോട് ജില്ലാ കമ്മിറ്റി. ഇതിനെ സോഷ്യല്‍ മീഡിയകളിലൂടെ സംഘടിതമായി ന്യായീകരിക്കുന്ന പ്രവണത അപകടകരമാണെന്ന് ജനാധിപത്യവേദി പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിലെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് വീരാന്‍കുട്ടിക്ക് നേരെ സംഘടിത ആക്രമണം നടക്കുന്നതെന്നും ജനാധിപത്യവേദി പ്രസ്താവനയില്‍ പറഞ്ഞു.

ജനാധിപത്യപരമായി ഉയരുന്ന പ്രതിഷേധങ്ങളേയും വിയോജിപ്പുകളേയും സംവാദാത്മകമായി സമീപിക്കുന്നതിന് പകരം അതിലുള്‍പ്പെട്ടവരെ വ്യക്തിപരമായി ഒറ്റതിരിച്ചുനിര്‍ത്തി സൈബറിടങ്ങളിലെ ആള്‍ക്കൂട്ടാക്രമണങ്ങളിലൂടെ നിശ്ശബ്ദമാക്കാമെന്ന് കരുതുന്നത് തീര്‍ച്ചയായും വ്യാമോഹം മാത്രമാണ്. മലയോര മേഖലയിലെ കര്‍ഷകരടങ്ങുന്ന ജനസമൂഹത്തിന്റെ ജീവിതം വന്യജീവി ആക്രമണങ്ങളും ബഫര്‍സോണ്‍ അടക്കമുള്ള വിഷയങ്ങളും ഉദ്യോഗസ്ഥ സമീപനങ്ങളും കാരണം വലിയ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും വിയോജിപ്പുകള്‍ ഉണ്ടാവാനിടയില്ല.

ആ വിഷയങ്ങളില്‍ ഭരണപരവും നയപരവും പ്രായോഗികവുമായ പരിഹാരങ്ങള്‍ക്ക് ഉത്തരവാദപ്പെട്ട അധികാരകേന്ദ്രങ്ങളില്‍ സമരസമ്മര്‍ദ്ദം ചെലുത്തുന്നതിന് പകരം പ്രശ്‌നത്തിന്റെ ദിശതിരിച്ച് വ്യാജശത്രുക്കളെ മലയോര ജനതയ്ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ആസൂത്രിതശ്രമമാണ് നിലവില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. മലയോര ജനതയുടെ ജീവല്‍പ്രശ്‌നങ്ങളുടെ കാര്യകാരണങ്ങളെ വിചാരണ ചെയ്യാനുള്ള സമരധീരത പുലര്‍ത്താതെ, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നവരാണ് മലയോരവാസികളുടെ ശത്രുക്കളെന്ന് സ്ഥാപിച്ചെടുക്കാനുള്ള കുടിലബുദ്ധിക്ക് പിന്നിലെ രാഷ്ട്രീയ- സാമ്പത്തിക താല്‍പ്പര്യങ്ങള്‍ തിരിച്ചറിയുകയെന്നത് തീര്‍ച്ചയായും ഏറെ പ്രധാനമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

പരിസ്ഥിതി പ്രവര്‍ത്തകരേയും കവികളേയുമെല്ലാം മലയോരജനതയുടെ എതിര്‍ഭാഗം പ്രതിഷ്ഠിക്കുന്ന ഈ വ്യാജവൈരുധ്യനിര്‍മാണത്തിന്റെ പ്രായോജകര്‍ പാരിസ്ഥിതിക കൊള്ളക്കാരും, ജനവിരുദ്ധമായ വന്‍കിട പദ്ധതികളില്‍ നിന്ന് കോടികള്‍ കമ്മീഷനടിക്കാന്‍ കൊതിച്ചിരിക്കുന്ന ഭരണപ്രഭുക്കന്‍മാരുമെല്ലാമാണെന്നത് കാണാതിരുന്നുകൂടാ.

കേരളത്തിന്റെ പ്രകൃതി വിഭവങ്ങള്‍ വന്‍തോതില്‍ ചൂഷണം ചെയ്യാനും കൊള്ളയടിക്കാനുമുള്ള കോര്‍പ്പറേറ്റ് സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് ന്യായീകരണവും മറയുമായി മലയോര ജനതയുടെ ദുരിതാനുഭവങ്ങളെ ദുരുപയോഗം ചെയ്യാനുള്ള ഈ ശ്രമത്തെ അര്‍ഹമായ ഗൗരവത്തോടെയും ജാഗ്രതയോടെയും പ്രതിരോധിക്കാനുള്ള ബാധ്യത മുഴുവന്‍ ജനാധിപത്യ വിശ്വാസികള്‍ക്കുമുണ്ടെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ജനജീവിതത്തെ മുന്‍നിര്‍ത്തിയും സാധാരണക്കാരുടെ സൈ്വര്യജീവിതം ഉറപ്പുവരുത്തിയും തന്നെ പരിസ്ഥിതി സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും തീരുമാനങ്ങള്‍ ഉണ്ടാവുകയും വേണം. പക്ഷേ അത് കോര്‍പ്പറേറ്റുകളുടെ നഗ്‌നമായ കൊള്ളക്ക് കുഴലൂത്താവാന്‍ പാടില്ല. കര്‍ഷകരടങ്ങുന്ന ജനസാമാന്യത്തിന്റെ ജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ ദുരിതപൂര്‍ണമാക്കുന്നത് തെറ്റായ കാര്‍ഷിക സമ്പദ്ശാസ്ത്ര ഭരണനയങ്ങളാണ്. കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാര്‍ഷിക വിഭവങ്ങള്‍ക്ക് അര്‍ഹമായ വിലയോ കൃത്യമായ താങ്ങുവില സംരക്ഷണമോ നല്‍കാന്‍ സാധിക്കാത്തതും സബ്‌സിഡി അടക്കമുള്ള കാര്‍ഷിക പിന്തുണ സംവിധാനങ്ങള്‍ ഘട്ടം ഘട്ടമായി ഇല്ലാതായതുമാണ് കര്‍ഷകര്‍ ഇന്നനുഭവിക്കുന്ന ഏറ്റവും രൂക്ഷമായ പ്രതിസന്ധിയുടെ അടിസ്ഥാനകാരണം.

ഇത് ചര്‍ച്ചയാവാതെ പരിസ്ഥിതി നിയമങ്ങളും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നവരുമാണ് കര്‍ഷകരുടെ ശത്രു എന്ന് വരുത്തി തീര്‍ക്കുന്നത് തീര്‍ച്ചയായും പ്രതിലോമകരമായ ഒരു രാഷ്ട്രീയമാണ്. ഈ കാര്യങ്ങളില്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കേണ്ട ഭരണകൂടത്തെയും അധികാര രാഷ്ട്രീയത്തെയും ചര്‍ച്ചയുടെ കേന്ദ്ര സ്ഥാനത്ത് കൊണ്ടുവരാത്ത വൈകാരിക പ്രതികരണമായി അത് മാറുന്നതിന് പിന്നിലെ രാഷ്ട്രീയ ദുസ്സാമര്‍ത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ക്കെതിരായി നിലവില്‍ സൈബറിടത്തില്‍ നടക്കുന്ന സംഘടിതാക്രമണത്തിന് പിറകില്‍ മഹാഭൂരിഭാഗവും കേരളത്തിലെ ഭരണ മുന്നണിയുടെ വക്താക്കള്‍ കൂടിയാണെന്നത് ശ്രദ്ധേയവുമാണ്.

സംവാദത്തിനും ചര്‍ച്ചകള്‍ക്കും പകരം പുസ്തകം കത്തിക്കുകയും അഭിപ്രായം പറയുന്നവരെ സംഘടിതമായി ആക്രമിക്കുകയും ചെയ്യുന്ന സമീപനങ്ങള്‍ ഒരു ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ല. അംബേദ്കര്‍ സവര്‍ണാധിപത്യത്തിന്റെയും ജാതി അക്രമത്തിന്റെയും മാനിഫെസ്റ്റോയായ മനുസ്മൃതി കത്തിച്ചതിനോട്, ഒരു കവിയുടെ സര്‍ഗാത്മകമായ ആവിഷ്‌കാരത്തെ കത്തിച്ചു ചാമ്പലാക്കിയ സംഭവത്തെ താരതമ്യം ചെയ്യുന്ന ന്യായീകരണ തൊഴിലാളികള്‍ ഒരു രാഷ്ട്രീയവുമുള്ളില്‍ പേറാത്ത അക്രമകാരികളായ ആള്‍ക്കൂട്ടങ്ങള്‍ മാത്രമാണെന്നും ജാനധിപത്യവേദി പ്രസ്താവനയില്‍ പറഞ്ഞു.

സമകാലിക കവിതയിലെ ഏറ്റവും എല്ലുറപ്പുള്ള ശബ്ദങ്ങളില്‍ ഒന്നാണ് വീരാന്‍കുട്ടിയുടെ കവിതകള്‍. കവിതയുടെ സൗന്ദര്യാത്മക മൂല്യങ്ങള്‍ കൊണ്ട് മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യം, പാരിസ്ഥിതിക ജാഗ്രത, ജനാധിപത്യബോധം തുടങ്ങിയ പുതിയ കാലത്തിന്റെ രാഷ്ട്രീയ ജാഗ്രതയെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നത് കൊണ്ട് കൂടിയാണ് അദ്ദേഹത്തിന്റെ കവിതകള്‍ കാലത്തോട് സംവദിക്കുന്നത്.

സഖാവ് ടി.പി. ചന്ദ്രശേഖരന്റെ ഉജ്ജ്വല രക്തസാക്ഷിത്വം മുന്‍നിര്‍ത്തി അദ്ദേഹം രചിച്ച ‘രക്തം സാക്ഷി’ എന്ന കവിത സാംസ്‌കാരിക കേരളം സമരോത്സുകമായി ഏറ്റെടുക്കുകയുണ്ടായി. ‘മണ്‍വീറ്’ എന്ന കവിത തന്നെ സ്വന്തം മണ്ണ് നെഞ്ചോട് ചേര്‍ത്ത് പൊരുതിയ, പൊരുതി കൊണ്ടിരിക്കുന്ന ലോകമെമ്പാടുമുള്ള പാവപ്പെട്ട സര്‍വ മനുഷ്യരോടുമുള്ള ഐക്യദാര്‍ഢ്യമാണ്.

അത്തരമൊരു കവിയെ സംഘടിതാക്രമണത്തിലൂടെ രാഷ്ട്രീയമായി അപസ്ഥാനപ്പെടുത്തി അപമാനിച്ച് അവസാനിപ്പിച്ചുകളയാമെന്ന ചിലരുടെ മൗഢ്യം തീര്‍ച്ചയായും പരിഹാസ്യമാണ്. മലയാളത്തിന്റെ പ്രിയ കവി വീരാന്‍കുട്ടിയോട് ഐക്യപ്പെടാനും, കേരളം പൊരുതിപ്പണിഞ്ഞ പാരിസ്ഥിതികാവബോധത്തിന്റെ രാഷ്ട്രീയത്തെ തുടര്‍ന്നും കാത്തുസംരക്ഷിക്കാനും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Janadhipathya Vedi District comity said that the burning of poet Veerankutty’s book ‘Manveer’ is objectionable

We use cookies to give you the best possible experience. Learn more