തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച ജനതാദള്‍ (എസ്) ആലപ്പുഴ ജില്ലാ സെക്രട്ടറി എം. സുഭാഷിനോട് പാര്‍ട്ടി രാജി ആവശ്യപ്പെട്ടു. തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണം നടത്താന്‍ കാരണമായ ഹര്‍ജി കോട്ടയം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത് സുഭാഷായിരുന്നു.
കേസ് നല്‍കിയതിലുള്ള അതൃപ്തി മൂലമാണ് ഇയാളുടെ രാജി ആവശ്യപ്പെട്ടതെന്ന് കേരളാ കൗമുദിയാണ് റിപ്പോര്‍ട്ട ചെയ്തത്. ജനതാദള്‍ (എസ്) നേതാക്കളായ മാത്യൂ. ടി.തോമസും കൃഷ്ണന്‍ കുട്ടിയും ഇക്കാര്യം ആവശ്യപ്പെട്ടുവെന്നും സുഭാഷ് തന്റെ രാജി നാളെ ജില്ലാ പ്രസിഡന്റിന് കൈമാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തന്റെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് പോകുന്ന റോഡിനായി ഭൂമി കൈയേറിയെന്നും നിര്‍മ്മാണത്തിനായി എം.പി ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപയും ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ നിന്ന് 35 ലക്ഷം രൂപയും ചെലവഴിച്ചെന്നും ആരോപിച്ചാണ് അഭിഭാഷകന്‍ കൂടിയായ സുഭാഷ് ഹര്‍ജി നല്‍കിയിരുന്നത്.
ഹര്‍ജിക്കാരന്റെ ആരോപണം ഗൗരവമാണെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചതിലൂടെ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ഭൂമികൈയേറിയെന്ന കേസില്‍ മന്ത്രിക്കെതിരായ ആദ്യ അന്വേഷണമാണിത്.
ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ലേക്പാലസ് റിസോര്‍ട്ടിലേയ്ക്ക് രണ്ടര ഏക്കര്‍ നിലം നികത്തി റോഡു നിര്‍മിച്ചെന്ന പരാതിയില്‍ കോട്ടയം വിജിന്‍സ് കോടതി ജഡ്ജി വി.ദിലീപാണ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടത്. റോഡ് നിര്‍മാണത്തിന് എം.പി ഫണ്ട് അനുവദിപ്പിച്ച് സര്‍ക്കാര്‍ ഖജനാവിന് അറുപത്തിയഞ്ച് ലക്ഷം രൂപ നഷ്ടമുണ്ടാക്കി എന്ന പരാതിക്കാരന്റെ വാദം കോടതി അംഗീരിച്ചിരുന്നു.