| Friday, 20th July 2018, 6:46 pm

പീഡനവിവരം മറച്ചുവെച്ചു; ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കുട്ടികളുടെ പീഡനവിവരം മറച്ചുവെച്ചതിന് ജനസേവാ ശിശുഭവന്‍ ചെയര്‍മാനെ അറസ്റ്റ് ചെയ്തു. കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട വിവരം പൊലീസില്‍ അറിയിക്കാതെ മറച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

പോക്‌സോ നിയമപ്രകാരമാണ് ജോസ് മാവേലിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പീഡനവിവരങ്ങള്‍ മറച്ചുവെച്ചതിന് കമ്പ്യൂട്ടര്‍ അധ്യാപകന്‍ റോബിനെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട. ശിശുഭവനിലെ കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി മുന്‍ അന്തേവാസിയും അറസ്റ്റിലായിട്ടുണ്ട്. ജനസേവാ ശിശുഭവനിലെ അഞ്ച് കുട്ടികളാണ് തങ്ങള്‍് ലൈംഗിക പീഡനത്തിനിരയാക്കപ്പെട്ടെന്ന് പരാതി നല്‍കിയിരുന്നത്.

ജനസേവാ ശിശുഭവനിലെ ജീവനക്കാരില്‍ നിന്നും കടുത്ത മാനസിക ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നതായി കുട്ടികള്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. അശ്ലീല ചിത്രങ്ങള്‍ നിര്‍ബന്ധിച്ച് കാണിച്ചിരുന്നെന്നും ഇതിനെ എതിര്‍ത്താലും കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നെന്നും കുട്ടികള്‍ വ്യക്തമാക്കിയിരുന്നു.


Also Read: വിനായകന്റെ ആത്മഹത്യയ്ക്ക് ഒരുവര്‍ഷം; എങ്ങുമെത്താതെ അന്വേഷണം


ജീവനക്കാര്‍ ബെല്‍റ്റുകൊണ്ടും കേബിള്‍കൊണ്ടും അടിക്കുമായിരുന്നെന്നും ഏതെങ്കിലും ജീവനക്കാരനെതിരെ പരാതിപ്പെട്ടാല്‍ ഇതിലും കടുത്ത പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നുവെന്നും കുട്ടികള്‍ പരാതിയില്‍ പറഞ്ഞിരുന്നു.

ജീവനു വരെ ഭീഷണിയുണ്ടാക്കുന്ന മര്‍ദ്ദനങ്ങളാണ് തങ്ങള്‍ നേരിട്ടിരുന്നതെന്ന് വെളിപ്പെടുത്തിയ കുട്ടികള്‍ ചെയര്‍മാനോട് പരാതികള്‍ അവതരിപ്പിക്കാന്‍ പോലും അവസരം കിട്ടിയിരുന്നില്ലെന്നും പറഞ്ഞിരുന്നു.

ആലുവ ജനസേവാ ശിശുഭവനിലെ അന്തേവാസികളായ കുട്ടികള്‍ക്കു ശാരീരിക-മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായി സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more