Film News
ഇവിടെ നോട്ടും നിരോധിക്കും, വേണ്ടി വന്നാല്‍ വോട്ടും നിരോധിക്കും, ഇത് ഇന്ത്യയല്ലേ; ജന ഗണ മന ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 30, 12:58 pm
Wednesday, 30th March 2022, 6:28 pm

ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടും പ്രധാനവേഷത്തിലെത്തുന്ന ജന ഗണ മനയുടെ ട്രെയ്‌ലര്‍ പുറത്ത്. ടീസര്‍ പുറത്ത് വന്നപ്പോഴുള്ളത് പോലെ തന്നെ വ്യക്തമായ രാഷ്ട്രീയമാണ് ട്രെയ്‌ലറിലും കാണിക്കുന്നത്.

‘ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത്’ എന്ന ഡയലോഗാണ് ടീസര്‍ പുറത്ത് വന്നപ്പോള്‍ ചര്‍ച്ചയായതെങ്കില്‍ ‘ഇവിടെ നോട്ടും നിരോധിക്കും, വേണ്ടി വന്നാല്‍ വോട്ടും നിരോധിക്കും, ഒരുത്തനും ചോദിക്കില്ല, കാരണം ഇത് ഇന്ത്യയല്ലേ,’ എന്ന ഡയലോഗായിരിക്കും ശ്രദ്ധിക്കപ്പെടാന്‍ പോകുന്നത്.

ട്രെയ്‌ലറിന്റെ അവസാനം കാണിക്കുന്ന സ്‌ഫോടനവും പ്രേക്ഷകരുടെ ആകാംഷ ഉയര്‍ത്തുകയാണ്. സുരാജ് പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക.

ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജന ഗണ മന.

പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജെക്സ് ബിജോയ്.

ജന ഗണ മന 2021 പകുതിയോടെ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കൊവിഡ് മൂലം നീട്ടിവെക്കുകയായിരുന്നു.

Content Highlight: jana gana mana trailer out starring prithviraj and suraj venjaramood