|

പരിചയപ്പെട്ടപ്പോള്‍ ഒരു പാവം മനുഷ്യന്‍, വര്‍ത്തമാനം പറയുന്നത് കേള്‍ക്കുന്നു പോലുമില്ല; കോളേജിലെത്തിയപ്പോളാണ് മനസിലായത് ആ തീയാണ് ഈ എഴുത്തിലുള്ളതെന്ന്: ധ്രുവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന ഏപ്രില്‍ 28ന് റിലീസ് ചെയ്തിരിക്കുകയാണ്. ഇതിനോടകം പുറത്തുവന്ന ചിത്രത്തിന്റെ ടീസര്‍, ട്രെയ്‌ലര്‍, പ്രൊമോ എന്നിവക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഡിജോ ജോസ് ആന്റണിയുടെ തന്നെ ആദ്യ ചിത്രമായ ക്വീനിലൂടെ ശ്രദ്ധ നേടിയ ധ്രുവനും ജന ഗണ മനയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ക്വീനിന്റെ കൂടെ തിരക്കഥാകൃത്തായ ഷാരിസ് മുഹമ്മദിനെപറ്റി സംസാരിക്കുകയാണ് മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ ധ്രുവന്‍.

”ഷാരിസ്‌ക്കാനെ പറ്റി പറയുകയാണെങ്കില്‍, ആദ്യം ക്വീനിന്റെ സമയത്ത് സ്‌ക്രിപ്റ്റ് റൈറ്ററാണ്, എന്ന് പറഞ്ഞ് ഞങ്ങള്‍ പരിചയപ്പെട്ടു.

പരിചയപ്പെട്ടപ്പോള്‍ വളരെ പാവമായിട്ടുള്ള ഒരു മനുഷ്യന്‍. വര്‍ത്തമാനം പറയുന്നത് കേള്‍ക്കുക പോലുമില്ല. സ്‌ക്രിപ്റ്റ് എന്താണ് എന്നുള്ളത് നമ്മള്‍ ചെവി ചേര്‍ത്ത്പിടിച്ചാണ് കേള്‍ക്കുന്നത്.

അത്രയും വിനയത്തോടെയാണ് സംസാരിക്കുക. അപ്പൊ ഞങ്ങള്‍ വിചാരിച്ചു, ഭയങ്കര പാവമാണല്ലോ, മിണ്ടുന്നത് പോലുമില്ലല്ലോ എന്ന്.

അവസാനം പ്രൊമോഷന്റെ സമയത്ത് ഞങ്ങള്‍ കോളേജില്‍ പോയി. അവിടെ എത്തിയപ്പോള്‍ ഇങ്ക്വിലാബ് വിളികളുമൊക്കെയായി പിള്ളേരുടെ ആ തീ കണ്ടു.

അപ്പോ ഇങ്ക്വിലാബ് വിളിച്ചുകൊണ്ട് മുന്നിലേക്ക് വന്നുനില്‍ക്കുന്ന ഷാരിസിനെ ഞാന്‍ കണ്ടു. അപ്പൊ എനിക്ക് മനസിലായത്, ഈ തീയാണല്ലേ ഈ എഴുത്തിലൂടെ വന്നുകൊണ്ടിരിക്കുന്നത് എന്ന്,” ധ്രുവന്‍ പറഞ്ഞു.

മംമ്ത മോഹന്‍ദാസ്, ശാരി, വിന്‍സി അലോഷ്യസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ക്യാംപസ് കഥയുടെ കൂടി പശ്ചാത്തലം പറഞ്ഞുകൊണ്ട് ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയായിരിക്കും ജന ഗണ മനയെന്നാണ് സൂചന.

Content Highlight: Jana Gana Mana star Dhruvan about script writer Sharis Mohammed