| Friday, 29th April 2022, 1:05 pm

ഫസ്റ്റ് ഹാഫില്‍ കയ്യടിച്ച സെക്കന്റ് ഹാഫില്‍ കയ്യടിക്കാത്ത പ്രേക്ഷകര്‍ക്ക് നന്ദി: ജന ഗണ മന തിരക്കഥാകൃത്തും സംവിധായകനും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗംഭീര പ്രതികരണവുമായി മുന്നേറുകയാണ് ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഡിജോ ജോസഫ് സംവിധാനം ചെയ്ത് പൃഥ്വിരാജും സുരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജന ഗണ മന. സമീപകാലത്ത് മലയാളത്തിലിറങ്ങിയ സിനിമകളില്‍ ഇത്രയും കയ്യടി കിട്ടിയ മറ്റൊരു ചിത്രമില്ലെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതില്‍ ഒരു സംശയവും തങ്ങള്‍ക്കില്ലായിരുന്നെന്നും ഈ കയ്യടി തങ്ങള്‍ പ്രതീക്ഷിച്ചിരുന്നെന്നും പറയുകയാണ് സംവിധായകന്‍ ഡിജോയും തിരക്കഥാകൃത്ത് ഷാരിസും. ബിഹൈന്‍ഡ് വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു ഇരുവരും.

‘ റിലീസിന്റെ തലേദിവസം ഡിജോയും ഞാനും മ്യൂസിക് ഡയരക്ടര്‍ ജേക്‌സും ഇരുന്ന് സിനിമയുടെ സക്‌സസ് ക്രൈറ്റീരിയയെ കുറിച്ച് സംസാരിച്ചിരുന്നു. ഫസ്റ്റ് ഹാഫില്‍ ഇന്ന പോയിന്റില്‍ ഓഡിയന്‍സ് കയ്യടിക്കുകയും, സെക്കന്റ് ഹാഫില്‍ ഇന്ന പോയിന്റില്‍ കയ്യടിക്കുകയും ചെയ്തില്ലെങ്കില്‍ പടം സക്‌സസ് ആണെന്നായിരുന്നു ഞങ്ങള്‍ പറഞ്ഞത്.

ഒരു തരത്തില്‍ അത് ഞങ്ങള്‍ എടുത്ത റിസ്‌കാണ്. അല്ലെങ്കില്‍ സെക്കന്റ് ഹാഫില്‍ ആ പ്രത്യേക ഡയലോഗ് പോലും നില്‍ക്കില്ല. ഇന്ന് ഒരു നാല് ഷോ കണ്ടു. എന്റെ ഏറ്റവും വലിയ ക്യൂരിയോസിറ്റി എന്ന് പറയുന്നത് ഫസ്റ്റ് ഹാഫില്‍ ആ പോയിന്റില്‍ ആളുകള്‍ കയ്യടിക്കുന്നുണ്ടോ എന്നതായിരുന്നു.

കയ്യടിക്കുന്നത് കണ്ടപ്പോള്‍ ഇന്റര്‍വെല്ലില്‍ ഞാന്‍ ജേക്‌സിനെ വിളിച്ചു. സെക്കന്റ് ഹാഫ് കാണേണ്ടതില്ലെന്നും ഫസ്റ്റ് ഹാഫില്‍ ആ പോയിന്റില്‍ ആളുകള്‍ കയ്യടിച്ചെന്നും പടം വര്‍ക്ക് ആണെന്നും പറഞ്ഞു. അത് ഞങ്ങളുടെ ഒരു പ്രാര്‍ത്ഥനായിരുന്നു. ഫസ്റ്റ് ഹാഫില്‍ കയ്യടിച്ച സെക്കന്റ് ഹാഫില്‍ കയ്യടിക്കാത്ത പ്രേക്ഷകര്‍ക്ക് നന്ദി, ഷാരിസ് പറഞ്ഞു.

എന്നാല്‍ സെക്കന്റ് ഹാഫിന് ശേഷം കയ്യടിച്ചവര്‍ക്ക് കൂടി നന്ദി പറയണമെന്നായിരുന്നു ഡിജോ കൂട്ടിച്ചേര്‍ത്തത്. ‘ഇത് കണ്ട് കയ്യടിച്ചാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് ദയവുചെയ്ത് പ്രേക്ഷകര്‍ തെറ്റിദ്ധരിക്കരുതെന്നും കയ്യടിക്കുന്നതുകൊണ്ട് പ്രശ്‌നമൊന്നും ഇല്ലെന്നും ഇതൊക്കെ ഓരോരുത്തരുടേയും ഉള്ളില്‍ നിന്ന് വരുന്നതാണെന്നും ഡിജോ കൂട്ടിച്ചേര്‍ത്തു.

കയ്യടി ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. കയ്യടിക്കണം എന്ന് വിചാരിച്ചുതന്നെയാണ് ചെയ്തത്. കുറേ നാളത്തെ അധ്വാനമാണ്. ഇതൊരും കൊവിഡ് സിനിമ തന്നെയാണ്. കയ്യടി തന്നെയാണ് അതിന്റെ ഉത്തരം. കയ്യടിക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ആവേശമാണ് തോന്നിയത്. ഞാന്‍ ഷാരിസിന്റെ കൈ മുറുകെ പിടിച്ചിരുന്നാണ് സിനിമ കണ്ടത്. ഇത് ഒരാളുടെ മാത്രം അധ്വാനമല്ല. ഒരു ടീം സിനിമയാണ്. ഓരോരുത്തരുടേയും എഫേര്‍ട്ടാണ്. ഇത്രയും നാളത്തെ എഫേര്‍ട്ടിന് ലഭിച്ച ഉത്തരമാണ് ഈ കയ്യടി, ഡിജോ പറഞ്ഞു.

ക്വീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലൊരുക്കിയ രണ്ടാമത്തെ സിനിമയാണ് ജന ഗണ മന. ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‌സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജേക്‌സ് ബിജോയ്.

Content Highlight: Jana Gana Mana Script Writer Sharis Muhammed about the movie and claps

We use cookies to give you the best possible experience. Learn more