അരിയും പഞ്ചസാരയും മാത്രമല്ല സര്‍ക്കാരുകളെ വരെ വിലക്ക് വാങ്ങാന്‍ കഴിയുന്ന രാജ്യത്ത് വിലക്ക് വാങ്ങാന്‍ കഴിയാത്തത് വിദ്യാര്‍ത്ഥി സംഘടനകളെ മാത്രമാണെന്ന് ജന ഗണ മനയുടെ തിരക്കഥകൃത്ത് ഷാരിസ് മുഹമ്മദ്.
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വേരില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാരിസ്. വിദ്യാര്‍ത്ഥി സംഘടനകളെ വിലയ്ക്കെടുക്കാന്‍ കഴിയുന്ന ഒരു തുലാസും നിര്‍മിക്കപ്പെട്ടിട്ടില്ലയെന്നും ഷാരിസ് പറയുന്നു.
‘ ഈ രാജ്യത്ത് പൈസ കൊടുത്താല്‍ അരിയും മണ്ണണ്ണയും മാത്രമല്ല സര്‍ക്കാരിനെയും വിലയ്ക്ക് വാങ്ങാന്‍ പറ്റുന്ന കാലമാണിത്. പക്ഷെ വിലക്കെടുക്കാന്‍ കഴിയാത്തത് വിദ്യാര്‍ത്ഥി സംഘടനകളെ മാത്രമാണ്. വിദ്യാര്‍ത്ഥി സംഘടനകളെ വിലയ്ക്കെടുക്കാന്‍ കഴിയുന്ന ഒരു തുലാസും നിര്‍മിക്കപ്പെട്ടിട്ടില്ല.’, ഷാരിസ് പറഞ്ഞു.
ഇതിനൊപ്പം തന്നെ ജന ഗണ മനയുടെ റിലീസിന് ശേഷം എസ്.ഡി.പി.ഐ, ഫ്രറ്റേണിറ്റി നേതാക്കള്‍ പരിപാടികളിലേക്ക് വിളിച്ചിട്ടും പോകാത്തതിന്റെ കാരണവും ഇതേ വേദിയില്‍ ഷാരിസ് പറയുന്നുണ്ട്.
എസ്.ഡി.പി ഐ.യെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ആവശ്യമായിരുന്നത് തന്റെ പേരിന് അറ്റത്തുള്ള മുഹമ്മദിനെ ആയിരുന്നുവെന്നാണ് ഷാരിസ് പറഞ്ഞത്.
‘ജന ഗണ മന റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐ അവരുടെ പരിപാടിയിലേക്ക് വിളിച്ചു, ഞാന്‍ വരില്ലെന്ന് പറഞ്ഞു. അവര്‍ക്ക് വേണ്ടത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു.
അത് കഴിഞ്ഞ് ഫ്രറ്റേണിറ്റിയുടെ നേതാവ് അവരുടെ ഇസ് ലാമോഫോബിയ സമ്മേളനത്തിലേക്ക് വിളിച്ചു, ഞാന്‍ ചോദിച്ചു, എനിക്കെന്ത് ഇസ് ലാമോഫോബിയയെന്ന്.’, ഷാരിസ് കൂട്ടിച്ചേര്‍ത്തു.
എം.എസ്.എഫിന്റെ പരിപാടിക്ക് പോയിട്ട് അവാര്‍ഡ്
നിഷേധിക്കുന്നുവെങ്കില്‍ ആ നഷ്ടമാണ് എനിക്ക് ഏറ്റവും ലഭിക്കുന്ന ഏറ്റവും വലിയ അവാര്‍ഡെന്നുമാണ് ഷാരിസ് പറഞ്ഞത്.
‘ഞാനെന്റെ സുഹൃത്തുക്കളില്‍ ചിലരോട് എം.എസ്.എഫിന്റെ വേര് പരിപാടിയില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോള്‍ നിന്റെ സിനിമയൊക്കെ നല്ല രീതിയില്‍ പോകുന്നുണ്ട്. നല്ല ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നീയതിനൊക്കെ പോയാല്‍ അടുത്ത തവണത്തെ അവാര്‍ഡിന് പരിഗണിക്കില്ലെന്നാണ് അവര്‍ പറഞ്ഞത്.
എം.എസ്.എഫിന്റെ ക്യാമ്പിന് പോയതിന്റെ പേരില്‍ അര്‍ഹതപ്പെട്ട ഒരു അവാര്‍ഡ് കിട്ടുന്നില്ലെങ്കില്‍ ആ നഷ്ടമാണ് എനിക്കുള്ള ഏറ്റവും വലിയ അവാര്‍ഡ്’, ഷാരിസ് പറയുന്നു.
കെ റെയിലിനെയും ഷാരിസ് വിമര്‍ശിക്കുന്നുണ്ട്. കെ റെയിലിനെ കുറിച്ച് ഒരു കവിതയെഴുതിയതിന്റെ പേരില്‍ റഫീഖ് അഹമ്മദിനെ സൈബറിടങ്ങളില്‍ അപമാനിച്ചെന്നും എനിക്കൊരു കെ റെയിലും വേണ്ടെന്നുമാണ് ഷാരിസ് പറഞ്ഞത്.
‘കെ റെയിലിനെ കുറിച്ച് ഒരു കവിതയെഴുതിയതിന്റെ പേരില്‍ റഫീഖ് അഹമ്മദിനെ സൈബറിടങ്ങളില്‍ അപമാനിച്ചു. എനിക്കൊരു കെ റെയിലും വേണ്ട, ആ രണ്ട് മണിക്കൂറിന്റെ ലാഭവും വേണ്ട’, ഷാരിസ് പറഞ്ഞു.
ജന ഗണ മന തിയേറ്ററുകളില്‍ വലിയ വിജയമായിരുന്നു നേടിയിരുന്നത്. ചിത്രം 50 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. 2018ല്‍ ഒരു കൂട്ടം പുതുമുഖങ്ങളുമായെത്തിയ ഡിജോ ജോസ് ചിത്രം ക്വീനിലൂടെയാണ് ഷാരിസ് മലയാള സിനിമയിലെത്തുന്നത്. ആദ്യ രാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങള്‍ക്കും ഷാരിസ് തിരക്കഥ എഴുതിയിട്ടുണ്ട്.