| Thursday, 28th April 2022, 9:25 pm

Jana Gana Mana Review | ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുടെ ജന ഗണ മന

അന്ന കീർത്തി ജോർജ്

സമീപകാല ഇന്ത്യയില്‍ നടക്കുന്ന നിരവധി സംഭവങ്ങളെയും ചര്‍ച്ചകളെയും വളരെ ഇന്‍ട്രസ്റ്റിങ്ങായ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന, ത്രില്ലര്‍ ഫീല്‍ തരുന്ന സിനിമയാണ് ഡിജോ ജോസ് ആന്റണിയുടെ ജന ഗണ മന. സിനിമ കണ്ട് ആദ്യം കയ്യടിപ്പിച്ചവരെ കൊണ്ടുതന്നെ പിന്നീട് ഇരുത്തി ചിന്തിപ്പിക്കാന്‍ സിനിമക്ക് കഴിയുന്നുണ്ട്. പഞ്ച് ഡയലോഗുകളിലൂടെയും സൂക്ഷ്മമായി തയ്യാറാക്കിയ തിരക്കഥയിലൂടെയും ഈ സമൂഹത്തിന്റെ പൊതുബോധത്തെ പിടിച്ചു കുലുക്കുകയാണ് ജന ഗണ മന.

വളരെ വലിയ ഒരു സിനിമയാണ് ജന ഗണ മന. സിനിമയുടെ ദൈര്‍ഘ്യമല്ല, കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ബാഹുല്യമാണ് ഇതിന് കാരണം. ജാതീയ വിവേചനം മുതല്‍ രാജ്യദ്രോഹി പട്ടം ചാര്‍ത്തി കൊടുക്കല്‍ വരെയുള്ള വിഷയങ്ങളും, ഏറെ ചര്‍ച്ചയായ സംഭവങ്ങളും ഇമേജറികളുമെല്ലാം സിനിമയില്‍ കടന്നുവരുന്നുണ്ട്. ഇതിനെയെല്ലാം പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു ത്രില്ലര്‍ തിരക്കഥയൊരുക്കാന്‍ ഷാരിസ് മുഹമ്മദിന് കഴിഞ്ഞിരിക്കുന്നിടത്താണ് ഈ സിനിമയുടെ വിജയം.

നിരവധി സമകാലീന വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യുന്ന ഒരു സിനിമ, അതും കൃത്യമായ നിലപാടുകള്‍ പറയണമെന്ന ഉദ്ദേശത്തോടെ തന്നെ എടുത്തിരിക്കുന്ന ഒരു സിനിമ, ക്ലാസ് റൂം ലെക്ച്ചറായി പോകാനുള്ള വലിയ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ആ ഒരു ട്രാക്കിലേക്ക് നീങ്ങാതെ സിനിമയെ ഒരുക്കിയെടുക്കാന്‍ ഡിജോ ജോസ് ആന്റണിക്കും ഷാരിസ് മുഹമ്മദിനും കഴിഞ്ഞിട്ടുണ്ട്.

വിവിധ സംഭവങ്ങളെ കുറിച്ച് അത്യാവശ്യം കൃത്യമായി തന്നെ പഠിച്ച്, ഓരോ വിഷയങ്ങളിലും സമൂഹം സ്വീകരിക്കുന്ന നിലപാട് എന്താണെന്നും എങ്ങനെയാണ് ആ നിലപാട് രൂപപ്പെടുന്നതെന്നും മനസിലാക്കി, അതിനെല്ലാം ശേഷമാണ് ഈ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

മീഡിയ എങ്ങനെ അജണ്ട സെറ്റ് ചെയ്യുന്നു, എന്താണ് പ്രധാന വിഷയമെന്നും എന്തിനെ കുറിച്ചാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും തീരുമാനിക്കുന്നു, പൊളിറ്റിക്കല്‍ പവറുള്ളവര്‍ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അധികാര സ്ഥാനങ്ങളിലുള്ളവര്‍ എങ്ങനെ മീഡിയയെ യൂസ് ചെയ്യുന്നു, ഈ ജനരോഷമൊക്കെ ശരിക്കും രൂപപ്പെടുന്നത് എങ്ങനെയാണ്, എന്തിന്റെയെല്ലാം അടിസ്ഥാനത്തിലാണ് തുടങ്ങിയ കാര്യങ്ങളെല്ലാം ഓരോരോ അടരുകളായി തുറന്നുവരുന്നത് ഈ സിനിമക്ക് വേണ്ടി നടത്തിയ ബാക്ക് ഗ്രൗണ്ട് വര്‍ക്ക് വ്യക്തമാക്കുന്നതായിരുന്നു.

സിനിമയുടെ സെക്കന്റ് ഹാഫ്, ഒന്നിനു പുറകെ ഒന്നായി എത്തുന്ന ട്വിസ്റ്റുകളിലൂടെ കുറച്ചധികം പാക്കഡ് ആയി ഫീല്‍ ചെയ്‌തെങ്കിലും അതൊരിക്കലും ആസ്വദനത്തെ ഏറെ മോശമായി ബാധിക്കുന്നില്ല.

ജന ഗണ മനയുടെ ടീസറില്‍ നിന്നും ട്രെയ്‌ലറില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്ലോട്ടാണ് സിനിമയുടേത്. പ്രൊമോഷന് വളരെയധികം സഹായിക്കുന്ന രീതിയില്‍, എന്നാല്‍ സിനിമയുടെ യഥാര്‍ത്ഥ സൂചനകളൊന്നും പുറത്തുവിടാതെ, ട്രെയ്‌ലര്‍ തയ്യാറാക്കിയതിന് ഈ ടീമിനെ അഭിനന്ദിച്ചേ മതിയാകൂ.

അവസാനം വരെയും സസ്‌പെന്‍സ് നിലനിര്‍ത്തി പോകുന്ന ഒരു തിരക്കഥയായതുകൊണ്ട് പ്ലോട്ടിനെ കുറിച്ച് അധികം പറയുന്നില്ല. ഈ സിനിമ കൈകാര്യം ചെയ്തതില്‍ ഏറെ ഇഷ്ടപ്പെട്ട ചില വിഷയങ്ങളുണ്ട്, അതിനെ പ്രസന്റ് ചെയ്തിരിക്കുന്ന രീതിയും പൊളിറ്റിക്‌സും മികച്ചു നില്‍ക്കുന്നുണ്ട്.
അതില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്, എന്‍കൗണ്ടര്‍ കില്ലിങ്ങിനെ പല കാഴ്ചപ്പാടുകളില്‍ നിന്ന് കാണിച്ചിരിക്കുന്നതാണ്. എങ്ങനെ പൊലീസിന്റെയും അധികാരമുള്ളവന്റെയും കയ്യിലെ ഒരു ടൂള്‍ മാത്രമാകുന്നു ഈ ‘ഏറ്റുമുട്ടല്‍ കൊല’ എന്ന് സിനിമ വ്യക്തമാക്കി തരും, അതും ഏറ്റവും ബ്രില്യന്റായ രീതിയിലൂടെ.

പലരും കൊല്ലപ്പെടാനും മറ്റു നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്യാനും ജാതി കാരണമാകുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ വളരെ വ്യക്തമായി ഈ സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതല്‍ കോടതി മുറികളില്‍ വരെ ജാതി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതും സിനിമയിലുണ്ട്. ചില മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കാരണം ജാതിയാണ് എന്ന രീതിയിലുള്ള ഡയലോഗ് മലയാളത്തിലെ ഒരു കൊമേഴ്‌സ്യല്‍ സിനിമയില്‍ വന്നത് ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു.

ജന ഗണ മന കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ പ്രേക്ഷകരുടെ കാഴ്ചപ്പാടുകളില്‍ ഒരു മാറ്റം സംഭവിക്കും, അതിന്റെ ഇംപാക്ട് സിനിമക്ക് ശേഷം എത്ര നേരം നില്‍ക്കുമെന്ന് അറിയില്ലെങ്കിലും, തിയേറ്ററില്‍ വെച്ച് ഇത് വ്യക്തമായിരുന്നു.

കറുത്ത നിറമുള്ളവരോട്, പണമില്ലാത്തവരോട്, ചില സാമൂഹ്യ ചുറ്റുപാടുകളിലുള്ളവരോട്, ദളിതരോട് തുടങ്ങിയവരോടെല്ലാം എന്താണ് താന്‍ പുലര്‍ത്തുന്ന മനോഭാവമെന്ന് ഓരോരുത്തരും ആ സിനിമ നടക്കുമ്പോള്‍ തന്നെ ചിന്തിക്കാനൊരു സാധ്യതയുണ്ട്. പ്രോഗ്രസീവാണെന്ന് അഭിമാനിക്കുന്നവരില്‍ പോലും സ്വയം വിലയിരുത്തലിന് വഴിയൊരുക്കാന്‍ സിനിമക്കാകുന്നുണ്ട്.

സിനിമയുടെ ആദ്യ പകുതി സമൂഹം നിലനിര്‍ത്തി പോരുന്ന ക്രൂരമായ ചില അബദ്ധ ധാരണകള്‍ക്കൊപ്പം നീങ്ങുന്നു എന്ന രീതിയില്‍ വരുമ്പോള്‍, അത് കേട്ട് കയ്യടിച്ച പ്രേക്ഷകരുടെ തലയ്ക്ക് നല്ലൊരു കൊട്ടു കൊടുത്തുകൊണ്ടാണ് രണ്ടാം പകുതിയെത്തുന്നത്. ചിത്രത്തിലെ പ്രധാന വേഷത്തിലില്ലാത്ത ഒരു കഥാപാത്രത്തിനോടും പ്രധാന സംഭവത്തോടും ആദ്യ പകുതിയിലും രണ്ടാം പകുതിയിലും പ്രേക്ഷകര്‍ക്ക് തോന്നുന്ന വികാരത്തിലെ വ്യത്യാസം ഇതിന്റെ ഉദാഹരണമാണ്.

നോട്ടും നിരോധിക്കും വോട്ടും നിരോധിക്കും, വേഷം കണ്ടാല്‍ മനസിലാകില്ലേ, റിപ്പബ്ലിക് ടിവിയുടെ രാജ്യദ്രോഹി വിളികള്‍, ഫാസിസത്തിനെതിരെയുള്ള മുദ്രാവാക്യങ്ങള്‍, വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കെതിരെ നടന്ന പൊലീസ് അടിച്ചമര്‍ത്തലുകള്‍ എന്നിങ്ങനെ സംഘപരിവാര്‍ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്ന നിരവധി സീനുകളും സിനിമയിലുണ്ട്. പക്ഷെ നേരത്തെ സൂചിപ്പിച്ച രണ്ട് വിഷയങ്ങളാണ് കൂടുതല്‍ ആഴത്തില്‍ കടന്നുവരുന്നത്.

സിനിമയില്‍ സ്പൂണ്‍ ഫീഡിങ്ങ് മോഡില്‍ പറയുന്ന ഡയലോഗുകളും ഒന്നിനു പുറകെ ഒന്നായി വരുന്ന പഞ്ച് ഡയലോഗുകളുമുണ്ടെങ്കിലും അത് ആ സിനിമയോട് ചേര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു. മാത്രമല്ല, ചില വിഷയങ്ങളെ സംബന്ധിച്ചിടത്തോളം അത് അങ്ങനെ പറയേണ്ടതമുണ്ട്.

ഡിജോ ജോസ് ആന്‍റണി

കോര്‍ട്ട് റൂം ഡ്രാമ ഡിജോ ജോസ് ആന്റണിയുടെ ഇഷ്ടപ്പെട്ട് മേഖലയാണെന്ന് തോന്നുന്നു. ഈ സിനിമയിലും ഒരുപാട് സമയം കോടതി വാദങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ട്. കഥ നടക്കുന്നത് കര്‍ണാടകയിലാണ് നടക്കുന്നതെങ്കിലും സംഭാഷണങ്ങളില്‍ ഭൂരിഭാഗവും മലയാളത്തിലും തമിഴിലുമായി നടക്കുന്നത് ശരിക്കും ഈ പ്ലോട്ട് ഏത് സംസ്ഥാനത്തിലാണെന്ന സംശയുമുണ്ടാക്കിയിരുന്നു.

സുദീപ് എലമോന്റെ ക്യാമറയും ശ്രീജിത്ത് സാരംഗിന്റെ എഡിറ്റിങ്ങും സിനിമയുടെ മാസ് അപ്പീലിനും ഇമോഷണല്‍ കണക്ഷനും ഏറെ സഹായിക്കുന്നുണ്ട്. സ്ലോ മോഷന്‍ സീനുകള്‍ മാത്രമാണ് കുറച്ചധികമുള്ളതു പോലെ തോന്നിയത്. ജേക്ക്‌സ് ബിജോയുടെ ബി.ജി.എമ്മും പാട്ടുകളുമാണ് സിനിമയുടെ ആസ്വദന നിലവാരം ഉയര്‍ത്തുന്നത്.

കഥാപാത്രങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ള ഒരു സിനിമയല്ല ജന ഗണ മന. പ്ലോട്ടിനും അതിലെ പൊളിറ്റിക്‌സിനുമാണ് സിനിമ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ചിലയിടത്തെല്ലാം നാടകീയമാണ് കഥാപാത്രനിര്‍മ്മിതിയും ഡയലോഗുകളും.

സജന്‍ കുമാര്‍ എന്ന സുരാജ് കഥാപാത്രമാണ് സിനിമയില്‍ പ്രധാനമായുമുള്ളത്. തന്റെ റോള്‍ അദ്ദേഹം മികച്ചതാക്കുന്നുണ്ട്. സ്വാഭാവികത കൈവിടാതെ പഞ്ച് ഡയലോഗുകള്‍ പറയാനും സുരാജിന് കഴിയുന്നുണ്ട്. അദ്ദേഹത്തിന്റെ അടുത്ത കാലത്തിറങ്ങിയ സിനിമകളിലേതു പോലെ, പല ലെയറുകളുള്ള ആ ക്യാരക്ടറിനെ കയ്യടക്കത്തോടെ സുരാജ് കൈകാര്യം ചെയ്യുന്നുണ്ട്. വിന്‍സി അലോഷ്യസും വരുന്ന ഭാഗങ്ങള്‍ സ്‌ക്രീന്‍ പ്രസന്‍സ്‌കൊണ്ട് സ്വന്തമാക്കുന്നുണ്ട്.

പൃഥ്വിരാജിന്റെ അരവിന്ദ് സ്വാമിനാഥന്‍ ഡയലോഗുകളിലൂടെ നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും ഇനി വരാന്‍ പോകുന്ന ഭാഗത്തിലായിരിക്കുമെന്ന് തോന്നുന്നു ഇയാളെ കുറിച്ച് കൂടുതല്‍ അറിയാനാകുക. കുറെ സൂചനകളും ചോദ്യങ്ങളും ബാക്കിയാക്കികൊണ്ടാണ് അരവിന്ദ് പോകുന്നത്. പൃഥ്വിരാജ് തരക്കേടില്ലാത്ത പ്രകടനമാണ് നടത്തിയിരിക്കുന്നത്. അതേസമയം ചില അഭിനേതാക്കളുടെ പ്രകടനം മാത്രം അല്‍പം കൈവിട്ടു പോയിരുന്നു. സംവിധാനത്തില്‍ നേരിയ പാളിച്ച തോന്നിയതും ഇത്തരം രംഗങ്ങളിലായിരുന്നു.

ജന ഗണ മന കണ്ടുകൊണ്ടിരിക്കുമ്പോള്‍ പല സമയത്തായി കയ്യടികള്‍ ഉയര്‍ന്നിരുന്നു. അത് ഓരോന്നും വ്യത്യസ്തമായ കാരണങ്ങള്‍ക്കുള്ളതായിരുന്നു. സിനിമയിലെ ആദ്യ ഭാഗത്തെ ഒരു ആക്ഷന് ഉയര്‍ന്ന കയ്യടിയും ആരവവും, അസാധാരണമായിരുന്നില്ലെങ്കിലും ഭയപ്പെടുത്തുന്നതും നിരാശപ്പെടുത്തുന്നതുമായിരുന്നു. എന്നാല്‍ അതേ പ്രേക്ഷകനെ കൊണ്ട് തന്നെ താന്‍ എന്തിന് വേണ്ടിയാണ് കയ്യടിച്ചതെന്ന്, ചെറുതായെങ്കിലും ഒരു കുറ്റബോധത്തോടെ ചിന്തിപ്പിക്കാന്‍ ഈ സിനിമയുടെ അവസാനം സാധിക്കുന്നുണ്ട്.

പൃഥ്വിരാജിന്റെ അരവിന്ദ് സ്വാമിനാഥനെ കുറിച്ചുള്ള ആകാംക്ഷ കൂടി ബാക്കിയാക്കികൊണ്ട് അവസാനിപ്പിക്കുന്ന ജന ഗണ മനയുടെ രണ്ടാം ഭാഗത്തിന് വേണ്ടി പ്രേക്ഷകര്‍ തീര്‍ച്ചയായും കാത്തിരിക്കും.

Content Highlight: Jana Gana Mana Review

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more